| Friday, 19th May 2023, 5:36 pm

കണക്കുകള്‍ പറയുന്നു ചെയ്‌സ് മാസ്റ്റര്‍ വിരാടല്ല, ഇവനാണ്; രാഹുലിന്റെ സ്റ്റാറ്റ്‌സ് ആരെയും അമ്പരപ്പിക്കും

സ്പോര്‍ട്സ് ഡെസ്‌ക്

ചെയ്‌സ് മാസ്റ്ററെന്നാണ് ഇന്ത്യന്‍ ലെജന്‍ഡ് വിരാട് കോഹ്‌ലിയുടെ വിളിപ്പേരുകളിലൊന്ന്. എതിരാളികളുടെ ഏത് വമ്പന്‍ ടോട്ടലും അനായാസം മറികടക്കുന്ന, ചെയ്‌സിങ്ങില്‍ ടീമിന്റെ നെടും തൂണാകുന്ന റണ്‍ മെഷീനാണ് വിരാട്.

ട്രിക്കി റണ്‍ ചെയ്‌സ് മുതല്‍ ബിഗ് സ്‌കോര്‍ ചെയ്‌സ് വരെ എന്തും വിരാടിന് സമമാണ്. അതിപ്പോള്‍ പേ ടിഎം ട്രോഫി ആയാലും ലോകകപ്പ് ആയാലും ചെയ്‌സിങ്ങില്‍ വിരാട് പുലിയാണ്.

വിരാടിന്റെ ചെയ്‌സിങ് മികവ് പലതവണ ക്രിക്കറ്റ് ലോകം കണ്ടതാണ്. 2022 ടി-20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ വിരാടിന്റെ ഇന്നിങ്‌സ് ഒരു ക്രിക്കറ്റ് പ്രേമിയും മറക്കില്ല. ഒരുപക്ഷേ വിരാട് നൂറ് സെഞ്ച്വറിയടിച്ചാലും മാന്‍ ഓഫ് ദി മാച്ചും മാന്‍ ഓഫ് ദി സീരീസും വാരിക്കൂട്ടിയാലും പാകിസ്ഥാനെതിരായ ആ ഇന്നിങ്‌സിനോളം വലിപ്പമൊന്നും അവയ്ക്കുണ്ടാകാനിടയില്ല.

ഐ.പി.എല്ലിലും വിരാട് തന്റെ വിശ്വരൂപം പലപ്പോഴായി പ്രകടമാക്കിയിട്ടിണ്ട്. കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സിനെതിരെ സെഞ്ച്വറി നേടിക്കൊണ്ട് ടീമിനെ വിജയത്തിലേക്ക് നയിച്ചാണ് വിരാട് തരംഗം സൃഷ്ടിക്കുന്നത്.

ഐ.പി.എല്ലില്‍ ഒരു മത്സരത്തില്‍ ചെയ്‌സിങ്ങിനിറങ്ങുമ്പോള്‍ ഏറ്റവുമധികം തവണ ടോപ് സ്‌കോററായ ഇന്ത്യന്‍ താരവും വിരാട് തന്നെയാണ്. കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറിയടക്കം 28 തവണയാണ് വിരാട് ചെയ്‌സിങ്ങില്‍ ടോപ് സ്‌കോററായിരിക്കുന്നത്. തൊട്ടുപുറകെ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയുണ്ട്. 26 തവണയാണ് ഹിറ്റ്മാന്‍ ചെയ്‌സിങ്ങില്‍ ടീമിന്റെ ടോപ് സ്‌കോററായത്.

റണ്‍ ചെയ്‌സിലെ ടോപ് സ്‌കോററര്‍മാര്‍ (ഇന്ത്യന്‍ താരങ്ങള്‍)

വിരാട് കോഹ്‌ലി – 28 തവണ (111 ഇന്നിങ്‌സ്)

രോഹിത് ശര്‍മ – 26 (112 ഇന്നിങ്‌സ്)

ഗൗതം ഗംഭീര്‍ – 22 (89 ഇന്നിങ്‌സ്)

ശിഖര്‍ ധവാന്‍ – 22 (90 ഇന്നിങ്‌സ്)

കെ.എല്‍. രാഹുല്‍ – 21 (49 ഇന്നിങ്‌സ്)

റോബിന്‍ ഉത്തപ്പ – 21 (115 ഇന്നിങ്‌സ്)

എന്നാല്‍ ഇന്ത്യന്‍ താരങ്ങളെ കണക്കിലെടുക്കുമ്പോള്‍ മാത്രമാണ് വിരാട് കോഹ്‌ലിക്ക് ഒന്നാം സ്ഥാനത്ത് നില്‍ക്കാന്‍ സാധിക്കുക. ഐ.പി.എല്ലില്‍ വിരാട് കോഹ്‌ലിക്ക് ചെക്ക് വെക്കാന്‍ പോന്ന ഒരേയൊരുവനായ ഡേവിഡ് വാര്‍ണറാണ് ഇക്കാര്യത്തില്‍ ഒന്നാമന്‍.

ചെയ്‌സിങ്ങിലെ 90 ഇന്നിങ്‌സുകളില്‍ നിന്നും 37 തവണയാണ് വാര്‍ണര്‍ ടോപ് സ്‌കോററായത്.

റണ്‍വേട്ടക്കാരുടെ പട്ടികയിലും ഏറ്റവുമധികം തവണ 400+ സകോര്‍ നേടിയ താരങ്ങളുടെ പട്ടികയിലും മറ്റ് റെക്കോഡുകളിലും വിരാടിനോട് കിടപിടിക്കാന്‍ പോന്നവന്‍ വാര്‍ണര്‍ മാത്രമാണ്.

Content Highlight: Most Top-scores in IPL chases, Virat Kohli tops among Indians

We use cookies to give you the best possible experience. Learn more