|

തിയേറ്ററിലെ ബാലപീഡനം; കുട്ടിയെ പീഡിപ്പിച്ചത് തന്റെ അറിവോടെയല്ലെന്ന് അമ്മ; അമ്മയ്‌ക്കെതിരെ പോക്‌സോ ചുമത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: സിനിമ തിയേറ്ററിനുള്ളിലെ ബാലപീഡനത്തില്‍ പൊലീസ് ചോദ്യം ചെയ്ത കുട്ടിയുടെ അമ്മയുടെ മൊഴി പുറത്ത്. മകളെ മൊയ്തീന്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കുന്നത് താന്‍ അറിഞ്ഞിട്ടില്ലെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്.

മൊയ്തീന്‍കുട്ടിയെ  പരിചയമുണ്ടെന്നും എന്നാല്‍ തങ്ങള്‍ ഒന്നിച്ചല്ല സിനിമ കാണാന്‍ വന്നതെന്നുമായിരുന്നു പെണ്‍കുട്ടിയുടെ അമ്മ ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ അമ്മയുടെ അറിവോടെയാണ് കുട്ടിക്ക് നേരേ പീഡനം ഉണ്ടായതെന്നും കേസില്‍ അമ്മയേയും പ്രതി ചേര്‍ക്കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ അടക്കമുള്ളവര്‍ ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഈ വിഷയത്തില്‍ അമ്മയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. പീഡനത്തിന് കൂട്ടു നിന്ന കേസിലാണ് കേസെടുത്തതെന്നാണ്പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.


ALSO READ: തിയേറ്ററിലെ ബാലപീഡനം: പ്രതി മൊയ്തീന്‍കുട്ടി പെണ്‍കുട്ടിയെ ഇതിനു മുമ്പും ലൈംഗികമായി പീഡിപ്പിച്ചു; തെളിവെടുപ്പിനായി തിയേറ്ററില്‍ എത്തിക്കാനൊരുങ്ങി പൊലീസ്


അതേസമയം ആരോപണങ്ങള്‍ നിഷേധിക്കുന്ന അമ്മയുടെ മൊഴി വിശ്വസനീയമല്ലെന്ന് പൊലീസ് പറഞ്ഞു. പീഡനത്തിന് ഇരയായ കുട്ടിയും കുടുംബവും കഴിഞ്ഞത് പ്രതി മൊയ്തീന്‍ കുട്ടിയുടെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.കുട്ടിയെ പ്രതി ഇതിനുമുമ്പും പീഡനത്തിന് ഇരയാക്കിയതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.

പെണ്‍കുട്ടിയെ ഇപ്പോള്‍ റസ്‌ക്യൂ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.