മുംബൈ ഇന്ത്യന്‍സിനെ മറികടക്കാന്‍ ഇന്ത്യക്ക് വേണ്ടത് വെറും നാല് ജയം; ഐ.പി.എല്‍ തുടങ്ങിയാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല
Sports News
മുംബൈ ഇന്ത്യന്‍സിനെ മറികടക്കാന്‍ ഇന്ത്യക്ക് വേണ്ടത് വെറും നാല് ജയം; ഐ.പി.എല്‍ തുടങ്ങിയാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 9th February 2024, 4:43 pm

ടി-20 ഫോര്‍മാറ്റില്‍ തങ്ങളുടെ അപ്രമാദിത്യം തുടരുകയാണ് മുംബൈ ഇന്ത്യന്‍സ്. 2008 മുതല്‍ ഐ.പി.എല്ലിന്റെ ഭാഗമായ ഈ ചാമ്പ്യന്‍ ടീം അഞ്ച് തവണയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കപ്പുയര്‍ത്തിയത്.

കിരീടനേട്ടത്തില്‍ മാത്രമല്ല, വിജയിച്ച മത്സരങ്ങളുടെ കണക്കെടുക്കുമ്പോഴും മുംബൈ ഇന്ത്യന്‍സ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യന്‍ ദേശീയ ടീമിനെ പോലും വെട്ടിക്കൊണ്ടാണ് മുംബൈ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

 

നിലവില്‍ 151 വിജയമാണ് മുംബൈ ഇന്ത്യന്‍സിനുള്ളത്. എന്നാല്‍ ഇന്ത്യക്കാകട്ടെ 148 വിജയവും. മൂന്നാമതുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന് 146 വിജയമാണ് സ്വന്തമാക്കാന്‍ സാധിച്ചത്.

വിലക്കിന് പിന്നാലെ രണ്ട് സീസണുകള്‍ നഷ്ടപ്പെട്ടതാണ് സൂപ്പര്‍ കിങ്‌സിന് തിരിച്ചടിയായത്. അല്ലെങ്കില്‍ ഒരുപക്ഷേ അഞ്ച് തവണ ചാമ്പ്യന്‍മാരായ സൂപ്പര്‍ കിങ്‌സ് തന്നെ ഈ നേട്ടം സ്വന്തമാക്കുമായിരുന്നു.

മാര്‍ച്ച് 24ന് ആരംഭിക്കുന്ന ഐ.പി.എല്ലിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് നിലമെച്ചപ്പെടുത്തുമെന്നും ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്ത്യയെ മറികടക്കുമെന്നുമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

അതേസമയം, വരാനിരിക്കുന്ന ടി-20 ലോകകപ്പിലാണ് ഇന്ത്യ ഇനി ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ കളത്തിലിറങ്ങുക. ഗ്രൂപ്പ് ഘട്ടത്തില്‍ നാല് മത്സരങ്ങളാണ് ഇന്ത്യ കളിക്കുക.

ലോകകപ്പില്‍ ഷെഡ്യൂള്‍ ചെയ്യപ്പെട്ട ഇന്ത്യയുടെ മത്സരങ്ങള്‍

ജൂണ്‍ 5 – vs അയര്‍ലന്‍ഡ് – ഈസ്റ്റ് മെഡോ, ന്യൂയോര്‍ക്

ജൂണ്‍ 9 – vs പാകിസ്ഥാന്‍ – ഈസ്റ്റ് മെഡോ, ന്യൂയോര്‍ക്

ജൂണ്‍ 12 – vs യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക – ഈസ്റ്റ് മെഡോ, ന്യൂയോര്‍ക്

ജൂണ്‍ 15 vs കാനഡ – സെന്‍ട്രല്‍ ബൊവാര്‍ഡ് റീജ്യണല്‍ പാര്‍ക്

ലോകകപ്പിന് ശേഷം ഇന്ത്യ അഞ്ച് ടി-20 മത്സരങ്ങള്‍ക്കായി സിംബാബ്‌വേയില്‍ പര്യടനം നടത്തും. ജൂലൈ ആറിനാണ് ഇന്ത്യയുടെ സിംബാബ്‌വന്‍ പര്യടനം ആരംഭിക്കുന്നത്.

ഇന്ത്യ – സിംബാബ്‌വേ ടി-20 പരമ്പര

ജൂലൈ 6 – ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബ്

ജൂലൈ 7 – ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബ്

ജൂലൈ 10 – ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബ്

ജൂലൈ 13 – ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബ്

ജൂലൈ 14 – ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബ്

 

Content highlight: Most T20 wins by a teas, Mumbai Indians tops the list