തിരുവനന്തപുരം: സിനിമാ താരങ്ങളുടെ നികുതി തട്ടിപ്പ് പുറത്തായതിനുശേഷം കേരളത്തിലെ മോട്ടോര്‍വാഹന നികുതിവരുമാനത്തില്‍ കുതിപ്പുണ്ടായെന്ന് ധനമന്ത്രി തോമസ് ഐസക്. മറ്റെല്ലാ നികുതിയിനങ്ങളിലും വളര്‍ച്ച കുറഞ്ഞപ്പോള്‍ മോട്ടോര്‍വാഹന നികുതിവരുമാനം 22 ശതമാനം വളര്‍ന്നതായി മന്ത്രി പറഞ്ഞു.
നേരത്തെ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ചെയ്ത് നികുതിത്തട്ടിപ്പ് നടത്തിയതിന് സിനിമാ താരങ്ങളുടെ പേരില്‍ കേസെടുത്തിരുന്നു. ഇതിനുശേഷമാണ് വാഹന നികുതിയിനത്തില്‍ വര്‍ധനവുണ്ടായത്.
“”രണ്ടു മാന്യന്മാരുടെ പേരില്‍ കേസ് വന്നതോടെ എല്ലാവരും വാഹനങ്ങള്‍ കേരളത്തില്‍ത്തന്നെ രജിസ്റ്റര്‍ചെയ്യാന്‍ തുടങ്ങി””
പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ചെയ്തതിന് നടന്‍ ഫഹദ് ഫാസിലിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു. സുരേഷ് ഗോപി എം.പി.യെ പോലീസ് ചോദ്യംചെയ്തു. നടി അമലാപോളിനെതിരേയും കേസുണ്ട്.
അഞ്ചുവര്‍ഷത്തെ വാഹന രജിസ്ട്രേഷന്‍ പരിശോധിച്ച് കേരളത്തിനുപുറത്ത് രജിസ്ട്രേഷന്‍ നടത്തിയ 5000 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മോട്ടോര്‍വാഹന നികുതിയിലെ ഈ വളര്‍ച്ചയാണ് കേരളത്തിലെ നികുതിവരുമാനരംഗത്ത് ഇപ്പോഴുള്ള ഏക രജതരേഖയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.