| Wednesday, 30th October 2019, 12:41 pm

വാളയാര്‍ കേസില്‍ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ ഒരുങ്ങവെ എതിര്‍പ്പുമായി പെണ്‍കുട്ടികളുടെ അമ്മ രംഗത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: വാളയാര്‍ കേസില്‍ അപ്പീല്‍ പോകാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പെണ്‍കുട്ടികളുടെ അമ്മ രംഗത്ത്. അപ്പീല്‍ പോകാന്‍ താത്പര്യമില്ലെന്നും സി.ബി.ഐ കേസ് അന്വേഷിക്കണമെന്നും അമ്മ മനോരമ ന്യൂസിനോടു പറഞ്ഞു.

കേരളാ പൊലീസിനെക്കൊണ്ട് കേസ് അന്വേഷിപ്പിക്കാന്‍ തങ്ങള്‍ക്കു താത്പര്യമില്ലെന്നും നേരിട്ടു മുഖ്യമന്ത്രിയെക്കണ്ട് ഇക്കാര്യം പറയാനാണ് ഉദ്ദേശിക്കുന്നതെന്നും അവര്‍ പറഞ്ഞു. തങ്ങളെപ്പോലൊരു അച്ഛനും അമ്മയും ഉണ്ടാവരുതെന്നും നീതി ലഭിക്കാനായി ഏതറ്റം വരെയും പോകുമെന്നും അമ്മ പറഞ്ഞു.

കേസിലെ വിധിയുടെ വിശദാംശങ്ങള്‍ ഇന്നാണു പുറത്തുവന്നത്. 13 വയസ്സുള്ള മൂത്ത പെണ്‍കുട്ടി തൂങ്ങിമരിച്ചതു തന്നെയെന്നാണു വിധിയില്‍ പറയുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തൂങ്ങിമരിച്ചതു തന്നെയാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും അതിനെ ചോദ്യം ചെയ്യാത്ത പ്രോസിക്യൂഷന്‍ നിലപാടുമാണ് കോടതി 13 വയസ്സുകാരിയുടേതു തൂങ്ങിമരണമാണെന്ന നിഗമനത്തിലെത്താന്‍ കാരണം.

കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു. ലൈംഗികാക്രമണം നടന്നിട്ടുണ്ടെങ്കില്‍ പ്രത്യേകം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമായിരുന്നെന്നും പൊലീസ് അതു ചെയ്തിട്ടില്ലെന്നും വിധിയില്‍ പറയുന്നു.

അതേസമയം ലൈംഗികാക്രമണമാണ് ആത്മഹത്യക്കു കാരണമെന്നും പ്രോസിക്യൂഷനു തെളിയിക്കാനായിട്ടില്ല. ലൈംഗികാക്രമണം നടന്നതിന്റെ തെളിവുകള്‍ ഹാജരാക്കാനും പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ല. വിധിയിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ:

‘സാഹചര്യത്തെളിവുകളെ മാത്രമാണ് പ്രോസിക്യൂഷന്‍ ആശ്രയിച്ചത്. ലൈംഗികാക്രമണം നടന്നതിന്റെ തെളിവുകളെ ആശ്രയിച്ചില്ല. ആ തെളിവുകളുടെ തുടര്‍ച്ച പ്രോസിക്യൂഷനു നല്‍കാനായിട്ടില്ല. രണ്ടു സാഹചര്യത്തെളിവുകള്‍ മാത്രമാണു വിശ്വാസയോഗ്യം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സാക്ഷിമൊഴികള്‍ പരസ്പരവിരുദ്ധമാണ്. രണ്ടു സാഹചര്യത്തെളിവുകള്‍ മാത്രമാണു വിശ്വാസയോഗ്യമായുള്ളത്. പെണ്‍കുട്ടി പ്രതിയുടെ വീട്ടില്‍പ്പോയത് തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടാണെന്നതു സംബന്ധിച്ച മൊഴികള്‍ പരസ്പര വിരുദ്ധങ്ങളാണ്.

നിയമസഭാ തെരഞ്ഞെടുപ്പിനാണെന്ന് ഒരു സാക്ഷിയും, എസ്.എഫ്.ഐയുമായി ബന്ധപ്പെട്ട ഒരു തെരഞ്ഞെടുപ്പിനാണെന്ന് ഒരു സാക്ഷിയും മൊഴി നല്‍കിയിട്ടുണ്ട്.’

പ്രതി പെണ്‍കുട്ടികളുടെ വീടിനടുത്തു താമസിച്ചിരുന്നെന്നും അവിടെ പെണ്‍കുട്ടി കളിക്കാനോ മറ്റാവശ്യത്തിനോ പോയിരുന്നെന്നുമുള്ള കാര്യങ്ങള്‍ മാത്രമാണു സാഹചര്യത്തെളിവുകളുടെ കാര്യത്തില്‍ വിശ്വാസയോഗ്യമായത്.

പെണ്‍കുട്ടികളുടെയും പ്രതികളുടെയും രാസപരിശോധന നടത്തിയെങ്കിലും ലൈംഗികാക്രമണം നടന്നതായി കണ്ടെത്താനായിട്ടില്ലെന്നതും വിധിയില്‍ ചൂണ്ടിക്കാട്ടുന്നു.

We use cookies to give you the best possible experience. Learn more