തിരുവനന്തപുരം: വാളയാര്‍ വിഷയത്തില്‍ ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ വാദത്തെ തള്ളി പെണ്‍കുട്ടികളുടെ അമ്മ. വാളയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയെയും സി.പി.ഐ.എമ്മിനെയും വിമര്‍ശിച്ച് സംസാരിച്ചതിനെ തള്ളിയാണ് പെണ്‍കുട്ടികളുടെ അമ്മ രംഗത്തെത്തിയത്.
മുഖ്യമന്ത്രിയില്‍ പ്രതീക്ഷയുണ്ടെന്നും ആരും തങ്ങളെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ട്വന്റി ഫോര്‍ ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു പെണ്‍കുട്ടികളുടെ അമ്മ
മുഖ്യമന്ത്രിയില്‍ പ്രതീക്ഷയുണ്ട്. ആരും ഭീഷണിപ്പെടുത്തി കൊണ്ടുപോയതല്ല. മുഖ്യമന്ത്രിയെ കാണണമെന്ന് പുന്നല ശ്രീകുമാറിനോട് താനാണ് ആവശ്യപ്പെട്ടത്’- അമ്മ പറഞ്ഞു.
സമരമിരുന്നാല്‍ നീതികിട്ടുമെന്ന് തോന്നുന്നില്ലെന്നും അതേ സമയം ചെയ്യുന്നവരെ എതിര്‍ക്കുന്നില്ലെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ബി.ജെ.പിയുടെ ഉപവാസ സമരത്തെക്കുറിച്ചും പറഞ്ഞു.
വാളയാര്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും കെ.പി.എം.എസും പുന്നല ശ്രീകുമാറും തന്നോടൊപ്പമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും അമ്മ പറഞ്ഞു.
കേരളം കാമഭ്രാന്താലയമാണെന്നായിരുന്നു ബി.ജെ.പിയുടെ ഉപവാസത്തിനിടെ കുമ്മനത്തിന്റെ പ്രതികരണം. സെക്സ് റാക്കറ്റ് സി.പി.ഐ.എമ്മിന്റെ ഒരു പോഷകസംഘടനയായി മാറുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
മുഖ്യമന്ത്രിക്ക് മഹാത്മാ ഗാന്ധിയെപ്പറ്റി സംസാരിക്കാന്‍ ധാര്‍മികതയില്ല. സി.പി.ഐ.എം വേട്ടക്കാരുടെ പാര്‍ട്ടിയാണ്. വാളയാര്‍ കേസില്‍ തെളിവെടുപ്പിനെത്തിയ ദേശീയ ബാലാവകാശ കമ്മീഷനു പോലും സംസ്ഥാന സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്നും കുമ്മനം പറഞ്ഞിരുന്നു.
ദേശീയ ബാലാവകാശ കമ്മീഷന്‍ വാളയാറിലെത്തിയപ്പോള്‍, മുഖ്യമന്ത്രി വാളയാറില്‍ നിന്നു മാതാപിതാക്കളെ തിരുവനന്തപുരത്തേക്ക് വിളിപ്പിക്കുകയായിരുന്നു. കമ്മീഷന്‍ അംഗങ്ങള്‍ക്കു താമസിക്കാനുള്ള സൗകര്യം പോലും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയില്ലെന്നും കുമ്മനം ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് പെണ്‍കുട്ടികളുടെ അമ്മയുടെ പ്രതികരണം.