| Monday, 30th December 2019, 3:41 pm

കോഹ്‌ലിയല്ല, 2019 ല്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് ഈ താരം; വിലക്കിയിട്ടും രണ്ടാമതെത്തി സ്മിത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ഏകദിന ലോകകപ്പും ടെസ്റ്റിലെ ലോക ചാമ്പ്യന്‍ഷിപ്പുമെല്ലാമായി ക്രിക്കറ്റിലെ മികച്ച വര്‍ഷമാണ് കടന്നുപോകുന്നത്. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് ടീമുകള്‍ മികച്ച പ്രകടനവുമായി തിളങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകള്‍ തിരിച്ചടി നേരിട്ട വര്‍ഷം കൂടിയാണ് 2019.

ഡേ-നൈറ്റ് ടെസ്റ്റും ആഷസും ലോകചാമ്പ്യന്‍ഷിപ്പുമായി ക്രിക്കറ്റിന്റെ ലോംഗ് ഫോര്‍മാറ്റ് ജനപ്രീതി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലുമാണ്.

ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചപ്പോള്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ ഇന്ത്യക്കാര്‍ക്ക് ആദ്യ മൂന്നിലെത്താനായില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ടെസ്റ്റ് റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയുടെ രണ്ട് താരങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഉള്‍പ്പെട്ടത്.

ഓസീസിന്റെ പുത്തന്‍ കണ്ടെത്തലായ മാര്‍നസ് ലബുഷാനെയാണ് 2019 ല്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത്. സ്റ്റീവ് സ്മിത്തിന് പകരക്കാനായെത്തിയ താരം അതിശയിപ്പിക്കുന്ന സ്ഥിരത കാഴ്ചവെച്ചാണ് സ്മിത്തിനെ തന്നെ പിന്നിലാക്കി ഒന്നാമതെത്തിയത്.

മാര്‍നസ് ലബുഷാനെ

ഈ വര്‍ഷം 1000 റണ്‍സ് ടെസ്റ്റില്‍ മറികടന്ന ഏക താരവും മാര്‍നസാണ്. 17 ഇന്നിംഗ്‌സുകളിലായി 64.91 ബാറ്റിംഗ് ശരാശരിയില്‍ 1104 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും ഏഴ് അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടും.

പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് ഒരു വര്‍ഷത്തെ വിലക്ക് മാറി തിരിച്ചെത്തിയ സ്റ്റീവ് സ്മിത്ത് വിമര്‍ശകരുടെ വായടപ്പിച്ച വര്‍ഷം കൂടിയാണ് 2019. മാര്‍ച്ച് മാസത്തില്‍ തന്നെ സ്മിത്തിന്റെ വിലക്കവസാനിച്ചിരുന്നെങ്കിലും ആഗസ്റ്റിലാണ് സ്മിത്ത് ടെസ്റ്റ് കളിക്കാനിറങ്ങുന്നത്.

ആഷസിലെ ഒന്നാം ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സിലും സെഞ്ച്വറി നേടിയാണ് സ്മിത്ത് തന്റെ തിരിച്ചുവരവറിയിച്ചത്. ഇംഗ്ലണ്ടില്‍ മറ്റ് ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് അടിതെറ്റിയപ്പോള്‍ നാലാം ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടിക്കൊണ്ട് സ്മിത്ത് തന്റെ പ്രതിഭയ്ക്ക് കോട്ടം തട്ടിയിട്ടില്ലെന്ന് തെളിയിച്ചു.

സ്റ്റീവ് സ്മിത്ത്

ആഷസിലെ ഏഴ് ഇന്നിംഗ്‌സുകളില്‍ നിന്ന് മാത്രം സ്മിത്ത് നേടിയത് 774 റണ്‍സാണ്. 110.57 ആയിരുന്നു ആഷസിലെ ബാറ്റിംഗ് ശരാശരി.! 2019 ല്‍ 13 ടെസ്റ്റില്‍ നിന്ന് 965 റണ്‍സാണ് സ്മിത്തിന്റെ സമ്പാദ്യം.

ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് പട്ടികയിലെ മൂന്നാമന്‍. ഒരു ഇരട്ടസെഞ്ച്വറിയും ഒരു സെഞ്ച്വറിയുമടക്കം 23 ഇന്നിംഗ്‌സുകളില്‍ നിന്ന് റൂട്ട് സ്വന്തമാക്കിയത് 851 റണ്‍സാണ്. ആഷസില്‍ 325 റണ്‍സും നേടി.

ജോ റൂട്ട്

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more