മിഷിഗണ്‍: മകന് പ്രതിരോധ കുത്തിവെയ്പ് നല്‍കാന്‍ വിസമ്മതിച്ചതിന് അമ്മയ്ക്ക് ഏഴുദിവസത്തെ ജയില്‍ശിക്ഷ. റെബേക്ക ബ്രെഡൗ എന്ന യുവതിക്കാണ് ശിക്ഷവിധിച്ചത്.
ആദ്യ ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് മകന് വാക്‌സിനേഷന്‍ നല്‍കാമെന്ന് നവംബറില്‍ റെബേക്ക കോടതിക്ക് മുന്നില്‍ സമ്മതമറിയിച്ചിരുന്നു. എന്നാല്‍ ഇത് പാലിക്കാത്ത സാഹചര്യത്തില്‍ കോടതിയലക്ഷ്യ പ്രകാരമാണ് കേസെടുത്തത്.
കോടതി ഉത്തരവ് പ്രകാരം കുട്ടിക്ക് വാക്‌സിനേഷന്‍ നല്‍കേണ്ട കാലാവധി ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് അവസാനിച്ചിരുന്നത്.
തന്റെ ചെയ്തികളുടെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നു എന്നു പറഞ്ഞ ബ്രെഡോ വാക്‌സിനേഷന്‍ തന്റെ വിശ്വാസങ്ങള്‍ക്ക് എതിരാണെന്നും അതിനാല്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്നും അവര്‍ കോടതിയെ അറിയിച്ചു.
“കുട്ടികളെക്കുറിച്ച് വലിയ ആധിയുള്ള അമ്മയാണ് ഞാന്‍. അവരുടെ ആരോഗ്യത്തെക്കുറിച്ചും വളര്‍ച്ചയെക്കുറിച്ചും ആശങ്കയുണ്ട്. ഞാന്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നതിനായി ജയിലില്‍ കിടക്കാനും തയ്യാറാണ്.” അവര്‍ വ്യക്തമാക്കി.
നിങ്ങള്‍ക്ക് കുട്ടിയോട് ഉള്ള സ്‌നേഹം മനസിലാകുന്നു എന്നും എന്നാല്‍ നിങ്ങളുടെ കുട്ടിക്ക് രണ്ട് രക്ഷകര്‍ത്താക്കള്‍ ഉണ്ട് എന്ന് മറക്കരുതെന്നും കോടതി യുവതിയോട് പറഞ്ഞു. തുടര്‍ന്ന് കുട്ടിയെ അച്ഛന്റെ കസ്റ്റഡയില്‍ വിട്ടുകൊടുത്ത കോടതി കുട്ടിക്ക് വാക്‌സിനേഷന്‍ നല്‍കാനും ആവശ്യപ്പെട്ടു.
മിഷിഗണില്‍ മാതാപിതാക്കള്‍ക്ക് കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാതിരിക്കാനും വൈകിപ്പിക്കാനുമുള്ള അവകാശമുണ്ട്. അമേരിക്കയില്‍ ഏറ്റവും കുറവ് വാക്‌സിനേഷന്‍ റേറ്റുള്ള സംസ്ഥാനങ്ങളിലൊന്നാണ് മിഷിഗണ്‍.
വാക്‌സിനുകള്‍ കുട്ടികള്‍ക്ക് ദോഷമുണ്ടാക്കുമെന്നും ഓട്ടിസത്തിന് കാരണമാകുമെന്നുമുള്ള വാക്‌സിന്‍ വിരുദ്ധരുടെ വാദങ്ങളാണ് മിഷിഗണിലെ പലരെയും വാക്‌സിനുകളില്‍ നിന്നും അകറ്റുന്നത്.