| Thursday, 18th January 2018, 1:06 pm

കുണ്ടറ കൊലപാതകം;മകനെ താന്‍ ഒറ്റയ്ക്ക് കൊലപ്പെടുത്തിയതാണെന്ന് അമ്മയുടെ മൊഴി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കുണ്ടറ: കൊല്ലത്ത് കുണ്ടറയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ ഒറ്റയ്ക്ക് കൊലപ്പെടുത്തിയതാണെന്ന അമ്മ ജയമോളുടെ മൊഴി പുറത്ത്. മകനെ ഷാളുപയോഗിച്ച് കൊലപ്പെടുത്തിയതിന് ശേഷം തീയിലിട്ടുവെന്നാണ് ജയമോള്‍ പറയുന്നത്. കൊലപാതകം ആസൂത്രിതമല്ലെന്ന പൊലീസിന്റെ നിഗമനം ശരിവെക്കുന്നതാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ഈ മൊഴി.

അതേസമയം മകനെ താന്‍ തനിച്ച് കൊലപ്പെടുത്തിയതാണെന്ന ജയമോളുടെ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. 14 വയസുള്ള ഒരു കുട്ടിയെ ജയമോള്‍ക്ക് ഒറ്റയ്ക്ക് കൊലപ്പെടുത്താന്‍ സാധിക്കില്ലെന്നും സംഭവത്തില്‍ മറ്റാളുകള്‍ക്ക് പങ്കുണ്ടെന്നുമുള്ള നിഗമനത്തിലാണ് പോലീസ്.

വീട്ടില്‍ നിന്ന് കുറയധികം ദൂരത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇത്രയും ദൂരത്തേക്ക് ഇവര്‍ക്ക് ഒറ്റയ്ക്ക് മൃതദേഹം എത്തിക്കാന്‍ സാധിക്കില്ല എന്നു തന്നെയാണ് പൊലീസ് നിഗമനം. എന്നാല്‍ മറ്റാരും ഇക്കാര്യത്തില്‍ പങ്കാളികല്ല എന്നാണ് ജയമോള്‍ പോലീസിനോട് ആവര്‍ത്തിക്കുന്നത്.

ആരും കളിയാക്കുന്നത് ജയമോള്‍ക്ക് ഇഷ്ടമല്ലായിരുന്നുവെന്നും ആരെങ്കിലും കളിയാക്കിയാല്‍ ജയമോള്‍ അക്രമാസക്തയാകുമെന്നും കൊല്ലപ്പെട്ട ജിത്തുവിന്റെ അച്ഛന്‍ ജോബ് പറയുന്നു. തന്നെ മകന്‍ കളിയാക്കിയെന്ന് ജയമോള്‍ പറഞ്ഞിരുന്നു. ദേഷ്യം വന്നപ്പോള്‍ മകനെ തീയിലേക്ക് വലിച്ചിട്ടുവെന്നാണ് ജയ തന്നോട് പറഞ്ഞതെന്നും, അമ്മയും മകനും തമ്മില്‍ എപ്പോഴും വഴക്കുണ്ടാക്കിയിരുന്നു എന്നും ജോബ് പോലീസിനോട് പറഞ്ഞു.

അതേസമയം കൊലപാതകത്തെക്കുറിച്ചുള്ള ജയമോളുടെ മൊഴി ശരിയല്ലെന്നും മരുമകള്‍ക്ക് മാനസികാസാസ്ഥ്യമില്ലെന്നും ജിത്തു ജോബിന്റെ മുത്തച്ഛന്‍ പറഞ്ഞു. കൊലപാതകത്തിനു പിന്നില്‍ സ്വത്ത് തര്‍ക്കമാണെന്ന പ്രചരണം തെറ്റാണെന്നും മകനോ ഭാര്യയോ തന്നോട് സ്വത്ത് ചോദിച്ചില്ലെന്നും തന്റെ സ്വത്ത് മകനായി എഴുതിവെച്ചിട്ടുണ്ടെന്നും ജോബ്.ജി.ജോണിന്റെ അച്ഛന്‍ പറഞ്ഞു.

ബുധനാഴ്ച വൈകിട്ടാണ് മുഖത്തലയിലെ വീടിനു സമീപത്തെ വാഴത്തോട്ടത്തില്‍ ജിത്തുവിന്റെ മൃതദേഹം കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കഴുത്തും രണ്ടു കൈകളും കാലുകളും വെട്ടേറ്റ നിലയിലും കാല്‍പാദം വെട്ടിമാറ്റിയ നിലയിലുമായിരുന്നു. ഒരു കാലിന്റെ മുട്ടിനു താഴെ വെട്ടി നുറുക്കിയിട്ടുമുണ്ട്. മുഖം കരിഞ്ഞ് വികൃതമായ നിലയിലാണ്. തുടര്‍ന്ന് ജയമോളുടെ കൈയിലെ പൊള്ളിയ പാടുകള്‍ കണ്ട് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവരുന്നത്.

സംഭവത്തില്‍ പങ്കുണ്ടെന്ന സംശയത്തില്‍ കുട്ടിയുടെ അമ്മയ്‌ക്കൊപ്പം ഒരു യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ യുവാവിനു സംഭവത്തില്‍ പങ്കില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നലെ രാത്രി വൈകി വിട്ടയച്ചു.

We use cookies to give you the best possible experience. Learn more