വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മൂന്ന് വര്‍ഷമായി ഈ കുടുംബം തെരുവിലുണ്ട്. 52 ദിവസങ്ങളുടെ വ്യത്യാസത്തിലാണ് വാളയാറില്‍ രണ്ട് പെണ്‍കുട്ടികളെ സമാനമായ രീതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂത്ത പെണ്‍കുട്ടിയെ 2017 ജനുവരി 13നാണ് വീട്ടിലെ മുറിയില്‍ ഉത്തരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. രണ്ടാമത്തെ പെണ്‍കുട്ടിയെ മാര്‍ച്ച് നാലിനും അതേ മുറിയില്‍ ഉത്തരത്തില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വി.മധു, എം. മധു, ഷിബു എന്നിവരെ ഒക്ടോബര്‍ 25ന് പാലക്കാട് പോക്‌സോ കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു. മൂന്നാം പ്രതി പ്രദീപ് കുമാറിനെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു. കേസന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിരുന്നതായി ആദ്യഘട്ടത്തില്‍ തന്നെ ആരോപണമുയര്‍ന്നിരുന്നു.
ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരു നടപടിയും ഇതുവരെ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഒക്ടോബര്‍ 9ന് സെക്രട്ടറിയേറ്റിനുമുന്നില്‍ സമരമിരുന്നത്. ഈ പശ്ചാത്തലത്തില്‍ ഡൂള്‍ന്യൂസിനോട് സംസാരിക്കുകയാണ് പെണ്‍കുട്ടികളുടെ അമ്മ.
കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റില്‍ മക്കള്‍ക്ക് നീതിയാവശ്യപ്പെട്ട് സമരം ചെയ്യുകയുണ്ടായല്ലോ? സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും പ്രതികരണമുണ്ടായോ?
ഞങ്ങള്‍ സമരം നടത്തി. പക്ഷെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആരും വന്ന് സംസാരിക്കുകയോ ഒന്നും ചെയ്തിട്ടില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ലതികാ സുഭാഷ് അടക്കമുള്ള ആളുകള്‍ സമരത്തിനെത്തിയിരുന്നു. പക്ഷെ യാതൊരു പ്രതികരണവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
വാളയാര്‍ സംഭവം നടന്ന ഘട്ടത്തിലൊന്നും രാഷ്ട്രീയ നേതാക്കളാരും പ്രത്യക്ഷത്തില്‍ പിന്തുണയറിയിച്ച് എത്തിയിരുന്നില്ലല്ലോ. കഴിഞ്ഞ ദിവസം നടന്ന സമരത്തില്‍ പ്രതിപക്ഷ നേതാവടക്കമുള്ളവര്‍ രംഗത്തെത്തുകയും ചെയ്തു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുള്ള നീക്കമാണിതെന്ന് കരുതുന്നുണ്ടോ?
കഴിഞ്ഞ ദിവസത്തെ സമരത്തിന് പിന്തുണയറിയിച്ച് നിരവധി പേര്‍ സെക്രട്ടറിയേറ്റില്‍ എത്തിയിരുന്നു. പ്രതിപക്ഷത്തുനിന്നുള്ളവരും പിന്തുണയറിയിച്ച് എത്തി. സമര സംഘാടകരും കൂടെയുണ്ടായിരുന്നു. സമരത്തിനൊപ്പമുണ്ടാവുമെന്നും നീതി ലഭിക്കുന്നത് വരെ കൂടെ തന്നെയുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. അതൊന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുള്ള സമീപനമാണെന്ന് ഞാന്‍ കരുതുന്നില്ല. നീതി കിട്ടുന്നത് വരെ എന്ത് സഹായവും ചെയ്ത തരാമെന്നാണ് അവര്‍ അറിയിച്ചത്.
സമരത്തിന് ശേഷം ഗവര്‍ണറെയും സന്ദര്‍ശിച്ചിരുന്നു. ഒന്നേകാല്‍ മണിക്കൂറോളം അദ്ദേഹത്തോട് സംസാരിച്ചു. കേസിന്റെ തുടക്കം മുതലേയുള്ള കാര്യങ്ങള്‍ ഗവര്‍ണറോട് വിശദീകരിച്ചിട്ടുണ്ട്. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയതിന് പിന്നാലെയാണ് ഞങ്ങള്‍ സമരത്തിനിറങ്ങിയതെന്ന് ഗവര്‍ണറോട് പറഞ്ഞു. അദ്ദേഹവും കൂടെയുണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. വേണ്ട സഹായം ചെയ്യുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്.
