വാഷിങ്ടണ്‍: അമ്മ സ്ത്രീയും അച്ഛന്‍ പുരുഷനുമാണെന്ന പുതിയ മാര്‍ഗം പുറപ്പെടുവിച്ച് യു.എസ് ആരോഗ്യ സെക്രട്ടറി ആര്‍.എഫ്.കെ ജൂനിയര്‍. രണ്ട് ലിംഗക്കാര്‍ മാക്രമേയുള്ളൂവെന്ന ഡോണാള്‍ഡ് ട്രംപിന്റെ ഫെഡറല്‍ നയത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം.
സ്ത്രീ അണ്ഡം ഉത്പാദിപ്പിക്കുന്നവളാണെന്നും പുരുഷന് ബീജമുല്‍പ്പാദിപ്പിക്കുകയും ചെയ്യുന്ന പ്രത്യുത്പാദന വ്യവസ്ഥ നിലനില്‍ക്കുന്നതിനാല്‍ തത്ഫലമായി അമ്മ സ്ത്രീയും അച്ഛന്‍ പുരുഷനുമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍വചനം.
ലൈംഗികതയെന്നത് മാറ്റമില്ലാത്ത ബയോളജിക്കലായ വര്‍ഗീകരണമാണെന്നും വ്യക്തികളെ നിര്‍ബന്ധമായും സ്ത്രീ, പുരുഷന്‍ എന്നിങ്ങനെ മാത്രമേ നിര്‍വചിക്കാന്‍ പാടുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ട്രംപ് അധികാരമേറ്റതിന് ശേഷം പ്രഖ്യാപിച്ച നയങ്ങളിലൊന്നായിരുന്നു ആണും പെണ്ണും എന്ന രണ്ട് ലിംഗക്കാര്‍ മാത്രമേയുള്ളൂവെന്നത്. ഇതിനടിസ്ഥാനമായി ലൈംഗികതയെ വ്യാഖ്യാനിക്കാനുള്ള നിര്‍വചനങ്ങള്‍ 30 ദിവസത്തിനുള്ളില്‍ അറിയിക്കാനും ട്രംപ് ആരോഗ്യവകുപ്പിനോട് നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പിന്റെ നടപടി.
സാമാന്യബുദ്ധി തിരികെ കൊണ്ടുവരലും ജൈവികമായ സത്യം പുനസ്ഥാപിക്കലുമാണ് ട്രംപ് ഭരണകൂടത്തിന്റെ ലക്ഷ്യമെന്നും മുമ്പുണ്ടായിരുന്ന ഭരണകൂടത്തിന്റെ നിലപാടുകളെല്ലാം അവസാനിച്ചുവെന്നും ആരോഗ്യ വകുപ്പ് സെക്രട്ടറി പറഞ്ഞു.
ദൗത്യത്തിലെത്താന്‍ വര്‍ഷങ്ങളുടെ പ്രയത്‌നം വേണ്ടി വന്നിരുന്നുവെന്നും ഒടുവിലാണ് സാമാന്യ ബുദ്ധിയിലേക്കും ശാസ്ത്രത്തിലേക്കും തിരിച്ചെത്തിയതെന്നാണ് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരടക്കമുള്ളവരുടെ വാദം.
വര്‍ഷങ്ങളായുള്ള യു.എസ് നിയമങ്ങളില്‍ അച്ഛന്‍, അമ്മ എന്നതിനുപകരം രക്ഷിതാവ് ഒന്ന്, രക്ഷിതാവ് രണ്ട് എന്നാണ് രേഖപ്പെടുത്താറുള്ളത്. ഇതിനാണ് നിലവില്‍ മാറ്റം വന്നിരിക്കുന്നത്. 2011ല്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, ലിംഗഭേദനയം അടിസ്ഥാനമാക്കി രക്ഷകര്‍ത്താവെന്ന പദം കാലഹരണപ്പെട്ടതാണെന്ന് പറഞ്ഞിരുന്നു.
അമേരിക്കയിലെ ജെന്‍ഡറുകളെ ആണും പെണ്ണുമായി മാത്രം പരിമിതപ്പെടുത്തി മറ്റ് ‘റാഡിക്കലും പാഴുമായ’ വൈവിധ്യങ്ങള്‍ അവസാനിപ്പിക്കാനുള്ള ഓര്‍ഡറുകളില്‍ ട്രംപ് ഒപ്പുവെച്ചതായി നേരത്തെ വൈറ്റ് ഹൗസ് ഒദ്യോഗസ്ഥര്‍ അറിയിച്ചു കഴിഞ്ഞിരുന്നു. ഇതിന്റെ തുടക്കമെന്നോണം രാജ്യത്തെ ഫെഡറല്‍ ഏജന്‍സികള്‍ക്കുള്ളില്‍ ട്രാന്‍സ്ജെന്‍ഡറുകളെ അനുവദിക്കുന്ന ഇന്‍ക്ലൂഷന്‍ പ്രോഗ്രാമുകള്‍ക്ക് ട്രംപ് അന്ത്യം കുറിക്കുമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ട്രംപ് ഭരണകൂടത്തിന് കീഴില്‍ അമേരിക്കയുടെ ‘വിശുദ്ധി’ വീണ്ടെടുക്കതിനാണ് പുതിയ അജണ്ട നടപ്പിലാക്കുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. പുതിയ ലിംഗനയം സ്ത്രീകളെ ലിംഗപരമായ തീവ്രപ്രത്യയശാസ്ത്രങ്ങളില്‍ നിന്നും സംരക്ഷിക്കുമെന്നും ഫെഡറല്‍ ഗവണ്‍മെന്റിലെ ജീവശാസ്ത്രപരമായ ആണ്‍-പെണ്‍ വേര്‍തിരിവുകള്‍ നിലനിര്‍ത്തുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.
Content Highlight: Mother is female and father is male; The U.S. Department of Health issued guidance