| Saturday, 26th October 2019, 9:26 pm

പൊലീസിനെ വിശ്വസിച്ചത് തെറ്റായിപ്പോയി'; പൊലീസിന്റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ വീണ്ടും രംഗത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വാളയാറിലെ കൊലപാതകങ്ങളില്‍ പൊലീസിനെതിരെ പെണ്‍കുട്ടികളുടെ അമ്മ വീണ്ടും രംഗത്ത്. കേസില്‍ പൊലീസ് വിവരങ്ങള്‍ മറച്ചുവെച്ചെന്നും പൊലീസിനെ വിശ്വസിച്ചതു തെറ്റായിപ്പോയെന്നും അമ്മ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറില്‍ പറഞ്ഞു.

‘മൂത്തമകളുടെ പോസ്റ്റ്‌മോര്‍ട്ടം വിവരങ്ങള്‍ പൊലീസ് മറച്ചുവെച്ചു. മൂത്തമകളുടെ പോസ്റ്റ്‌മോര്‍ട്ടം വിവരങ്ങള്‍ അറിയിച്ചില്ല. പല കാരണങ്ങള്‍ പറഞ്ഞ് പൊലീസ് കബളിപ്പിച്ചു. മകള്‍ ആത്മഹത്യ ചെയ്തതാണെന്നു തെറ്റിദ്ധരിപ്പിച്ചു.

മധു കുട്ടികളെ ഉപദ്രവിക്കുന്നതു നേരിട്ടുകണ്ടെന്ന് പൊലീസിനോടു പറഞ്ഞിരുന്നു.’- അവര്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാളയാറില്‍ ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് പ്രതികളെ ഇന്ന് പോക്‌സോ കോടതി വെറുതെ വിട്ടിരുന്നു. വി. മധു, എം. മധു, ഷിബു എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുകയായിരുന്നെന്നായിരുന്നു കോടതി വിധി. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ വാളയാര്‍ എസ്.ഐയ്ക്കും സി.ഐയ്ക്കും ഡി.വൈ.എസ്.പിക്കും എതിരെ നേരത്തെ നടപടിയെടുത്തിരുന്നു.

പിന്നീട് എ.എസ്.പി ജി പൂങ്കുഴലിയുടെയും ഡി.വൈ.എസ്.പി എം.ജെ. സോജന്റെയും നേതൃത്വത്തിലായിരുന്നു അന്വേഷണം.

2017 ജനുവരി പതിമൂന്നിനാണ് വാളയാര്‍ അട്ടപ്പളത്ത് പതിനൊന്നുവയസ്സുകാരിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. രണ്ട് മാസങ്ങള്‍ക്കുശേഷം മാര്‍ച്ച് നാലിന് ഒമ്പതുവയസ്സുകാരി സഹോദരിയെയും വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിന് ഇരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.

എന്നാല്‍, മൂത്ത കുട്ടി മരിച്ചപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസുകാര്‍ ഞങ്ങളെ കാണിച്ചില്ലെന്നും രണ്ടാമത്തെ കുട്ടിയും മരിച്ചപ്പോഴാണ് റിപ്പോര്‍ട്ട് കാണിക്കാന്‍ പൊലീസ് തയ്യാറായതെന്നും കുട്ടികളുടെ അമ്മ ആരോപിച്ചു.

തെളിവുകളുടെ അഭാവത്തില്‍ മൂന്നാം പ്രതിയെ നേരത്തെ തന്നെ പോക്സോ കോടതി വെറുതെ വിട്ടിരുന്നു. കേസിലെ പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതിക്കെതിരെ ജുവനൈല്‍ കോടതിയില്‍ വാദം നടക്കുകയാണ്.

We use cookies to give you the best possible experience. Learn more