മൂത്ത മകള്‍ മരിച്ച സമയത്ത് നാല്‍പത് ദിവസത്തോളം ഞങ്ങള്‍ പണിക്ക് പോയിരുന്നില്ല. നാല്‍പത് ദിവസത്തോളം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തരാതെ അവര്‍ ഞങ്ങളെ വട്ടം കറക്കി. അവസാനം രണ്ടാമത്തെ മകള്‍ കൂടി മരിച്ച് കഴിഞ്ഞതിന് ശേഷം ഒരുമിച്ചാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കയ്യില്‍കിട്ടുന്നത്. അതുകൊണ്ടാണ് മൂത്തമകള്‍ എന്തുകൊണ്ട് മരിച്ചു എന്ന അറിയാതെ പോയതും രണ്ടാമത്തെ മകളെ സംരക്ഷിക്കാന്‍ പറ്റാതെ പോയതും. ഇക്കാര്യവും ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിയെ നേരിട്ട് കണ്ടിരുന്നല്ലോ. അന്ന് അദ്ദേഹം സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും പിന്നീട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാരില്‍ ഇപ്പോഴും വിശ്വാസമുണ്ടോ?
അതെ. മുഖ്യമന്ത്രിയെ നേരിട്ട് പോയി കണ്ടിരുന്നു. സര്‍ക്കാരില്‍ ഇപ്പോഴും വിശ്വാസം തന്നെയാണ്. പൊലീസ് അന്വേഷണത്തെ കണ്ണും പൂട്ടി വിശ്വസിച്ചിരുന്നു. അവിടെയാണ് തെറ്റിയത്. 2019 ഒക്ടോബര്‍ 25ഓടെ അതും ഇല്ലാതായി. മുഴുവന്‍ പ്രതികളെയും തെളിവുകളുടെ അഭാവത്തില്‍ പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടു. അതിന് ശേഷമാണ് പുന്നല ശ്രീകുമാറിനൊപ്പം മുഖ്യമന്ത്രിയെ പോയി കണ്ടത്.
ഞങ്ങളുടെ ആവശ്യങ്ങള്‍ ഞങ്ങള്‍ നേരിട്ട് മുഖ്യമന്ത്രിയോട് പറഞ്ഞു. അത് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വാക്കു തന്നതുമാണ്.
മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുമെന്നും, കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കുമെന്നും, ഞങ്ങള്‍ ആവശ്യപ്പെടുന്നത് പോലെ കേസ് മുന്നോട്ട് പോകാനുള്ള എല്ലാ സഹായവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ചെയ്ത് തരുമെന്നുമാണ് അന്ന് അദ്ദേഹം പറഞ്ഞത്. നേരെ മറിച്ച് കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം കൊടുക്കുന്ന സ്ഥിതിയാണ് പിന്നീട് ഉണ്ടായത്. ഇത് ഏറെ ഞെട്ടലുണ്ടാക്കി. അത് അറിഞ്ഞതോടു കൂടിയാണ് ഞങ്ങള്‍ സമരവുമായി മുന്നോട്ടിറങ്ങാന്‍ തീരുമാനിച്ചത്.
മുഖ്യമന്ത്രിയാണ് വാക്ക് തന്നത്. മുഖ്യമന്ത്രിയ്ക്കും മേലെ ആരുടെ വാക്കാണ് വിശ്വസിക്കേണ്ടത്? ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിശ്വാസം. മുഖ്യമന്ത്രിയെന്ന നിലയില്‍ തന്ന വാക്ക് പാലിക്കാന്‍ അദ്ദേഹം ബാധ്യസ്ഥനുമാണ്.
കേസില്‍ പ്രതികളായ ചിലര്‍ക്ക് സി.പി.ഐ.എം ബന്ധമുണ്ടെന്ന് നേരത്തെ പറഞ്ഞിരുന്നില്ലേ? ഇത് കേസന്വേഷണത്തെ ബാധിച്ചതായി കരുതുന്നുണ്ടോ?
കേസില്‍ ഉള്‍പ്പെട്ട പ്രതികളില്‍ രണ്ട് പേര്‍ സി.പി.ഐ.എമ്മില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞിരുന്നു. അത് സത്യവുമാണ്. സി.പി.ഐ.എമ്മുകാര്‍ മൊത്തം ഇവരെ പോലെയാണ് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ഈ പ്രതികള്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നത് കണ്ടിട്ടുണ്ട്. ഞാന്‍ സി.പി.ഐ.എമ്മിനെ കുറ്റപ്പെടുത്തുകയോ തള്ളിപ്പറയുകയോ ചെയ്തിട്ടില്ല. ഇവര്‍ തെരഞ്ഞെടുപ്പ് വരുമ്പോഴും മറ്റും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നത് ഞാന്‍ കണ്ടിട്ടുള്ളതാണ്.
