അസമില്‍ ഭൂമി കൈയേറ്റം ആരോപിച്ച് ബംഗാളി മുസ്‌ലിങ്ങള്‍ക്ക് നേരെ പൊലീസ് നടത്തിയ നരനായാട്ടിന്റെ ഭീകരമായ ദൃശ്യങ്ങളും വാര്‍ത്തകളുമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഗ്രാമീണര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഇതിനകം രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സദ്ദാം ഹുസൈന്‍, ഷെയ്ക് ഫരീദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ബലം പ്രയോഗിച്ചുള്ള കുടിയൊഴിപ്പിക്കലിനെ എതിര്‍ന്ന ഗ്രാമവാസികള്‍ക്ക് നേരെയാണ് പൊലീസ് നിഷ്ഠൂരമായി നിറയൊഴിച്ചത്. അടിയേറ്റ് നിലത്തുവീഴുന്നവരെ പോലും പൊലീസ് ലാത്തികൊണ്ടും തോക്കുകൊണ്ടും മര്‍ദിക്കുന്നതിന്റെയും, കൊല്ലപ്പെട്ട് കിടക്കുന്നയാളുടെ മൃതദേഹത്തില്‍ പൊലീസിനൊപ്പമുള്ള ഫോട്ടോഗ്രാഫര്‍ ചാടിവീണ് ചവിട്ടുന്നതിന്റെയും, ബുള്‍ഡോസറുകളും മറ്റ് സന്നാഹങ്ങളുമുപയോഗിച്ച് ഗ്രാമീണരുടെ കൂരകള്‍ പൊളിച്ചുമാറ്റുന്നതിന്റെയും ദൃശ്യങ്ങള്‍ മനസാക്ഷിയുള്ള ഏതൊരു ഇന്ത്യന്‍ പൗരനെയും ഭയപ്പെടുത്തുന്നതാണ്.
അസമിലെ ദരങ് ജില്ലയിലെ ധോല്‍പൂരില്‍ ബംഗാളി മുസ്‌ലിങ്ങള്‍ കൂട്ടമായി താമസിക്കുന്ന ഗ്രാമീണ മേഖലയിലാണ് പൊലീസിന്റെ നരഹത്യ അരങ്ങേറിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് ബി.ജെ.പി സര്‍ക്കാര്‍ ബംഗാളി മുസ്‌ലിങ്ങള്‍ കൂട്ടമായി താമസിക്കുന്ന മേഖലയിലെ കുടുംബങ്ങളെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുന്നത്.
ധോല്‍പുര്‍ ബസാര്‍, വെസ്റ്റ് ചുംബ എന്നിവിടങ്ങളില്‍ നിന്നായി 1487 ഏക്കറില്‍ താമസിച്ചിരുന്ന 800ഓളം കുടുംബങ്ങളെ സെപ്തംബര്‍ 20 തിങ്കളാഴ്ച പൊലീസ് ഒഴിപ്പിച്ചിരുന്നു. ബാക്കിയുള്ളവരെ കൂടി ഒഴിപ്പിക്കാനെത്തിയപ്പോഴാണ് സംഘര്‍ഷങ്ങള്‍ ഉടലെടുത്തത്. നേരത്തെ ജൂണ്‍ മാസത്തിലും 49 മുസ്‌ലിം കുടുബങ്ങളെയും ഒരു ഹിന്ദു കുടുംബത്തെയും മേഖലയില്‍ നിന്ന് ഒഴിപ്പിച്ചിരുന്നു. 900ത്തില്‍ അധികം കുടുംബങ്ങളില്‍ നിന്നായി 20,000ല്‍ അധികം പേര്‍ ഇതിനകം പ്രദേശത്ത് നിന്ന് ഒഴിപ്പിക്കപ്പെട്ടുവെന്നാണ് ഗ്രാമവാസികള്‍ ‘ദ വയറി’നോട് പറഞ്ഞിരിക്കുന്നത്.
കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കവെയാണ് ഇത്രയധികം കുടുംബങ്ങളെ അവരുടെ വാസസ്ഥലത്ത് നിന്നും തോക്കും വെടിയുണ്ടകളുമുപയോഗിച്ച് സര്‍ക്കാര്‍ ആട്ടിപ്പായിച്ചിരിക്കുന്നത്. സ്ത്രീകളും കുട്ടികളും വൃദ്ധരുമെല്ലാമടങ്ങുന്ന നിരാലംബരായ ഈ കുടുംബങ്ങള്‍ പോകാന്‍ മറ്റിടങ്ങളില്ലാതെ പുറമ്പോക്കുകളില്‍ താത്കാലിക ഷെഡുകള്‍ കെട്ടിയിരിക്കുകയാണ്.
