തിരുവനന്തപുരം: ഐ.എസ്. ഭീകരരുടെ വിധവകളും നിലവില്‍ അഫ്ഗാനിസ്ഥാന്‍ ജയിലില്‍ കഴിയുന്നവരുമായ ഇന്ത്യന്‍ വനിതകളെ തിരിച്ചെത്തിക്കില്ലെന്ന കേന്ദ്ര നിലപാടിന് പിന്നാലെ പ്രതികരണവുമായി നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു. തന്റെ മകളെ കൊല്ലാന്‍ വിടുന്നതെന്തിനാണെന്ന് ബിന്ദു ചോദിച്ചു.
നിമിഷ ഫാത്തിമ ഉള്‍പ്പെടെ നാല് പേരാണ് അഫ്ഗാനിസ്ഥാന്‍ ജയിലില്‍ കഴിയുന്നത്. സോണിയ, മെറിന്‍, നിമിഷ, റഫീല എന്നിവരാണ് അഫ്ഗാന്‍ ജയിലിലുള്ളത്.
ഒരു ഇന്ത്യക്കാരി എന്ന നിലയില്‍ മനുഷ്യാവകാശമല്ലേ അത്. തന്റെ മകള്‍ ഇന്ത്യ വിട്ടു പോകുന്നതിന് മുമ്പ് അന്നത്തെ സര്‍ക്കാരിനെയും പൊലീസ് ഉദ്യോഗസ്ഥരെയും അറിയിച്ചതല്ലേയെന്നും അന്ന് തടയാതെ ഇപ്പോള്‍ അവരെ കൊല്ലാന്‍ വിടുന്നത് എന്തിനാണെന്നുമാണ് ബിന്ദു ചോദിച്ചത്.
ഇന്ത്യന്‍ സര്‍ക്കാര്‍ നിമിഷ ഫാത്തിമയെ രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരികയും നിയമനടപടികളിലേക്ക് കടക്കുകയും ചെയ്യുമെന്ന വിശ്വാസത്തിലായിരുന്നു താന്‍ എന്നും ബിന്ദു പറഞ്ഞു.
ഐ.എസിലേക്ക് പോകാന്‍ പ്രേരിപ്പിച്ചവര്‍ ഇപ്പോഴും ഇന്ത്യയില്‍ തന്നെ ഇല്ലേ എന്നും ബിന്ദു ചോദിക്കുന്നു. തന്റെ മകളും പേരക്കുട്ടികളും അടക്കമുള്ളവര്‍ സെപ്തംബര്‍ 11 കഴിഞ്ഞാല്‍ ബോംബ് ഭീഷണിയുടെ നടുവിലാണെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു.
മകള്‍ ജയിലില്‍ ആണെന്ന് അറിഞ്ഞിട്ട് ഒന്നര വര്‍ഷമായി. ദല്‍ഹിയിലെ പല വഴികളിലൂടെയും ശ്രമിച്ചു. ആരും പ്രതികരിച്ചില്ല. അമിത് ഷായ്ക്കും വിദേശ കാര്യമന്ത്രാലയത്തിനുമെല്ലാം മെയില്‍ അയച്ചിരുന്നു. പക്ഷെ ആരും മറുപടി തന്നില്ല. യുവതി യുവാക്കളെ തിരിച്ചു കൊണ്ടു വരുന്ന വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മറുപടി പറയാത്തത് ഇന്ത്യക്കാരി എന്ന നിലയില്‍ തന്നെ ഞെട്ടിച്ചെന്നും ബിന്ദു പറഞ്ഞു.
നിമിഷ ഫാത്തിമ ഉള്‍പ്പെടെയുള്ള നാലു പേരെയും ഇന്ത്യയിലേക്ക് മടക്കി അയക്കാന്‍ താത്പര്യപ്പെട്ട് അഫ്ഗാന്‍ സര്‍ക്കാര്‍ ഇന്ത്യയെ സമീപിച്ചിരുന്നു. ഇവരെ ഇന്ത്യയില്‍ തന്നെ വിചാരണ ചെയ്യുമെന്നും അഫ്ഗാന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനു പിന്നാലെയാണ് ഇവരെ കൊണ്ടു വരാന്‍ താത്പര്യമില്ലെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
ഇവര്‍ക്ക് ഇപ്പോഴും തീവ്ര മതമൗലിക വാദ നിലപാടുകള്‍ ഉണ്ടെന്നും അതുകൊണ്ട് ഇവരെ ഇന്ത്യയിലേക്കെത്തിക്കുന്നത് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
എന്നാല്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്ന് എന്തു നിയമ നടപടികളായാലും സര്‍ക്കാരിന് സ്വീകരിക്കാമെന്നാണ് നിമിഷയുടെ അമ്മ ബിന്ദു പറഞ്ഞത്. ഈ പെണ്‍കുട്ടികളുടെ കുഞ്ഞുങ്ങള്‍ എന്തു ദ്രോഹം ചെയ്തുവെന്നും ബിന്ദു ചോദിച്ചു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Mother of Nimisha Fathima responds over centre’s decision not to bring back who joined ISIS