മാധ്യമ പ്രവര്‍ത്തകര്‍ എന്നോട് പ്രതികളുടെ പാര്‍ട്ടി ഏതെന്ന് അറിയുമോ എന്ന് ചോദിച്ചപ്പോള്‍ പ്രതികളായ രണ്ട് മധുമാരും (എം. മധുവും വി. മധുവും) പാര്‍ട്ടിക്കാരാണെന്ന് ഞാന്‍ പറഞ്ഞു. എനിക്ക് ഒരു പാര്‍ട്ടിയെ വേണമെന്നോ മറ്റൊരു പാര്‍ട്ടിയെ വേണ്ടെന്നോ അല്ല. ഈ സംഭവത്തില്‍ കേരളം മൊത്തം എന്റെ കൂടെയുണ്ടാകണമെന്നാണ് എന്റെ ആഗ്രഹം. അത് തന്നെയാണ് പുന്നല ശ്രീകുമാറിന്റെ കൂടെ ഞാന്‍ മുഖ്യമന്ത്രിയെ കാണാന്‍ പോയതും.
ഞാന്‍ ചെറുപ്പം തൊട്ട് കാണുന്നതും പോയി വോട്ടുചെയ്യുന്നതും സി.പി.ഐ.എമ്മിന് തന്നെയാണ്. ഈ പ്രതികളെയൊക്കെ കാലങ്ങളായി കാണുന്നതുമാണ്. പക്ഷെ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് ഈ കേസില്‍ താത്പര്യം കുറഞ്ഞത് ഞാന്‍ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത് കൊണ്ടാണെന്ന് എനിക്ക് തോന്നാറുണ്ട്.
ഹനീഫ കമ്മീഷന്‍ റിപ്പോര്‍ട്ടിലും അന്വേഷണ ഉദ്യോഗസ്ഥനായ പി. സി ചാക്കോയ്‌ക്കെതിരെ നടപടി വേണമെന്ന് വ്യക്തമാക്കിയിരുന്നതാണല്ലോ. പക്ഷെ ഇതുവരെ നടപടിയുണ്ടായിട്ടില്ല. പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതോടെ കേസന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു. ഈ സംഭവങ്ങളെ നോക്കി കാണുന്നതെങ്ങനെയാണ്?
നിലവില്‍ കേസില്‍ പുനരന്വേഷണം വേണമെന്നാണ് ആവശ്യം. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അന്ന് പറഞ്ഞിരുന്നു. പക്ഷെ കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്കെതിരെ മാത്രമാണ് നടപടിയുണ്ടായത്. അവരെ (ലതാ ജയരാജ്) പുറത്താക്കി. കോടതി വെറുതെ വിട്ടവര്‍ പ്രതികളാണെന്ന് പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് കാണിച്ചായിരുന്നു ഇവരെ പുറത്താക്കിയത്. എന്നാല്‍ കേസില്‍ എഫ്.ഐ.ആര്‍ ഇട്ട പൊലീസുകാരനെ പുറത്താക്കിയില്ല.
പൊലീസിന്റെ ഭാഗത്തും പ്രോസിക്യൂഷന്റെ ഭാഗത്തും വീഴ്ചയില്ലേ ? പക്ഷെ എന്തുകൊണ്ടാണ് ഒരാളെ മാത്രം നീക്കിയത്? ചാക്കോ കുറ്റക്കാരനാണെന്ന് ഹനീഫ കമ്മീഷനില്‍ വ്യക്തമായതാണ്. അതിന് ശേഷമാണല്ലോ ചാക്കോയ്ക്ക് പ്രൊമോഷന്‍ നല്‍കിയത്. ഇതെന്താ ഞങ്ങളെ പൊട്ടന്മാരാക്കാന്‍ വേണ്ടി വെച്ച കമ്മീഷനാണോ? ഞങ്ങള്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലാന്ന് പറയുമായിരിക്കും. പക്ഷെ മക്കള്‍ മരിച്ച് ഈ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരുപാട് നല്ല ആള്‍ക്കാരെയും ചീത്ത ആള്‍ക്കാരെയും ഞാന്‍ കണ്ടിട്ടുണ്ട്. അപ്പോള്‍ കുറച്ചൊക്കെ കാര്യങ്ങള്‍ കണ്ടാല്‍ ഞങ്ങള്‍ക്കും മനസിലാകും.
