മദറിനെ വിശുദ്ധ പദവിയിലേക്കുയര്‍ത്തിക്കൊണ്ടുള്ള ദിവ്യബലിക്കിടെ നടത്തിയ പ്രസംഗത്തിലാണ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്.
വത്തിക്കാന് സിറ്റി: ദൈവീക കരുണയുടെ ഉദാത്ത മാതൃകയാണ് മദര്‍ തെരേസയെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. പിന്തള്ളപ്പെട്ടവരെ ഉള്‍ക്കൊള്ളാന്‍ മദറിന് കഴിഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ദൈവത്തിലേക്കുള്ള വഴിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മദറിനെ വിശുദ്ധ പദവിയിലേക്കുയര്‍ത്തിക്കൊണ്ടുള്ള ദിവ്യബലിക്കിടെ നടത്തിയ പ്രസംഗത്തിലാണ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്.
അവഗണിക്കപ്പെട്ടവരേയും ഇല്ലാത്തവരേയും ഉള്‍ക്കൊണ്ട് അവരിലേക്കും കരുണ ചൊരിഞ്ഞ വ്യക്തിത്വമാണ് മദറിന്റേതെന്ന് പോപ് കൂട്ടിച്ചേര്‍ത്തു. അവരുടെ ആ പുഞ്ചിരി നാം മനസില്‍ സൂക്ഷിക്കുകയും നമ്മുടെ ജീവിത യാത്രയില്‍ കണ്ടു മുട്ടുന്നവര്‍ക്ക് സമ്മാനിക്കുകയും ചെയ്യണമെന്ന് മാര്‍പ്പാപ പറഞ്ഞു.
റോഡരികില്‍ മരിക്കാന്‍ വിധിക്കപ്പെട്ടവരില്‍ ദൈവ മഹത്വം ദര്‍ശിച്ചുകൊണ്ട് മദര്‍ അവരെ ശുശ്രൂഷിച്ചു. ഈ ലോകത്തിന്റെ അധികാരങ്ങള്‍ക്ക് മേലെ മദര്‍ തന്റെ ശബ്ദമുയര്‍ത്തി. അങ്ങനെ സ്വയം സൃഷ്ടിയായ ദാരിദ്ര്യം എന്ന കുറ്റകൃത്യത്തെക്കുറിച്ച് അവര്‍ ബോധവാന്മാരായി.
മദര്‍ തെരേസയുടെ ശുശ്രൂഷയ്ക്ക് രുചി വര്‍ദ്ധിപ്പിച്ച ഉപ്പ് കരുണയായിരുന്നു. ആ കരുണയായിരുന്നു നിരവധി ആളുകള്‍ക്ക് ഇരുട്ടില്‍ പ്രകാശം ചൊരിഞ്ഞത്. മദറിന്റെ പ്രവര്‍ത്തികള്‍ പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്ക് ദൈവം സമീപസ്ഥനാണെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. മാര്‍പാപ്പ പറഞ്ഞു.
എനിക്ക് അവരുടെ ഭാഷ സംസാരിക്കാന്‍ സാധിക്കില്ലായിരിക്കും പക്ഷേ എനിക്ക് അവരെ നോക്കി പുഞ്ചിരിക്കാന്‍ സാധിക്കുമെന്ന് മദര്‍ തെരേസ എപ്പോഴും പറയുമായിരുന്നു. അവരുടെ ആ പുഞ്ചിരി നാം മനസില്‍ സൂക്ഷിക്കുകയും നമ്മുടെ ജീവിത യാത്രയില്‍ കണ്ടു മുട്ടുന്നവര്‍ക്ക് സമ്മാനിക്കുകയും ചെയ്യണം. പ്രത്യേകിച്ച് അവശത അനുഭവിക്കുന്നവര്‍ക്ക്. മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.
വിശുദ്ധയായി പ്രഖ്യാപിച്ച ശേഷം മദര്‍ തെരേസയുടെ തിരുശേഷിപ്പുക്കള്‍ മിഷനറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ മേരി പ്രേമയും മറ്റു സഹോദരങ്ങളും ചേര്‍ന്ന് അള്‍ത്താരയിലേക്ക് നയിച്ചു. ഇതിനു ശേഷം ബൈബിള്‍ വായനയും മറ്റ് ചടങ്ങുകളും നടന്നു.
മദര്‍ തെരേസ ഇനി മുതല്‍ കൊല്‍ക്കത്തയിലെ വിശുദ്ധ എന്നാണ് അറിയപ്പെടുക. വിശുദ്ധരുടെ പട്ടികയില്‍ രണ്ട് തെരേസമാരുള്ളതുകൊണ്ടാണ് മദറിനെ കൊല്‍ക്കത്തയിലെ വിശുദ്ധ എന്ന് വിളിക്കുന്നത്.