കോഴിക്കോട്: പയ്യാനക്കലില്‍ അഞ്ച് വയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ അമ്മ സമീറയ്ക്ക് മാനസികാസ്വാസ്ഥ്യമില്ലെന്ന് ഡോക്ടര്‍. ഇതുവരെ മാനസികാസ്വാസ്ഥ്യമൊന്നും അമ്മ പ്രകടിപ്പിച്ചിട്ടില്ലെന്നും അന്ധവിശ്വാസം മൂലമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും ഡോക്ടര്‍ പറഞ്ഞു.
കുട്ടിയുടെ ശരീരത്തില്‍ ബാധ കൂടിയിട്ടുണ്ട് എന്ന വിശ്വാസത്തിന്റെ പുറത്താണ് അമ്മ കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അമ്മയെ ചികിത്സിച്ച ഡോക്ടര്‍ നല്‍കുന്ന വിശദീകരണം.
കുറച്ചുനാളുകളായി കുട്ടിയുടെ മേല്‍ ബാധ കേറിയിട്ടുണ്ടെന്ന വിശ്വാസത്തിന്മേല്‍ മതപരമായ പല ചികിത്സകളും നടത്താന്‍ സമീറ ശ്രമിച്ചിരുന്നു. എന്നാല്‍ കുട്ടിയെ കൊലപ്പെടുത്തിയാലേ ബാധ മാറൂ എന്ന് തോന്നയിതുകൊണ്ടാണ് കൊലപാതകം നടത്തിയതെന്ന് സമീറ പറഞ്ഞതായി ഡോക്ടര്‍ വ്യക്തമാക്കി.
സംഭവത്തില്‍ ഡോക്ടര്‍ പൊലീസിന് റിപ്പോര്‍ട്ട് നല്‍കി. സമീറയ്‌ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.
ബുധനാഴ്ചയാണ് അഞ്ച് വയസ്സുകാരിയെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. പയ്യാനക്കല്‍ സ്വദേശി നവാസിന്റെ മകള്‍ ആയിഷ രഹ്നയാണ് മരിച്ചത്.
തൂവാലകൊണ്ടോ മറ്റേതെങ്കിലും ഒരു തുണി കൊണ്ടോ ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
അമ്മയ്ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നെന്നാണ് നേരത്തെ പൊലീസ് പറഞ്ഞിരുന്നത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പന്നിയങ്കര പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
കൊലപാതകത്തിന് ശേഷം അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിന് പിന്നാലെയാണ് പൊലീസ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അമ്മയെ മാറ്റിയത്.