ലോക സീരീസുകളോട് കിടപിടിക്കുന്ന തരത്തില്‍ ഇന്ത്യയില്‍ നിന്നും ഒരുപാട് സീരീസുകള്‍ പോയ വര്‍ഷം റിലീസായിരുന്നു. കള്ളനോട്ടടി മുഖ്യ പ്രമേയമായി വന്ന ഫര്‍സി, ആന്‍ഡമാന്‍ നിക്കോബാറിനെ കേന്ദ്രീകരിച്ചെത്തിയ കാലാപാനി, ഹൊറര്‍ ത്രില്ലര്‍ ധൂതാ, വിക്രം സാരാഭായുടെയും എ.പി.ജെ അബ്ദുള്‍ കലാമിന്റെയും കഥ പറഞ്ഞ റോക്കറ്റ് ബോയ്‌സ് തുടങ്ങി നിരവധി ഇന്ത്യന്‍ സീരീസുകള്‍ പോയ വര്‍ഷം പുറത്തിറങ്ങി.
ഇവയില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട സീരീസ് ഏതെന്ന കണക്ക് പുറത്തുവിട്ടിരിക്കുകയാണ് മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓര്‍മാക്‌സ് മീഡിയ. രാജ്, ഡി.കെ എന്നിവര്‍ സംവിധാനം ചെയ്ത ഫര്‍സിയാണ് ലിസ്റ്റില്‍ ഒന്നാമത്. 37.1 മില്യണ്‍ ആളുകളാണ് ഫര്‍സി കണ്ടത്. സന്ദീപ് മോഡി സംവിധാനം ചെയ്ത ദ നൈറ്റ് മാനേജരാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യന്‍ പുരാണത്തെ ആസ്പദമാക്കി വന്ന അസുറിന്റെ രണ്ടാം സീസണ്‍ മൂന്നാം സ്ഥാനത്തുണ്ട്.
സണ്ണി, ഫിറോസ് എന്നീ സുഹൃത്തുക്കള്‍ അവരുടെ ആവശ്യത്തിനായി കള്ളനോട്ടടിച്ചു തുടങ്ങുന്നതും പിന്നീട് അതിന്റെ സിന്‍ഡിക്കേറ്റില്‍ പെടുന്നതുമാണ് ഫര്‍സിയുടെ കഥ. ഷാഹിദ് കപൂര്‍, ഭുവന്‍ അറോറ, റാഷി ഖന്ന, വിജയ് സേതുപതി, കേ.കേ മേനോന്‍ എന്നിവരാണ് സീരീസിലെ പ്രധാന കഥാപാത്രങ്ങള്‍. രാജ്, ഡി.കെ എന്നിവരുടെ തന്നെ ഫാമിലി മാന്‍ എന്ന സീരീസിന്റെ റഫറന്‍സ് ഇതില്‍ ഉപയോഗിക്കുകയും ഒരു യൂണിവേഴ്‌സ് ഉണ്ടാക്കുകയും ചെയ്തു.
ആദ്യം മുതല്‍ തന്നെ വളരെ വേഗത്തില്‍ കഥ പറയുന്ന സീരീസിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ് ആരംഭിച്ച സീരീസിന്റെ രണ്ടാം സീസണ്‍ ഉടനെയുണ്ടാകുമെന്നാണ് അണിയറക്കാര്‍ അറിയിച്ചത്.
Content Highlight: Most viewed Indian series of 2023