ഭര്‍ത്താവിന് കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയം; ഡി.എന്‍.എ ടെസ്റ്റ് ഒഴിവാക്കാന്‍ യുവതി 21 ദിവസം പ്രായമായ കുഞ്ഞിനെ മുലപ്പാല്‍ നല്‍കി കൊലപ്പെടുത്തി
Kerala
ഭര്‍ത്താവിന് കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയം; ഡി.എന്‍.എ ടെസ്റ്റ് ഒഴിവാക്കാന്‍ യുവതി 21 ദിവസം പ്രായമായ കുഞ്ഞിനെ മുലപ്പാല്‍ നല്‍കി കൊലപ്പെടുത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st June 2017, 8:47 pm

കണ്ണൂര്‍: അഴിക്കോട് 21 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ അമ്മ കൊന്നു. അമിത അളവില്‍ മുലപ്പാല്‍ നല്‍കിയാണ് യുവതി സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയത്. മനസാക്ഷിയെ മരവിപ്പിക്കുന്ന കൊല നടത്തിയ 31കാരിയായ അമ്മയെ പോലീസ് അറസ്റ്റു ചെയ്തു.

ഗര്‍ഫിലുള്ള ഭര്‍ത്താവിന് കുട്ടയുടെ പിതൃത്വത്തില്‍ സംശയം തോന്നിയതാണ് ക്രൂരകൃത്യം ചെയ്യാന്‍ മീന്‍കുന്ന് റോഡില്‍ കോട്ടയില്‍ വീട്ടില്‍ നമിതയെ പ്രേരിപ്പിച്ചത്. യുവതി പോലീസ് കസ്റ്റഡിയിലാണ്. ചൊവ്വാഴ്ച രാവിലെ ആറു മണിക്കായിരുന്നു സംഭവം.


Also Read: അധികാരത്തിലെത്തിയിട്ട് വെറും രണ്ട് മാസം; യോഗിയുടെ അധികാരത്തിന്‍ കീഴില്‍ യുപിയില്‍ നടന്നത് 240 കൊലപാതകം, 179 ബലാത്സഗം; അധികാരം കയ്യിലെടുത്ത് ജനങ്ങളും നോക്കു കുത്തിയായി പൊലീസും


നമിതയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. കഴിഞ്ഞ ജനുവരിയില്‍ ഇയാള്‍ നാട്ടില്‍ വന്ന് ഫെബ്രുവരിയില്‍ ഗള്‍ഫിലേക്ക് മടങ്ങിയിരുന്നു. മേയ് ആദ്യമാണ് നമിത ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വയറുവേദനയെന്ന വ്യാജേന സ്വന്തം വീട്ടിലേക്ക് മടങ്ങുകയും അവിടെനിന്നും പ്രസവത്തിന് ആശുപത്രിയില്‍ പോകുകയുമായിരുന്നു.

എന്നാല്‍ കുഞ്ഞ് തന്റേതല്ലെന്നും ഇയാളുടെ സുഹൃത്തിനെ സംശയമുണ്ടെന്നും ഭര്‍ത്താവ് പറഞ്ഞിരുന്നു. എന്നാല്‍ ഭര്‍തൃപിതാവാണ് ഉത്തരവാദിയെന്ന് യുവതി ആരോപിച്ചു. ഇതേ തുടര്‍ന്ന് കുട്ടിയെ ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയമാക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി ഭര്‍ത്താവ് കഴിഞ്ഞദിവസം ഗള്‍ഫില്‍ നിന്നും എത്തുമെന്നും അറിയിച്ചിരുന്നു.

ഇതോടെ പരിഭ്രാന്തയായ നമിത കുഞ്ഞിനെ കൊല്ലാനുള്ള പലവഴികള്‍ അന്വേഷിച്ചെങ്കിലും മറ്റുള്ളവര്‍ക്ക് സംശയം തോന്നുമെന്നതിനാല്‍ അവര്‍ പിന്മാറി. പത്ത് വയസുള്ള ആദ്യ കുട്ടിക്ക് ജന്മം നല്‍കിയപ്പോള്‍ കുട്ടിക്ക് മുലപ്പാല് കൊടുക്കുമ്പോള്‍ കുഞ്ഞിന്റെ മൂക്കും വായയും അടഞ്ഞുപോകാതെ ശ്രദ്ധിക്കണമെന്ന് മറ്റുള്ളവര്‍ ഉപദേശിച്ചിരുന്നു.

പാല്‍ നല്‍കുമ്പോള്‍ മൂക്കും വായും അടഞ്ഞാല്‍ കുട്ടി മരിക്കുമെന്ന് മനസിലാക്കിയ നമിത പാലു കൊടുത്തപ്പോള്‍ തുണി മുഖത്തിട്ട് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. പാലുകൊടുത്തപ്പോള്‍ കുഞ്ഞ്ശ്വാസം മുട്ടി മരിച്ചുവെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തുകയുള്ളുവെന്ന് നമിത കരുതി. എന്നാല്‍ അഞ്ച് ദിവസം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ ഭര്‍ത്താവും ഭര്‍തൃബന്ധുക്കളും മരണത്തില്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് ക്രൂരത മറനീക്കി പുറത്തെത്തിയത്.


Don”t Miss: ട്രെയിനില്‍ മുസ്‌ലിം യുവതിയെ ബലാത്സംഗം ചെയ്തയാള്‍ക്ക് യോഗി ആദിത്യനാഥ് പൊലീസിന്റെ വി.ഐ.പി ട്രീറ്റ്: വീഡിയോ പുറത്ത്


സ്ഥലത്തെത്തിയ കണ്ണൂര്‍ ഡിവൈഎസ്പി പി.സദാനന്ദന്‍ മൃതദേഹം പരിശോധന നടത്തിയപ്പോള്‍ കൊലയാണെന്ന സൂചന ലഭിച്ചിരുന്നു. ഇതോടെ പോലീസ് നമിതയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ കൊലപാതകം തെളിയുകയും ചെയ്തു. നമിതയ്‌ക്കെതിരേ ഭര്‍ത്താവ് കുടുംബകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.