|

പൊലീസിന് മൊഴി നല്‍കാന്‍ ഇളയപെണ്‍കുട്ടിയെ അമ്മ സമ്മതിച്ചില്ല; വാളയാര്‍ പെണ്‍കുട്ടിയുടെ മാതാവിനെതിരെ വെളിപ്പെടുത്തലുമായി ബന്ധു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയ്‌ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ബന്ധു. പീഡനത്തെത്തുടര്‍ന്ന് 13 വയസുള്ള മൂത്ത പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയപ്പോള്‍ ഒമ്പത് വയസുള്ള രണ്ടാമത്തെ പെണ്‍കുട്ടി മൊഴി നല്‍കാന്‍ തയ്യാറായിരുന്നെന്നും എന്നാല്‍ അമ്മ അതിന് സമ്മതിച്ചില്ലെന്നും മാതാവിന്റെ പിതൃസഹോദരനായ ബന്ധു സി.ബി.ഐക്ക് മൊഴി നല്‍കിയതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

മൂത്തപെണ്‍കുട്ടിയുടെ മരണത്തിന് ശേഷം ഇദ്ദേഹവും കുടുംബവും പെണ്‍കുട്ടികളുടെ വീട്ടില്‍ കുറച്ച് നാള്‍ താമസിച്ചിരുന്നു. ആ സമയത്ത് 13 വയസുകാരി തൂങ്ങിമരിച്ച മുറിയില്‍ മദ്യകുപ്പികളും ചീട്ട് കെട്ടുകളും ഉണ്ടായിരുന്നതായും ബന്ധുവിന്റെ മൊഴിയില്‍ പറയുന്നു.

കൂടാതെ മരണപ്പെട്ട മൂത്ത പെണ്‍കുട്ടിയുടെ തുടയിലും നെഞ്ചിലും സിഗരറ്റ് കുറ്റി കൊണ്ട് പൊള്ളലേല്‍പ്പിച്ചതിന്റെ പാടുകള്‍ ഉണ്ടായിരുന്നതായും ഇദ്ദേഹത്തിന്റെ മൊഴിയിലുണ്ട്. എന്നാല്‍ ഏറെ ദിവസം തന്നെ അവിടെ നില്‍ക്കാന്‍ അനുവദിച്ചില്ലെന്നും മദ്യപിച്ചതിനാല്‍ തന്നോട് വീട്ടില്‍ നിന്ന പോകാന്‍ പറഞ്ഞതായും ബന്ധുവായ സി. കൃഷ്ണന്‍ പറഞ്ഞു.

ഇതിന് പുറമെ പെണ്‍കുട്ടിയുടെ അമ്മ എന്തോ പക പോക്കുന്നപോലെയാണ് ഈ സമയങ്ങളില്‍ പെരുമാറിയതെന്നും മൂത്ത പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ അവളുടെ വസ്ത്രങ്ങളും പുസ്തകങ്ങളും മാതാവ് കത്തിച്ച് കളഞ്ഞതായും ബന്ധു വെളിപ്പെടുത്തി. ഇക്കാര്യങ്ങള്‍ എല്ലാം തന്നെ മൊഴിയായി രേഖാമൂലവും സി.ഡിയായും വാളായാര്‍ സമരസമിതി സി.ബി.ഐക്ക് കൈമാറിയിട്ടുണ്ട്.

അടുത്തിടെ വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ പ്രതിചേര്‍ത്ത് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റമാണ് മാതാപിതാക്കള്‍ക്കെതിരെ ചുമത്തിയത്.

പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ അതിക്രമം നടന്ന കാര്യം മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നെങ്കിലും മറച്ചുവെച്ചുവെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു.തിരുവനന്തപുരം സി.ബി.ഐ യൂണിറ്റ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്.

വിവരം അറിഞ്ഞിട്ടും മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടില്ല എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കൊച്ചിയിലെ സി.ബി.ഐ മൂന്നാം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മാതാപിതാക്കളെ രണ്ടും മൂന്നും പ്രതികളാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നതെന്നാണ് സൂചന.

പീഡന വിവരം അറിഞ്ഞിട്ടും മാതാപിതക്കള്‍ നിയമനടപടികള്‍ സ്വീകരിക്കാതിരുന്നത് ആത്മഹത്യയിലേക്ക് നയിച്ചു എന്നാണ് സി.ബി.ഐയുടെ വിലയിരുത്തല്‍. പോക്സോ കുറ്റങ്ങളില്‍ ആരാണോ പീഡന വിവരം അറിയുന്നത് അവര്‍ അക്കാര്യം പൊലീസിനെ അറിയിക്കണം. എന്നാല്‍ വാളയാര്‍, പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഈ വിവരം മറച്ചുവെച്ചു എന്നാണ് സി.ബി.ഐ ആരോപിക്കുന്നത്.

2017 ജനുവരി ഏഴിനാണ് വാളയാര്‍ അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുമാസത്തിനിപ്പുറം മാര്‍ച്ച് നാലിന് ഇതേ വീട്ടില്‍ അനുജത്തി ഒമ്പത് വയസുകാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീടിന്റെ ഉത്തരത്തില്‍ ഒമ്പത് വയസ്സുകാരിക്ക് തൂങ്ങാനാവില്ലെന്ന കണ്ടെത്തലോടെയാണ് സംശയം ബലപ്പെടുന്നത്. 13 കാരിയുടെ മരണത്തിലെ ഏക ദൃക്‌സാക്ഷി കൂടിയായിരുന്നു ഒമ്പതുകാരി.

പെണ്‍കുട്ടികളെ കൊന്ന് കെട്ടിതൂക്കിയതാണെന്നാണ് മാതാപിതാക്കള്‍ കേസിന്റെ തുടക്കം മുതല്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആത്മഹത്യ ആണെന്നന്ന നിഗമനത്തില്‍ തന്നെയായിരുന്നു സി.ബി.ഐ.

Content Highlight: Mother did not allow young girl to give statement to police; Relative makes revelation against Walayar girl’s mother

Latest Stories