| Saturday, 4th August 2018, 7:48 pm

ജനിച്ച് മൂന്നുമണിക്കൂറായ കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ചു കൊന്നു; കാരണം പെണ്‍കുട്ടിയായതിനാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നവാജാത ശിശുവിനെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. പടിഞ്ഞാറന്‍ ദല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. പ്രസവിച്ച് മൂന്നു മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയായ റീത്താ ദേവിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. പ്രസവിച്ച ഉടന്‍ തന്നെ കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൂന്നാമതും പെണ്‍കുട്ടി ജനിച്ചത് ഭര്‍ത്താവിന് ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് റീത്താ ദേവി പൊലീസിനോട് പറഞ്ഞു.

Read:  ബി.ജെ.പി സര്‍ക്കാരിനെതിരെ സംയുക്ത പ്രക്ഷോഭത്തിനൊരുങ്ങി പ്രതിപക്ഷം; കോണ്‍ഗ്രസ് നയിക്കും

മുറിയിലെത്തിയ നഴ്‌സാണ് അനക്കമറ്റ നിലയില്‍ കുഞ്ഞിനെ കണ്ടത്. സംശയം തോന്നി ഡോക്ടര്‍മാരെ അറിയിച്ചതോടെ മരണം സ്ഥിരീകരിച്ചു. ആദ്യം മരണത്തില്‍ അസ്വാഭാവികത തോന്നിയില്ല. പീന്നീട് കുട്ടിയുടെ ശരീരത്തിലെ ചെറിയ ക്ഷതങ്ങള്‍ ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പെട്ടു.

ഇതോടെ ആശുപത്രി അധികൃതര്‍ സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസെത്തി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കാരണം പുറത്തായത്.

രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമുള്ള തനിക്ക് ഇനിയൊരു പെണ്‍കുട്ടിയെ കൂടി വേണ്ട എന്ന കാരണത്താലാണ് കുഞ്ഞിനെ കൊന്നത്. പെണ്‍കുട്ടി ആണെങ്കില്‍ ഭര്‍ത്താവ് വഴക്കിടുമെന്നും അതിനാല്‍ ആണ് താന്‍ കുഞ്ഞിനെ കൊന്നതെന്നുമാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്.

Read:  പ്രീത ഷാജിയേയും കുടുംബത്തെയും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു

റീത്ത ദേവിയുടെ ഭര്‍ത്താവ് അഷര്‍ഫി മഹ്‌ത്തോയേയും പൊലീസ് ചോദ്യം ചെയ്തു. എന്നാല്‍ തനിക്ക് ആണ്‍കുട്ടിയെ വേണമെന്ന് ഭാര്യയോട് ഒരിക്കല്‍പോലും പറഞ്ഞിട്ടില്ലെന്നാണ് ഇയാള്‍ പറയുന്നത്. ദരിദ്രനായ തനിക്ക് ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരുപോലെയാണെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.

We use cookies to give you the best possible experience. Learn more