| Monday, 4th November 2024, 7:20 pm

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കലിനെതിരായ പ്രമേയവതരണം: കശ്മീര്‍ നിയമസഭയില്‍ ബഹളം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കലിനെതിരായി അവതരിപ്പിച്ച പ്രമേയത്തെ ചൊല്ലി ജമ്മു കശ്മീര്‍ നിയമസഭയില്‍ കലഹം. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി എം.എല്‍.എ വഹീദ് പാറ അവതരിപ്പിച്ച പ്രമേയത്തെ തുടര്‍ന്നാണ് സഭയില്‍ കലഹം ആരംഭിച്ചത്.

വഹീദ് പാറ എം.എല്‍.എ സ്പീക്കര്‍ അബ്ദുല്‍ റഹീം റാഹത്തിന് പ്രമേയം സമര്‍പ്പിക്കുകയും അജണ്ടയുടെ ഭാഗമല്ലെങ്കിലും അഞ്ച് ദിവസത്തെ സമ്മേളനത്തില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

എന്നാല്‍ പ്രമേയം അവതരിപ്പിച്ചതിന് തൊട്ട് പിന്നാലെ ജമ്മു കശ്മീരിലെ 28 ബി.ജെ.പി എം.എല്‍.എമാരും പ്രമേയത്തെ എതിര്‍ക്കുകയും നിയമസഭയില്‍ ബഹളമുണ്ടാക്കുകയുമായിരുന്നു.

പി.ഡി.പി എം.എല്‍.എ വഹീദ് നിയമസഭാ ചട്ടങ്ങള്‍ ലംഘിച്ച് പ്രമേയം കൊണ്ടുവന്നെന്നും അദ്ദേഹത്തെ സസ്‌പെന്റ് ചെയ്യണമെന്നുമായിരുന്നു ബി.ജെ.പിയുടെ ആവശ്യം.

പ്രതിഷേധിച്ച എം.എല്‍.എമാരോട് ഇരിക്കാന്‍ സ്പീക്കര്‍ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ബി.ജെ.പി എം.എല്‍.എമാര്‍ പ്രതിഷേധം തുടരുകയായിരുന്നു. പ്രമേയം സ്പീക്കറിന്റെ അടുത്തെത്തിയില്ലെന്നും വരുമ്പോള്‍ പരിശോധിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കുകയും ചെയ്തു.

പിന്നാലെ നാഷണല്‍ കോണ്‍ഫറന്‍സ് എം.എല്‍.എമാര്‍ സഭാനടപടികള്‍ തടസ്സപ്പെടുത്തുന്നുവെന്ന് ഉന്നയിക്കുകയും പ്രതിഷേധത്തെ വിമര്‍ശിക്കുകയും ചെയ്തു.

പി.ഡി.പി അവതരിപ്പിച്ച പ്രമേയത്തിന് പ്രാധാന്യമില്ലെന്നും പ്രമേയാവതരണത്തിന് പിന്നില്‍ സാധുത ഉണ്ടായിരുന്നില്ലെങ്കില്‍ ഭരണപക്ഷവുമായി ചര്‍ച്ച നടത്തേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ചൂണ്ടിക്കാട്ടി.

അതേസമയം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ ജമ്മു കശ്മീരിലെ ജനങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും പദവി പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും ഒമര്‍ അബ്ദുള്ള വ്യക്തമാക്കി.

Content Highlight: Motion against abrogation of Article 370: Uproar in Kashmir Assembly

Latest Stories

We use cookies to give you the best possible experience. Learn more