കശ്മീര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പൂഞ്ച് ജില്ലയിലെ സലോത്രിയല്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ അമ്മയും രണ്ടു കുട്ടികളും കൊല്ലപ്പെട്ടു. റുബാന കൗസര്‍ (24) ഇവരുടെ മകന്‍ ഫസാന് (5), ഒമ്പതുമാസം പ്രായമുള്ള മകള്‍ ഷബ്നം എന്നിവരാണ് പാക് ഷെല്ലാക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്.
റുബാന കൗസറിന്റെ ഭര്‍ത്താവ് ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭാവിച്ചതായും സൈനികവൃത്തങ്ങള്‍ അറിയിച്ചു. ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് നിയന്ത്രണ രേഖക്ക് 5 കിലോമീറ്റര്‍ ചുറ്റളവിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു.
നേരത്തെ പൂഞ്ച് ജില്ലയിലെ മാങ്കോട്ടില്‍ വെടിവെപ്പില്‍ നസീം അക്തര്‍ എന്നു പേരുള്ള സ്ത്രീക്ക് പരിക്ക് പറ്റിയതായി ഉദ്യോഗസ്ഥര് സ്ഥിരീകരിച്ചിരുന്നു.
പൂഞ്ചിലെ സലോത്രി, മന്‍കോട്ട്, കൃഷ്ണഗടി, ബാലകോട്ട് എന്നിവിടങ്ങളിലും പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഷെല്ലാക്രമണം നടക്കുന്നുണ്ട്. എട്ടുദിവസമായി പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പ്രകോപനം തുടരുകയാണ്.
പൂഞ്ച്, രജൗറി, ജമ്മു, ബാരാമുള്ള ജില്ലകളില്‍ ജനവാസകേന്ദ്രങ്ങളും സൈനിക പോസ്റ്റുകളും ലക്ഷ്യമിട്ട് തുടര്‍ച്ചയായി പാക് സൈന്യം വെടിവെക്കുന്നുണ്ട്. വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 60 തവണയാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരിക്കുന്നത്.
അതേസമയം, വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ ഇന്ത്യയ്ക്ക് പാകിസ്ഥാന്‍ കൈമാറി. ആറു മണിക്കൂറോളം വൈകിപ്പിച്ച ശേഷമാണ് അഭിന്ദനെ ഇന്ത്യയ്ക്ക് കൈമാറുന്നത്. മൂന്ന് ദിവസം പാക് കസ്റ്റഡിയില്‍ കഴിഞ്ഞ ശേഷമാണ് അഭിനന്ദന്‍ ഇന്ത്യയിലേക്ക് എത്തുന്നത്. ആദ്യം ഉച്ചയോടെയായിരിക്കും കൈമാറ്റം നടത്തുകയെന്ന് അറിയിച്ച പാകിസ്ഥാന്‍ പിന്നീട് ഇത് വൈകിപ്പിക്കുകയായിരുന്നു.
അഭിനന്ദനെ റാവല്‍ പിണ്ടിയില്‍ നിന്നാണ് ലാഹോറില്‍ എത്തിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി റോഡ് മാര്‍ഗം വാഗാ അതിര്‍ത്തിയില്‍ എത്തിക്കുകയായിരുന്നു. വളരെ സുരക്ഷയോടെയാണ് പാക് സൈന്യം വാഗാ അതിര്‍ത്തിയിലേക്ക് കൊണ്ടുവന്നത്. നാലോളം പൈലറ്റ് വാഹനത്തിന്റെ അകമ്പടിയിലാണ് അഭിനന്ദനെ എത്തിച്ചത്.
അഭിനന്ദനെ കൈമാറുന്ന വേളയില്‍ എയര്‍ വൈസ് മാര്‍ഷല്‍മാരായ പ്രഭാകരനും ആര്‍ജികെ കപൂറും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. അഭിനന്ദനെ കൈമാറിയതായി വ്യോമസേനയും ഔദ്യഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അഭിനന്ദനെ തിരികെ എത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് വ്യോമസേന അറിയിച്ചു.