മധ്യപ്രദേശ് പൊലീസും മാധ്യമങ്ങളും പറയുന്നത് പോലെ തന്റെ മകന്‍ ഭീകരവാദിയല്ല, നിരപരാധിയാണ്. കെട്ടിച്ചമച്ച കേസുകളാണ് അവനുമേല്‍ ഉണ്ടായിരുന്നത്.
അഹ്മദാബാദ്: തന്റെ മകന്‍ ഭീകരവാദിയല്ലെന്നും അവന്‍ രക്തസാക്ഷിയാണെന്നും ഭോപ്പാലില്‍ പോലീസ് വെടിവെച്ചുകൊന്ന മുജീബ് ഷൈഖിന്റെ മാതാവ് മുംതാസ് പര്‍വീണ്‍. മധ്യപ്രദേശ് പോലീസാണ് എന്റെ മകനെയും അവനൊപ്പമുള്ളവരേയും കൊന്നത്. അത് ഒരു വ്യാജ ഏറ്റുമുട്ടല്‍ തന്നെയായിരുന്നെന്നും മുംതാസ് പറയുന്നു.
മുജീബ് ഷെയ്ഖിന്റെ ഖബറടക്കം കഴിഞ്ഞശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുംതാസ്.
ഒരു വാഹനത്തില്‍നിന്ന് പിടിച്ചിറക്കിയശേഷം മകനുനേരെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് നാട്ടുകാര്‍ തന്നോട് പറഞ്ഞതെന്ന് മുംതാസ് വ്യക്തമാക്കി. മകന്റെ കൊലപാതകത്തിന് ഉത്തരവാദികളായവര്‍ക്ക് കടുത്തശിക്ഷ വാങ്ങിക്കൊടുക്കുന്നതുവരെ നിയമപോരാട്ടം നടത്തുമെന്നും മുംതാസ് പറയുന്നു.
മധ്യപ്രദേശ് പൊലീസും മാധ്യമങ്ങളും പറയുന്നത് പോലെ തന്റെ മകന്‍ ഭീകരവാദിയല്ല, നിരപരാധിയാണ്. കെട്ടിച്ചമച്ച കേസുകളാണ് അവനുമേല്‍ ഉണ്ടായിരുന്നത്. എന്നിട്ടും പൊലീസ് അവനെ ചുട്ടെരിച്ചു. എന്റെ മകനുള്‍പ്പെടെ പോലീസിനോട് കേണപേക്ഷിച്ചെങ്കിലും അവര്‍ അവരെ കൊന്നുകളയുകയായിരുന്നു.
നിയമം അവരെ കുറ്റക്കാരെന്ന് വിധിച്ചിട്ടില്ല. അവര്‍ വിചാരണ നേരിടുന്ന തടവുകാരായിരുന്നു. നീതിന്യായ സംവിധാനത്തില്‍ എനിക്ക് വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ നീതിക്കായി ഏതറ്റം വരെയും പൊരുതും. എന്റെ മകനുണ്ടായ ഈ ദുരന്തം ഇനി മറ്റൊരു വിചാരണതടവുകാര്‍ക്കും ഉണ്ടാകരുതെന്നും മുംതാസ് പറയുന്നു.
അതേസമയം ഭോപാലില്‍നിന്ന് സ്വകാര്യ ആംബുലന്‍സില്‍ മൃതദേഹം കൊണ്ടുവരുമ്പോള്‍ തങ്ങള്‍ക്കു മുന്നിലും പിന്നിലുമായി രണ്ട് പൊലീസ് വാഹനങ്ങള്‍ ഉണ്ടായിരുന്നെന്നും അവര്‍ തങ്ങളുടെ വാഹനം എവിടെയും നിര്‍ത്താന്‍പോലും അനുവദിച്ചില്ലെന്നും മുംതാസ് പറഞ്ഞു. 300 കിലോമീറ്റര്‍ പിന്നിട്ട് ഗുജറാത്ത് അതിര്‍ത്തിയായ ദാഹോദിലത്തെിയപ്പോഴാണ് വാഹനം നിര്‍ത്തി കുറച്ച് വെള്ളം കുടിച്ചത്.
സംസ്ഥാന പൊതുമരാമത്ത് വകുപ്പില്‍ ക്‌ളാസ് മൂന്ന് വിഭാഗം ജീവനക്കാരനാണ് മുജീബിന്റെ പിതാവ് ജമീല്‍. എല്ലാ മാസവും ഇദ്ദേഹം മുജീബിനെ ജയിലില്‍ ചെന്ന് കാണാറുണ്ടായിരുന്നെന്ന്് ബന്ധുക്കള്‍ പറയുന്നു. ഈ മാസവും ഭോപ്പാലിലേക്ക് പോകാന്‍ അദ്ദേഹം ടിക്കറ്റ് എടുത്തതായിരുന്നു. ആ അവസരത്തിലാണ് മകന്റെ മരണവാര്‍ത്ത തങ്ങളുടെ കുടുംബത്തെ തേടിയെത്തിയതെന്നും ബന്ധുക്കള്‍ പറയുന്നു.
അഹ്മദാബാദ് ബോംബ് സ്‌ഫോടന പരമ്പര കേസില്‍ 2008 ജൂലൈയിലാണ് മുജീബിനെതിരെ കേസ് വരുന്നതെന്ന് മുജീബിന്റെ അഭിഭാഷകന്‍ ഡി.ഡി. പത്താന്‍ പറഞ്ഞു.
കൊള്ള, കവര്‍ച്ച, ഒരു കോണ്‍സ്റ്റബ്‌ളിന്റെ കൊലപാതകം, പൊലീസുകാരന്റെ വധശ്രമം എന്നിങ്ങനെ മറ്റ് നാലു കേസുകളും മുജീബിനെതിരെ ചുമത്തിയിരുന്നു. എന്നാല്‍, അഹ്മദാബാദ് സ്‌ഫോടനം നടക്കുന്ന സമയത്ത് ഗുജറാത്തിലെ ഏറ്റവും പ്രശസ്തമായ എല്‍.ഡി കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ (എല്‍.ഡി.സി.ഇ) ബയോമെഡിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു മുജീബ്.
സ്‌ഫോടനത്തെതുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭയന്ന് ഒളിവില്‍പോയ മുജീബിന് പിന്നീട് പഠനം പൂര്‍ത്തിയാക്കാനായില്ലെന്നും. പോലീസ് നടത്തിയത് വ്യാജ ഏറ്റുമുട്ടലാണെന്നും അഭിഭാഷകന്‍ പറയുന്നു. മുജീബ് എപ്പോഴും താടി നീട്ടി വളര്‍ത്തുമായിരുന്നു. എന്നാല്‍, മൃതദേഹം ലഭിക്കുമ്പോള്‍ പൂര്‍ണമായും താടിവടിച്ചിരുന്നു. ഇത് വിശ്വസിക്കാന്‍ കഴിയില്ല. മുജീബ് ഒരിക്കലും ഇത്തരത്തില്‍ ചെയ്യില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.