| Tuesday, 14th February 2023, 12:18 pm

യു.പിയില്‍ ഒഴിപ്പിക്കല്‍ നടപടിക്കിടെ അമ്മയും മകളും തീപ്പൊള്ളലേറ്റ് മരിച്ചു; വീടിന് പൊലീസ് തീയിടുകയായിരുന്നെന്ന് കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാണ്‍പൂര്‍: ഉത്തര്‍പ്രദേശ് കാണ്‍പൂരില്‍ പൊലീസിന്റെ ഒഴുപ്പിക്കല്‍ നടപടിക്കിടെ അമ്മയും മകളും കൊല്ലപ്പെട്ടു. പ്രമീള ദീക്‌സിത് (45) മകള്‍ നേഹ സെറ്റ് (20) എന്നിവരാണ് കൊല്ലപ്പെട്ടത്.

വീടിനകത്ത് ആളുകള്‍ ഉള്ള സമയത്ത് പൊലീസ് വീടുകള്‍ക്ക് തീയിടുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു.

‘വീടിനുള്ളില്‍ ആളുകള്‍ ഉള്ള സമയത്ത് തന്നെ അവര്‍ തീയിടുകയായിരുന്നു. ഞങ്ങള്‍ക്ക് കഷ്ടിച്ച് രക്ഷപ്പെടാന്‍ സാധിച്ചു. ആര്‍ക്കും എന്റെ അമ്മയെ രക്ഷിക്കാന്‍ സാധിച്ചില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടെ അമ്പലം നഷ്ടമായി. ഇതൊക്കെ കണ്ടുകൊണ്ടിരുന്ന ജില്ലാ മജിസ്‌ട്രേറ്റ് പോലും ഒന്നും ചെയ് തില്ല’, പ്രമീളയുടെ മകന്‍ ശിവം ദീക്‌സിത് പറഞ്ഞു.

എന്നാല്‍ ഈ ആരോപണം പൊലീസ് നിഷേധിച്ചു. കൊല്ലപ്പെട്ട രണ്ട് പേരും സ്വയം തീ കൊളുത്തുകയായിരുന്നെന്നും പ്രമീളയുടെ ഭര്‍ത്താവും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ദിനേഷ് ഗൗതമും അവരെ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും പ്രാദേശിക പൊലീസ് പറഞ്ഞു.

സംഭവത്തില്‍ 13 പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് വ്യക്തമാക്കി. സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, ബുള്‍ഡോസര്‍ ഓപ്പറേറ്റര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്.

‘ഒരു സ്ത്രീയും മകളും സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്തുവെന്നാണ് ഞങ്ങള്‍ അറിഞ്ഞത്. ഞങ്ങള്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഈ സംഭവത്തില്‍ കൃത്യമായി അന്വേഷണം നടത്തും. കുറ്റക്കാരായ ആരെയും വെറുതെ വിടില്ല,’ പൊലീസ് സൂപ്രണ്ട് ബി.ബി.ജി.ടി.എസ് മൂര്‍ത്തി പറഞ്ഞു.

പൊലീസിന്റെ ഒഴിപ്പിക്കല്‍ നടപടികള്‍ വീഡിയോ വഴി ചിത്രീകരിക്കാറുണ്ടെന്നും ആ വീഡിയോ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കാണ്‍പൂര്‍ കമ്മീഷണര്‍ രാജ് ശേഖര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പൊലീസും, റവന്യൂ ഉദ്യേഗസ്ഥരുമടങ്ങുന്ന സംഘം സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത കയ്യേറ്റം തടയാന്‍ വേണ്ടി മടൗലി ഗ്രാമത്തില്‍ എത്തിയിരുന്നു. സര്‍ക്കാര്‍ ഭൂമിയിലാണ് പ്രമീളയുടെ വീട് നിലനില്‍ക്കുന്നതെന്ന് പൊലീസ് ആരോപിച്ചു.

പൊലീസിനെ കണ്ടയുടനെ പ്രമീള വീട്ടിലേക്ക് കയറിപ്പോകുകയായിരുന്നുവെന്നും തീ കൊളുത്തുകയായിരുന്നെന്നും പൊലീസ് ആരോപിച്ചു.

എന്നാല്‍ ചൊവ്വാഴ്ച രാവിലെ പൊലീസ് ബുള്‍ഡോസറുമായി വരികയായിരുന്നുവെന്ന് നിവാസികള്‍ പറഞ്ഞു. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് പൊലീസ് ഒഴിപ്പിക്കല്‍ നടപടി തുടങ്ങിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

content highlight: Mother, daughter die in fire during evacuation in UP; The family said that the police had set the house on fire

We use cookies to give you the best possible experience. Learn more