പുതുച്ചേരി: മകനേക്കാള്‍ കൂടുതല്‍ മാര്‍ക്ക് നേടിയതിന് എട്ടാം ക്ലാസുകാരനെ സഹപാഠിയുടെ അമ്മ കൊലപ്പെടുത്തി. ജ്യൂസ് പാക്കറ്റില്‍ വിഷം കലര്‍ത്തി നല്‍കിയായിരുന്നു കുട്ടിയെ കൊലപ്പെടുത്തിയത്. പുതുച്ചേരിയുടെ ഭാഗമായ കാരക്കലിലാണ് സംഭവം. കാരക്കല്‍ നെഹ്‌റു നഗറിലെ സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ബാലമണികണ്ഠനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹപാഠിയുടെ മാതാവ് സഹായറാണി വിക്ടോറിയയെ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെ ബാലമണികണ്ഠന്‍ ഛര്‍ദിക്കുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോളാണ് വിഷം അകത്തുചെന്നതായി ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചത്.
ഇതിന് പിന്നാലെ മാതാപിതാക്കള്‍ കുട്ടിയോട് വിവരം തിരക്കിയതോടെയാണ് സ്‌കൂളിലെ സുരക്ഷ ജീവനക്കാരന്‍ ജ്യൂസ് നല്‍കിയതായി കുട്ടി പറഞ്ഞത്.
തുടര്‍ന്ന് സുരക്ഷ ജീവനക്കാരന്‍ ദേവദാസിനെ മാതാപിതാക്കളും സ്‌കൂള്‍ അധികൃതരും ചോദ്യം ചെയ്യുകയായിരുന്നു. കുട്ടിയുടെ ബന്ധുവെന്ന് പറഞ്ഞെത്തിയ സ്ത്രീയാണ് ജ്യൂസ് പാക്കറ്റ് നല്‍കാന്‍ ഏല്‍പ്പിച്ചതെന്ന് ഇയാള്‍ അറിയിച്ചു. തുടര്‍ന്ന് സി.സി.ടി.വി ക്യാമറ പരിശോധിച്ചപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്.
ചികിത്സയിലിരിക്കെ രാത്രി വൈകി മണികണ്ഠന്‍ മരണപ്പെടുകയായിരുന്നു. അതേസമയം മണികണ്ഠന് മികച്ച ചികിത്സ കിട്ടിയില്ലെന്നാരോപിച്ച് നാട്ടുകാരും ബന്ധുക്കളും ആശുപത്രി ആക്രമിച്ചു. നാഗപട്ടണം -ചെന്നൈ ദേശീയപാത പുലര്‍ച്ചെ വരെ ഉപരോധിക്കുകയും ചെയ്തിരുന്നു.