മക്കള്‍ മരിച്ചതിന് ശേഷം ഇതുമായി ബന്ധപ്പെട്ട എല്ലാ വാര്‍ത്തകളും ഞാന്‍ കാണുന്നതാണ്. എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്നതുമാണ്. എന്നെ ബോധ്യപ്പെടുത്താന്‍ വേണ്ടി, ഞാന്‍ ഇതുപോലെ സമരത്തിനിറങ്ങാതിരിക്കാന്‍ വേണ്ടിയാകും അന്ന് സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് പറഞ്ഞതെന്ന് തോന്നിയിട്ടുണ്ട്. ഹനീഫ റിപ്പോര്‍ട്ടും ഇത് പോലെ എന്റെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രം മുന്നില്‍ വെച്ച റിപ്പോര്‍ട്ടാണെന്നേ എനിക്ക് ഇപ്പോള്‍ പറയാനുള്ളു. ഇല്ലെങ്കില്‍ ഇവര്‍ നടപടിയെടുക്കാത്തതെന്താണ്?
രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണശേഷമാണ് രണ്ടു പേരുടെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കയ്യില്‍ കിട്ടിയതെന്ന് പറഞ്ഞല്ലോ. മൂത്ത കുട്ടിയെ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയപ്പോള്‍ ആദ്യ ഘട്ടത്തില്‍ ഒരു സംശയവും തോന്നിയിരുന്നില്ലേ?
ഒരു സംശയവും തോന്നിയിരുന്നില്ല. പക്ഷെ അവള്‍ക്ക് അങ്ങനെയൊന്നും ചെയ്യേണ്ടിയിരുന്നില്ല. അവള്‍ക്ക് വയറ് വേദനകാരണം സ്‌കൂളില്‍ പോകാന്‍ വയ്യ എന്ന് പറഞ്ഞപ്പോള്‍ ഒറ്റക്കിരിക്കണ്ട എന്ന് പറഞ്ഞാണ് ഇളയവളെ കൂടി കൂട്ടിനിരുത്തിയത്. അതാണല്ലോ എനിക്കിപ്പോള്‍ രണ്ട് പേരെയും നഷ്ടപ്പെടാന്‍ കാരണമായത്.
രണ്ട് പേര്‍ ഇറങ്ങി പോകുന്നു എന്ന് ഇളയ മകള്‍ എസ്. ഐ ചാക്കോയോട് പറഞ്ഞതാണല്ലോ. അന്നത് കേട്ടില്ല. പത്ത് നാല്‍പത് ദിവസം ഞങ്ങള്‍ വീട്ടില്‍ തന്നെ ഇരുന്ന സമയത്തൊന്നും രണ്ടാമത്തെ മോള്‍ക്ക് ഒന്നും സംഭവിച്ചില്ല. ഞങ്ങള്‍ പണിക്ക് പോകാന്‍ തുടങ്ങിയെന്ന് അറിഞ്ഞപ്പോഴല്ലേ അവര്‍ ഞങ്ങളുടെ രണ്ടാത്തെ കുഞ്ഞിനെയും ഇല്ലാതാക്കിയത്. അപ്പോള്‍ തെളിവ് നശിപ്പിക്കുക എന്നായിരുന്നല്ലോ അവരുടെ ഉദ്ദേശം.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആരും തന്നെ കുഞ്ഞിന്റെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം ഞങ്ങളുടെ അടുത്ത് പറഞ്ഞില്ല. മാത്രമല്ല ഇവിടെ കേസന്വേഷണത്തിന്റെ പേരില്‍ നടന്നത് തെളിവു നശിപ്പിക്കലാണ്.
കേസില്‍ കോടതി വിധി പറഞ്ഞതിന് ശേഷം ജനപ്രതിനിധികള്‍ വീട്ടിലെത്തുകയോ സഹായം വാഗ്ദാനം ചെയ്യുകയോ ചെയ്തിരുന്നോ?
സി.പി.ഐ.എമ്മിന്റെ ഭാഗത്ത് നിന്നുള്ള ആരും ഇതുവരെയും വന്നിട്ടില്ല. അതേസമയം പ്രതിപക്ഷത്തു നിന്നുള്ളവരടക്കം നിരവധി പേര്‍ പിന്തുണയുമായെത്തി. ഇവരൊക്കെ വന്നു പോയതുകൊണ്ട് ഞങ്ങള്‍ക്ക് എന്ത് നേട്ടമുണ്ടായെന്ന് നിങ്ങള്‍ക്ക് ചിലപ്പോള്‍ തോന്നിയേക്കാം. പക്ഷെ ഈ വന്നവരൊക്കെ എന്നെ വന്നൊന്ന് സമാധാനിപ്പിച്ചിട്ടുണ്ട്. അതിവര്‍ക്കും ആകാമായിരുന്നു.
