| Monday, 25th April 2022, 11:27 am

ഇങ്ങനെയൊക്കെ ഔട്ടാവണമെങ്കില്‍ അതിന് സമയദോഷം അല്ലാതെ മറ്റെന്ത് പറയാന്‍...

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമായിരുന്നു ചാമ്പ്യന്‍ ടീമായ മുംബൈ ഇന്ത്യന്‍സ് സീസണിലെ തങ്ങളുടെ തുടര്‍ച്ചയായ എട്ടാം തോല്‍വി ഏറ്റുവാങ്ങിയത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സായിരുന്നു ഇത്തവണ മുംബൈയെ കശാപ്പു ചെയ്തത്.

ബാറ്റിംഗ് നിര പാളിപ്പോയതിന് പിന്നാലെയാണ് മുംബൈ കൂപ്പുകുത്തി വീണത്. ഓപ്പണിംഗും വണ്‍ ഡൗണും മിഡില്‍ ഓര്‍ഡറുമെല്ലാം പാടെ പരാജയപ്പെടുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ മത്സരത്തില്‍ കണ്ടത്.

അത്തരത്തില്‍ സമ്പൂര്‍ണമായി പരാജയപ്പെട്ട ബാറ്ററായിരുന്നു മുംബൈയുടെ ഓപ്പണറായ ഇഷാന്‍ കിഷന്‍. പൊന്നുംവില കൊടുത്ത് ടീമിലെത്തിച്ച താരത്തിന് ഒരിക്കല്‍പ്പോലും തന്റെ മികച്ച പ്രകടനം ടീമിനായി കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ല.

കഴിഞ്ഞ മത്സരത്തിലും ഇഷാന്‍ പരാജയമായിരുന്നു. ടി-20യാണ് കളിക്കുന്നത് എന്ന ബോധമില്ലാതെ 20 പന്തില്‍ നിന്നും എട്ട് റണ്‍സ് മാത്രമാണ് താരം സ്വന്തമാക്കിയത്.

പ്രകടനത്തേക്കാള്‍ നിരാശാജനകമായിരുന്നു ഇഷാന്‍ കിഷന്റെ പുറത്താകല്‍. ക്രിക്കറ്റില്‍ തന്നെ ഏറ്റവും അണ്‍ലക്കി ഡിസ്മിസലായാണ് ക്രിക്കറ്റ് ലോകം ഇതിനെ വിലയിരുത്തുന്നത്.

ലഖ്‌നൗ സ്പിന്നര്‍ രവി ബിഷ്‌ണോയിയുടെ ഗൂഗ്ലി കട്ട് ചെയ്യാന്‍ ശ്രമിച്ച ഇഷാന് പിഴക്കുകയായിരുന്നു. ബാറ്റില്‍ എഡ്ജ് ചെയ്ത പന്ത് വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ കാലില്‍ തട്ടി ഉയര്‍ന്നു പൊങ്ങുകയും സ്ലിപ്പില്‍ നിന്ന ജേസന്‍ ഹോള്‍ഡര്‍ അനായേസന കൈപ്പിടിയിലൊതുക്കുകയുമായിരുന്നു.

ഇതോടെ ടീം സ്‌കോര്‍ 49ല്‍ നില്‍ക്കുമ്പോള്‍ കിഷന്‍ ഔട്ടാവുകയും ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിയുകയുമായിരുന്നു.

നേരത്തെ, ടോസ് നേടി ലഖ്നൗവിനെ ബാറ്റിംഗിനയച്ച മുംബൈ നായകന്‍ രോഹിത് ശര്‍മയുടെ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു ആദ്യ നാല് ഓവറില്‍ കണ്ടത്.

റണ്ണൊഴുക്ക് തടഞ്ഞുനിര്‍ത്താനും ടീം സ്‌കോര്‍ 27ല്‍ നില്‍ക്കെ ഓപ്പണറായ ക്വിന്റണ്‍ ഡി കോക്കിനെ തിരികെ അയക്കാനും മുംബൈയ്ക്കായി. എന്നാല്‍ തുടര്‍ന്നുള്ള ഓവറുകളില്‍ മത്സരം മുംബൈ ഇന്ത്യന്‍സിന്റെ കൈയില്‍ നിന്നും വഴുതി പോവുകയായിരുന്നു.

സ്‌കോര്‍ 85ല്‍ നില്‍ക്കെ മനീഷ് പാണ്ഡേയും 102ല്‍ നില്‍ക്കെ മാര്‍കസ് സ്റ്റോയിന്‍സും 103ല്‍ ക്രുണാല്‍ പാണ്ഡ്യയും കൂടാരം കയറിയിരുന്നു. ഒരു ഭാഗത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും മറുവശത്ത് ഉറച്ചുനിന്ന ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ ആഞ്ഞടിക്കുകയും സീസണിലെ രണ്ടാം സെഞ്ച്വറി നേടുകയും ചെയ്തു.

രാഹുലിന്റെ സെഞ്ച്വറിയുടെ മികവിലാണ് ലഖ്നൗ 168 എന്ന തെറ്റില്ലാത്ത സ്‌കോറില്‍ ഇന്നിംഗ്സ് അവസാനിപ്പിച്ചത്.

പതിവില്‍ നിന്നും വിപരീതമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ബാറ്റില്‍ നിന്നും റണ്‍സ് പിറന്ന കാഴ്ചയും വാംഖഡെയില്‍ കണ്ടു. 31 പന്തില്‍ നിന്നും 39 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ആദ്യ മത്സരങ്ങളില്‍ പ്രകടനം ആവര്‍ത്തിക്കാനാവാതെ സൂര്യകുമാര്‍ യാദവും ബ്രെവിസും പെട്ടന്ന് തന്നെ പുറത്തായപ്പോള്‍ തിലക് വര്‍മ മാത്രമാണ് തന്റെ സ്ഥിരത നിലനിര്‍ത്തിയത്. 27 പന്തില്‍ നിന്നും 38 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

പൊള്ളാര്‍ഡ് ഒരു ചെറുത്തുനില്‍പിന് ശ്രമിച്ചെങ്കിലും കാര്യമായ പിന്തുണയില്ലാതെ അതും അവസാനിച്ചു. തുടര്‍ന്നുവന്ന ബാറ്റര്‍മാര്‍ ഒന്നിന് പിന്നാലെ ഒന്നായി കൂടാരം കയറിയപ്പോള്‍ മുംബൈ സീസണിലെ എട്ടാം തോല്‍വി ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.

Content Highlight: Most unlucky dismissal in IPl 2022, Ishan Kishan, Mumbai Indians

We use cookies to give you the best possible experience. Learn more