ധാക്ക: ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി നേതാവ് മുതീഉര്‍റഹ്മാന്‍ നിസാമിയെ തൂക്കിലേറ്റി. 1971ലെ ബംഗ്ലാദേശ് വിമോചന കാലത്തെ കുറ്റകൃത്യങ്ങള്‍ക്കാണ് വധശിക്ഷ. ധാക്ക സെന്‍ട്രല്‍ ജയിലില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് 71കാരനായ നിസാമിയുടെ ശിക്ഷ നടപ്പിലാക്കിയത്. വധശിക്ഷയ്‌ക്കെതിരായി നിസാമിയുടെ അപ്പീല്‍ ബംഗ്ലാദേശ് സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.
ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരകാലത്ത് പാകിസ്ഥാനെ എതിര്‍ക്കുന്നവരെ കൊലപ്പെടുത്തി എന്നതുള്‍പ്പടെയാണ് നിസാമിക്കെതിരായ കുറ്റം. 2013ന് ശേഷം യുദ്ധക്കുറ്റങ്ങള്‍ക്ക് ബംഗ്ലാദേശില്‍ തൂക്കിലേറ്റപ്പെടുന്ന അഞ്ചാമത്തെ ഉന്നതനാണ് നിസാമി. തൂക്കിലേറ്റപ്പെട്ടവരില്‍ നാലു പേരും ജമാഅത്ത് നേതാക്കളാണ്.
ജമാഅത്തെ ഇസ്‌ലാമിയുടെ അധ്യക്ഷനായിരുന്ന നിസാമി ബംഗ്ലാദേശ് മന്ത്രിസഭയില്‍ കൃഷി, വ്യവസായ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു.
അതേ സമയം നിസാമിയുടെ വധശിക്ഷയില്‍ ആഹ്ലാദം പ്രകടിപ്പിച്ചും പ്രതിഷേധം രേഖപ്പെടുത്തിയും റാലികള്‍ സംഘടിപ്പിച്ചു. വധശിക്ഷ നടപ്പിലാക്കിയതിനെതിരെ ജമാഅത്ത് ഇസ്‌ലാമി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര നിയമ സമിതികളുടെ അംഗീകാരമില്ലാത്ത വിചാരണയിലൂടെയാണ് നിസാമിക്ക് വധശിക്ഷ വിധിച്ചതെന്നാണ് ജമാഅത്തിന്റെ ആരോപണം.