| Thursday, 20th October 2022, 11:52 pm

പട്ടാളക്കാരനാണെന്നറിഞ്ഞിട്ടും മകന് തല്ല് കിട്ടേണ്ടിവന്നു; കാര്യം അറിയാതെ ഒരു മക്കളുടെ മേലിലും പൊലീസിന്റെ കൈ ഉയരരുത്: പൊലീസ് അതിക്രമണത്തിനിരയായ സഹോദരങ്ങളുടെ അമ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊല്ലത്ത് സൈനികനെയും സഹോദരനെയും പൊലീസ് അതിക്രൂരമായി മര്‍ദിച്ച കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത് ആശ്വാസത്തിന് വക നല്‍കുന്നുണ്ടെന്ന് അതിക്രമത്തിനിരയായ സഹോദരങ്ങളുടെ മാതാവ് സലീല. മാതൃഭൂമി ന്യൂസിലെ സൂപ്പര്‍ പ്രൈം ടൈ ചര്‍ച്ചയിലായിരുന്നു അവരുടെ പ്രതികരണം.

ഒരു പട്ടാളക്കാരനാണെന്ന് അറിഞ്ഞതിന് ശേഷവും മകന് തല്ല് കിട്ടേണ്ട അവസ്ഥായണുണ്ടായെതന്നും സലീല പറഞ്ഞു.

‘വിഷയത്തില്‍ പൂര്‍ണമായ അന്വേഷണം നടത്തി പ്രതികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്. എന്റെ മക്കള്‍ അനുഭവിച്ചത് പോലെ കേരളത്തില്‍ ആര്‍ക്കും ഒരു അനുഭവം ഉണ്ടാകാന്‍ പാടില്ല. കാര്യം അറിയാതെ ഒരു മക്കളുടെ മേലിലും പൊലിസിന്റെ കൈ ഉയരരുത്.

എന്റെ കുഞ്ഞിന് ഇനി ജോലിക്ക് പോകാന്‍ കഴിയുമോ എന്നതില്‍ ആശങ്കയുണ്ട്. അവന് ദിനചര്യക്ക് പോലും ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. പേന പോലും അവന് പിടിക്കാന്‍ കഴിയുന്നില്ല. പൊലീസിന്റെ ക്രൂര മര്‍ദനം കൊണ്ടാണ് ഇതുണ്ടായത്,’ സലീല പറഞ്ഞു.

മക്കള്‍ മയക്കുമരുന്ന് മാഫിയയുടെ ഭാഗമാണെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍ ജനങ്ങള്‍ ഇപ്പോള്‍ സത്യം തിരിച്ചറിഞ്ഞതില്‍ ആശ്വാസമുണ്ടെന്നും സലീല പറഞ്ഞു.

അതേസമയം, നാല് പൊലീസുകാരെയാണ് സംഭവത്തില്‍ സസ്പെന്‍ഡ് ചെയ്തത്. കിളികൊല്ലൂര്‍ എസ്.എച്ച്.ഒ. വിനോദ്, എസ്.ഐ. അനീഷ്, ഗ്രേഡ് എസ്.ഐ. പ്രകാശ് ചന്ദ്രന്‍, സി.പി.ഒ. മണികണ്ഠന്‍പിള്ള എന്നിവരെയാണ് സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്. ഇതുസംബന്ധിച്ച് ദക്ഷിണമേഖലാ ഐ.ജി. പി. പ്രകാശ് ഉത്തരവിറക്കി.

സൈനികനായ വിഷ്ണു, സഹോദരന്‍ വിഘ്നേഷ് എന്നിവരെയാണ് കിളികൊല്ലൂര്‍ സ്റ്റേഷനിലെ പൊലീസുകാര്‍ ക്രൂരമായി മര്‍ദിച്ച് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചത്. എം.ഡി.എം.എ. കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നും സ്റ്റേഷനിലെത്തിയ സഹോദരങ്ങള്‍ പൊലീസുകാരെ ആക്രമിച്ചെന്നുമായിരുന്നു കിളികൊല്ലൂര്‍ പൊലീസിന്റെ വാദം.

തുടര്‍ന്ന് 12 ദിവസം ഇരുവരെയും റിമാന്‍ഡ് ചെയ്തിരുന്നു. പിന്നീട് വിഷ്ണുവും വിഘ്നേഷും പൊലീസില്‍ നിന്നുണ്ടായ ക്രൂരമര്‍ദനത്തെക്കുറിച്ച് മജിസ്ട്രേറ്റിന് മൊഴിനല്‍കി. ഇതോടെയാണ് പൊലീസ് സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടത്തിയത്.

Content Highlight:  Mother’s Responds of the victimized brothers police atrocities in Kollam

We use cookies to give you the best possible experience. Learn more