ഗ്രാമീണര്‍ പൊലീസിന് നേരെ അക്രമം അഴിച്ചുവിട്ടതിനാലാണ് വെടിവെപ്പ് നടത്തിയത് എന്നാണ് പൊലീസും ബി.ജെ.പി സര്‍ക്കാറും ആവര്‍ത്തിക്കുന്നത്. എന്നാല്‍ പിന്തിരിഞ്ഞോടുന്ന ഗ്രാമീണരെ ഏകപക്ഷീയമായി പൊലീസ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കുടിയൊഴിപ്പിക്കലിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച ബി.ജെ.പി മുഖ്യമന്ത്രി ഹിമന്ദ ബിസ്വ സര്‍മ ഒഴിപ്പിക്കല്‍ നടപടികള്‍ ഇനിയും തുടരുമെന്ന് തന്നെയാണ് അറിയിച്ചിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിയും മുഖ്യമന്ത്രി ഹിമന്ദ ബസ്വ സര്‍മയുടെ സഹോദരനുമായ സുശാന്ത ബിസ്വ സര്‍മയും കുടിയൊഴിപ്പിക്കലിന് നേതൃത്വം നല്‍കുന്നവരിലുണ്ട്.
ജൂണ്‍ മാസത്തില്‍ ആദ്യ ഘട്ട കുടിയൊഴിപ്പിക്കല്‍ നടന്ന പ്രദേശങ്ങളില്‍ കുടിയൊഴിപ്പിക്കലിന് ശേഷം ഹിമന്ദ ബിസ്വ സര്‍മ നേരിട്ടെത്തുകയും അവിടെ പുതിയ കാര്‍ഷിക പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഗ്രാമീണരെ ഒഴിപ്പിച്ചുകഴിഞ്ഞ സ്ഥലങ്ങളില്‍ ഇതിനകം ട്രാക്ടറുകളെത്തി നിലം ഉഴുതുമറിക്കുകയും ചെയ്തിട്ടുണ്ട്. മണ്ഡലത്തിലെ ബി.ജെ.പി എം.എല്‍.എ പദ്മ ഹസാരിക, ബി.ജെ.പിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയും എം.പിയുമായ ദിലീപ് സൈകിയ, എം.എല്‍.എമാരായ മൃണാല്‍ സൈകിയ, പത്മാനന്ദ രാജ്‌ബോംഗ്ഷി എന്നിവരാണ് പ്രദേശത്തെ ഗ്രാമീണരെ ഒഴിപ്പിച്ചുകൊണ്ടുള്ള കാര്‍ഷിക പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. 9.6 കോടി രൂപ ഹിമന്ദ ബിസ്വ സര്‍മ സര്‍ക്കാര്‍ ഇതിനകം പദ്ധതിക്കായി അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
ഹ്യൂമന്‍ റൈറ്റ്‌സ് ലോ നെറ്റ് വര്‍ക്കിന്റെ പ്രവര്‍ത്തകനും അഭിഭാഷകുമായ ഷൗരാദീപ് ദേയുടെ നേതൃത്വത്തിലുള്ള ഒരു വസ്തുതാന്വേഷണ സംഘം
ജൂണ്‍ മാസത്തില്‍ പ്രദേശം സന്ദര്‍ശിച്ചിരുന്നു. സംഘത്തിന്റെ കണ്ടെത്തലുകള്‍ പ്രകാരം എണ്‍പതുകളിലെ അസം കലാപകാലത്ത് ഈ മേഖലയിലേക്ക് പലായനം ചെയ്‌തെത്തിയവരാണ് ഇപ്പോള്‍ ഒഴിപ്പിക്കപ്പെടുന്ന കുടുംബങ്ങള്‍. 2016 ലും 2021 ലുമൊക്കെയായി പല തവണ ഇവരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തിയിരുന്നു.
അസമില്‍ നടപ്പാക്കിയ ദേശീയ പൗരത്വ പട്ടികയുടെയും രാജ്യവ്യാപകമായി നടപ്പാക്കപ്പെട്ട പൗരത്വഭേദഗതി നിയമത്തിന്റെയും ഭാഗമായി ഇന്ത്യയിലെ, പ്രത്യേകിച്ചും അസമിലെ മുസ്‌ലിങ്ങളുടെ നിലനില്‍പ് വലിയ ഭീഷണിയിലായി മാറിയിരിക്കുന്ന കാലത്താണ് ബംഗാളി മുസ്‌ലിങ്ങള്‍ കൂട്ടമായി താമസിക്കുന്ന ഒരു മേഖല ഈ രീതിയില്‍ തുടച്ചുമാറ്റപ്പെടുന്നത്. പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പാക്കുന്നതിന്റെ ആദ്യ പടിയാണ് ബി.ജെ.പി ഭരണകൂടത്തിന്റെ ഇത്തരം നീക്കങ്ങളെന്ന വിലയിരുത്തലുകളുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Motive behind Assam eviction drive