ഫേസ്ബുക്കിലൂടെ ഇനി മുലപ്പാലും
Big Buy
ഫേസ്ബുക്കിലൂടെ ഇനി മുലപ്പാലും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th October 2012, 10:00 am

ബ്രിട്ടണ്‍: പല പുതിയ വിപ്ലവത്തിനും ആദ്യം തുടക്കം കുറിക്കുക യു.കെയും യു.എസും പോലുള്ള രാജ്യങ്ങളായിരിക്കും. അത്തരത്തിലൊരു പുതിയ വിപ്ലവമാണ് യു.കെയിലും യു.എസിലെയും അമ്മമാര്‍ ഫേസ്ബുക്ക് വഴി നടത്തുന്നത്.

സംഗതി മറ്റൊന്നുമല്ല. സ്ത്രീകളെ കൊണ്ട് മാത്രം കഴിയുന്ന അതും അമ്മമാര്‍ക്ക് മാത്രം നല്‍കാന്‍ കഴിയുന്ന മുലപ്പാല്‍ ഫേസ്ബുക്ക് വഴി വില്‍പ്പന നടത്തുകയാണ് അവിടുത്തെ സ്ത്രീകള്‍. ഇതിനായി ഫേസ്ബുക്കില്‍ കമ്മ്യൂണിറ്റി ഫോറവും തയ്യാറായിക്കഴിഞ്ഞു.[]

onlythebreast.co.uk എന്ന സൈറ്റിനെയാണ് മുലപ്പാല്‍ ലഭ്യമാകാനായി സമീപിക്കേണ്ടത്. പാല്‍ വില്‍പ്പനയ്ക്കായി ആയിരക്കണക്കിന് അമ്മമാരാണ് സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.  കുഞ്ഞുങ്ങളെ സ്വന്തമായി മുലയൂട്ടാന്‍ കഴിയാത്തവരോ അസുഖങ്ങള്‍ ബാധിച്ച് മരുന്ന്
കഴിക്കുന്നതിനാല്‍ കുട്ടികള്‍ക്ക് മുലപ്പാല്‍ കൊടുക്കാന്‍ കഴിയാത്ത അമ്മമാരോ എല്ലാമാണ് ഓണ്‍ലൈന്‍ മുലപ്പാലിന്റെ ആവശ്യക്കാരില്‍ മുന്നില്‍.

ഒരു ഔണ്‍സ് മുലപ്പാലിന് 2 ഡോളര്‍ വരെ വിലയാണ് യു.എസില്‍ നിലവില്‍ ഈടാക്കുന്നത്. ഭാവിയില്‍ ഈ വിലയില്‍ വര്‍ധനവ് വരാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ മില്‍ക് ബാങ്ക് വഴി മുലപ്പാല്‍ നല്‍കുന്നതിനും സ്വീകരിക്കുന്നതിനും ഒട്ടേറെ നിയമവശങ്ങളും പറയുന്നുണ്ട്. കുട്ടിക്ക് മുലപ്പാല്‍ നല്‍കാന്‍ യാതൊരു നിര്‍വാഹവും ഇല്ലാത്ത അമ്മമാര്‍ക്ക് മാത്രമേ മില്‍ക് ബാങ്ക് വഴി പാല്‍ അനുവദിക്കുകയുള്ളു.

ജനിച്ചുടനെയുള്ള കുട്ടിക്ക് മുലപ്പാല്‍ നല്‍കുന്നതാണ് ഏറ്റവും ഉചിതം. ഇതിന് കഴിയാതിരിക്കുന്ന സാഹചര്യങ്ങളില്‍ മില്‍ക് ബാങ്ക് ഉപയോഗപ്പെടുത്തുന്നതില്‍ തെറ്റില്ലെന്നാണ് പ്രൊഫഷണല്‍ അസോസിയേഷനിലെ ഡോക്ടര്‍മാര്‍ പറയുന്നത്. എയ്ഡ്‌സ്, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ അസുഖങ്ങളുള്ളവരെ യാതൊരു കാരണവശാലും മില്‍ക് ബാങ്ക് വഴി മുലപ്പാല്‍ നല്‍കാന്‍ അനുവദിക്കില്ല.

മുലപ്പാല്‍ നല്‍കാന്‍ സന്നദ്ധരായി വരുന്ന സ്ത്രീകളെ വിശദമായ ടെസ്റ്റുകള്‍ക്ക് വിധേയരാക്കിയ ശേഷമാണ് പാല്‍ സ്വീകരിക്കുന്നത്. പൂര്‍ണ ആരോഗ്യവതിയല്ലാത്ത ഒരു സ്ത്രീയെയും മില്‍ക് ബാങ്കില്‍ പാല്‍ നല്‍കാന്‍ അനുവദിക്കില്ല.

എന്നാല്‍ ഇത്തരത്തില്‍ ഓണ്‍ലൈനായി മുലപ്പാല്‍ നല്‍കുന്നതിനെതിരെ പല സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. പണം എന്ന ലക്ഷ്യം മുന്നില്‍ കണ്ട് സ്വന്തം കുഞ്ഞിന് പാല്‍ നല്‍കാതെ മില്‍ക് ബാങ്കില്‍ മുലപ്പാല്‍ നല്‍കാന്‍ സ്ത്രീകള്‍ തയ്യാറായേക്കുമെന്നതാണ് അതിലെ പ്രധാന ആരോപണം. എന്നാല്‍ ഇതിനോടൊന്നും പ്രതികരിക്കാന്‍ onlybreast.co.uk തയ്യാറായിട്ടില്ല.