Entertainment news
ജയിലില്‍ നിന്നിറങ്ങിയ കൊടുംകുറ്റവാളികള്‍ക്ക് മേല്‍ പരീക്ഷണം നടത്താന്‍ ധ്യാനിന്റെ ജയിലര്‍ വരുന്നു; മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Nov 10, 07:22 am
Thursday, 10th November 2022, 12:52 pm

ധ്യാന്‍ ശ്രീനിവാസന്‍ ടൈറ്റില്‍ റോളിലെത്തുന്ന ‘ജയിലറി’ന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. നവാസ് വള്ളിക്കുന്ന്, ഉണ്ണി രാജ, ശ്രീജിത് രവി, ബിനു അടിമാലി, ടിജു മാത്യൂ, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരുടെ കഥാപാത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് മോഷന്‍ പോസ്റ്റര്‍.

നടന്‍ പൃഥ്വിരാജ് സുകുമാരന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയും പോസ്റ്റര്‍ പുറത്തുവിട്ടിട്ടുണ്ട്. വലിയ ബഡ്ജറ്റില്‍ പിരിയോഡിക്കല്‍ സസ്‌പെന്‍സ് ത്രില്ലറായൊരുക്കുന്ന ചിത്രം സക്കീര്‍ മഠത്തില്‍ ആണ് സംവിധാനം ചെയ്യുന്നത്.


ഗോള്‍ഡന്‍ വില്ലേജിന്റെ ബാനറില്‍ എന്‍.കെ. മുഹമ്മദാണ് ജയിലര്‍ നിര്‍മിക്കുന്നത്.

1957 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് ചിത്രത്തില്‍ പറയുന്നത്. അഞ്ച് കൊടും കുറ്റവാളികളോടൊപ്പം ഒറ്റപ്പെട്ട ബംഗ്ലാവില്‍ താമസിച്ചുകൊണ്ട് അവരെ വെച്ച് പുതിയൊരു പരീക്ഷണത്തിന് ശ്രമിക്കുന്ന ജയിലറായാണ് ധ്യാന്‍ ചിത്രത്തിലെത്തുന്നത്.

ദിവ്യ പിള്ള നായികയായെത്തുന്ന ചിത്രത്തില്‍ മനോജ് കെ. ജയനും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

ജയിലില്‍ നിന്നും പുറത്തുകടക്കുന്ന കുറ്റവാളികളായാണ് ശ്രീജിത്ത് രവി, നവാസ് വള്ളിക്കുന്ന്, ബിനു അടിമാലി, ഉണ്ണി രാജ, ടിജു മാത്യൂ എന്നിവരെത്തുന്നത്.

അരുണ്‍ ചന്തു സംവിധാനം ചെയ്ത സായാഹ്ന വാര്‍ത്തകള്‍ ആണ് ധ്യാന്‍ ശ്രീനിവാസന്റെ ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ചിത്രം.

മഹാദേവന്‍ തമ്പി ഛായാഗ്രാഹകനായെത്തുന്ന ജയിലറിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് നിധീഷ് നടെരി, രത്ണഭൂഷന്‍ കളരിക്കല്‍ എന്നിവരാണ്. എഡിറ്റര്‍ ദീപു ജോസഫ്, മ്യൂസിക് റിയാസ് പയ്യോളി, ആര്‍ട് ഡയറക്ടര്‍ ജോസഫ് നെല്ലിക്കല്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, സൗണ്ട് മിക്‌സ് ഫസല്‍ ബക്കര്‍, കോസ്റ്റ്യൂംസ് സ്റ്റെഫി സേവ്യര്‍, മേക്കപ്പ് റഷീദ് അഹമ്മദ്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കമലാക്ഷന്‍ പയ്യന്നൂര്‍, പോസ്റ്റര്‍ ഡിസൈന്‍ ഓള്‍ഡ് മങ്ക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആംബ്രോസ് വര്‍ഗീസ്, കൊറിയോഗ്രാഫി കുമാര്‍ ശാന്തി, ആക്ഷന്‍ പ്രഭു, സ്റ്റില്‍സ് ജാഫര്‍ എം, പി.ആര്‍.ഒ മഞ്ജു ഗോപിനാഥ്.

Content Highlight: Motion Poster of Dhyan Sreenivasan movie Jailer is out