ഹാത്രാസ് പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിട്ടുണ്ടായിരുന്നല്ലോ
തീര്‍ച്ചയായും. ആ സംഭവം ശ്രദ്ധയില്‍പ്പെട്ടത് കൊണ്ടും അത്തരമൊരു സംഭവം ഇനി ഉണ്ടാകരുത് എന്ന് കരുതുന്നതു കൊണ്ടും തന്നെയാണ് ആ കുടുംബത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒരു മണിക്കൂര്‍ നില്‍പ് സമരം നടത്തിയത്. രണ്ട് പെണ്‍കുട്ടികള്‍ നഷ്ടപ്പെട്ട ഒരു അമ്മയാണ് ഞാന്‍. അതുകൊണ്ട് തന്നെ അവരുടെ സങ്കടം മനസിലാക്കാനും എനിക്ക് കഴിയും.
ആ വീട്ടില്‍ പോയിട്ട് അവരോട് സമാധാനം പറയാന്‍ ഇവര്‍ക്ക് കഴിഞ്ഞല്ലോ. ആ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും വിളിച്ചിട്ടൊന്നുമല്ലല്ലോ അവരാരും പോയത്. അപ്പോള്‍ എന്തുകൊണ്ട് ഞങ്ങളുടെ വീട്ടില്‍ ഇത്തരത്തില്‍ രണ്ട് സംഭവമുണ്ടായിട്ടും ഇവരാരും തിരിഞ്ഞ് നോക്കാത്തത്. അപ്പോള്‍ എന്റെ മക്കളുടെ ജീവന് ഒരു വിലയുമില്ലേ? ഞാന്‍ ഇന്ന് തെരുവിലിരുന്ന് കരയുന്ന പോലെ ഇനി ഒരു അച്ഛനും അമ്മയ്ക്കും വരാന്‍ പാടില്ല. എന്റെ മക്കള്‍ അനുഭവിച്ച നരകം ഇനി ഒരു മക്കളും അനുഭവിക്കാന്‍ പാടില്ല.
നീതി കിട്ടുന്നത് വരെ സമരവുമായി മുന്നോട്ട് പോകാന്‍ തന്നെയാണോ തീരുമാനം?
എന്റെ മക്കള്‍ക്ക് നീതി ലഭിക്കുന്നതുവരെ ഞാന്‍ സമരം ചെയ്യും. സമരം തുടര്‍ന്നും മുന്നോട്ട് കൊണ്ട് പോകാന്‍ തന്നെയാണ് തീരുമാനം. നീതി തരുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ ആ വാക്ക് സര്‍ക്കാര്‍ എന്നോട് പാലിക്കണം. മുഖ്യമന്ത്രി പറഞ്ഞ വാക്കിന് വിലയില്ലെങ്കില്‍ അദ്ദേഹം ആ സ്ഥാനത്തിരിക്കുന്നതില്‍ കാര്യമില്ലല്ലോ. വോട്ടിന്റെ സമയത്ത് എല്ലാവരും കൃത്യമായെത്തുമല്ലോ. അല്ലാതെ ഞങ്ങള്‍ക്കൊരു പ്രശ്‌നം വരുമ്പോള്‍ ഞങ്ങളുടെ അടുത്തേക്ക് വരണമെന്ന് അവര്‍ക്ക് തോന്നാത്തെന്തുകൊണ്ടാണ്?
എന്റെ മക്കള്‍ക്ക് നീതി കിട്ടാതെ ഞാന്‍ ഇനി പിന്നോട്ടില്ല. ഇനിയൊരു അച്ഛനും അമ്മയ്ക്കും ഇതുപോലൊരു അവസ്ഥ ഉണ്ടാവരുത്. നീതി തരുമെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ്. ഈ സര്‍ക്കാരിന്റെ കാലാവധി തീരുന്നതിന് മുമ്പ് തന്നെ കേസില്‍ പ്രതികളെ ശിക്ഷിക്കണമെന്നാണ് ആഗ്രഹം. എന്റെ മക്കളെ കൊന്ന് കെട്ടിത്തൂക്കിയവന്മാര്‍ ശിക്ഷിക്കപ്പെടണം. അവരെ രക്ഷപ്പെടാന്‍ അനുവദിച്ചുകൂട.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Mother Of Valayar daughters said they must get justce while talking to DoolNews