| Tuesday, 19th March 2024, 1:12 pm

മുംബൈ ഇന്ത്യന്‍സിനും ചെന്നൈ സൂപ്പര്‍ കിങ്‌സിനുമൊപ്പം ഇനി പാകിസ്ഥാന്‍ സൂപ്പര്‍ ടീമും; കൗണ്ടര്‍പാര്‍ട്ടുകളിലെ മുമ്പന്‍മാര്‍

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനല്‍ മത്സരത്തില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനെ പരാജയപ്പെടുത്തി ഇസ്‌ലമാബാദ് യുണൈറ്റഡ് കിരീടമുയര്‍ത്തിയിരുന്നു. കറാച്ചിയിലെ നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റിനായിരുന്നു ഇസ്‌ലമാബാദ് സിംഹങ്ങളുടെ വിജയം.

അവസാന പന്ത് വരെ ആവേശം തിങ്ങി നിറഞ്ഞ മത്സരത്തില്‍ മുള്‍ട്ടാനെ ഒരിക്കല്‍ക്കൂടി ഫൈനലില്‍ കരയിച്ചാണ് ഇസ്‌ലമാബാദ് ഫൈനല്‍ കിരീടം ചൂടിയത്. അവസാന പന്തില്‍ വിജയിക്കാന്‍ ഒരു റണ്‍സ് വേണമെന്നിരിക്കെ ബൗണ്ടറിയടിച്ചാണ് യുണൈറ്റഡ് വിജയം സ്വന്തമാക്കിയത്.

ഈ വിജയത്തിന് പിന്നാലെ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവും സക്‌സസ്ഫുള്‍ ടീം എന്ന നേട്ടം സ്വന്തമാക്കാനും ഇസ്‌ലമാബാദിനായി. ഇത് മൂന്നാം തവണയാണ് യുണൈറ്റഡ് പി.എസ്.എല്ലിന്റെ രാജാക്കന്‍മാരാകുന്നത്.

2016ല്‍ ആരംഭിച്ച ടൂര്‍ണമെന്റിന്റെ ഉദ്ഘാടന സീസണില്‍ ക്വേറ്റ ഗ്ലാഡിയേറ്റേഴ്‌സിനെ തോല്‍പിച്ചാണ് യുണൈറ്റഡ് കിരീടവേട്ട ആരംഭിക്കുന്നത്. യു.എ.ഇയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് യുണൈറ്റഡ് ഗ്ലാഡിയേറ്റേഴ്‌സിനെ തോല്‍പിച്ചുവിട്ടത്.

ശേഷം 2018ല്‍ യുണൈറ്റഡ് വീണ്ടും കിരീടം നേടി. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ പെഷവാര്‍ സാല്‍മിയെ പരാജയപ്പെടുത്തിയാണ് ജെ.പി ഡുമ്‌നിയുടെ നേതൃത്വത്തിലിറങ്ങിയ യുണൈറ്റഡ് കിരീടം സ്വന്തമാക്കിയത്.

ഇപ്പോള്‍ 2024ല്‍ വീണ്ടും കിരീടം നേടി പി.എസ്.എല്ലില്‍ ഏറ്റവുമധികം കിരീടം നേടിയ ടീം എന്ന ഖ്യാതിയും യുണൈറ്റഡ് സ്വന്തമാക്കി.

ലാഹോര്‍ ഖലന്ദേഴ്‌സ് (2022, 2023), പെഷവാര്‍ സാല്‍മി (2017), ക്വേറ്റ ഗ്ലാഡിയേറ്റേഴ്‌സ് (2019), കറാച്ചി കിങ്‌സ് (2020), മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് (2021) എന്നിവരാണ് പി.എസ്.എല്ലില്‍ കിരീടം നേടിയ മറ്റ് ടീമുകള്‍.

പി.എസ്.എല്ലിലെ മോസ്റ്റ് സക്‌സസ്ഫുള്‍ ടീം എന്ന നേട്ടം സ്വന്തമാക്കിയതോടെ മറ്റ് ഫ്രാഞ്ചൈസി ലീഗുകളിലെ ടീമുകള്‍ക്കൊപ്പം തങ്ങളുടെ സ്ഥാനം ഉറപ്പിച്ചിരിക്കുയാണ് യുണൈറ്റഡ്.

വിവിധ ടി-20 ക്രിക്കറ്റ് ലീഗുകളിലെ മോസ്റ്റ് സക്‌സസ്ഫുള്‍ ടീമുകള്‍ (പുരുഷ ടീമുകള്‍)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് – മുംബൈ ഇന്ത്യന്‍സ് & ചെന്നൈ സൂപ്പര്‍ കിങ്‌സ് – അഞ്ച് കിരീടം

ബിഗ് ബാഷ് ലീഗ് – പെര്‍ത്ത് സ്‌ക്രോച്ചേഴ്‌സ് – അഞ്ച് കിരീടം

കരീബിയന്‍ പ്രീമിയര്‍ ലീഗ് – ട്രിബാംഗോ നൈറ്റ് റൈഡേഴ്‌സ് – നാല് കിരീടം

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് – കൊമില്ല വിക്ടോറിയന്‍സ് – നാല് കിരീടം

ലങ്കന്‍ പ്രീമിയര്‍ ലീഗ് – ജാഫ്‌ന കിങ്‌സ് – മൂന്ന് കിരീടം

പാകിസ്ഥാന്‍ സൂപ്പര്‍ ലിഗ് – ഇസ്‌ലമാബാദ് യുണൈറ്റഡ് – മൂന്ന് കിരീടം

ടി-20 ബ്ലാസ്റ്റ് / വൈറ്റാലിറ്റി ബ്ലാസ്റ്റ് – ലെസ്റ്റര്‍ഷെയര്‍ ഫോക്‌സസ് & ഹാംഷെയര്‍ ഹോക്‌സ് – മൂന്ന് കിരീടം

എസ്.എ20 – സണ്‍റൈസേഴ്‌സ് ഈസ്‌റ്റേണ്‍ കേപ് – രണ്ട് കിരീടം

ഐ.എല്‍.ടി-20 – ഗള്‍ഫ് ജയന്റ്‌സ് & എം.ഐ എമിറേറ്റ്‌സ് – ഒരു കിരീടം വീതം

എം.എല്‍.സി – എം.ഐ ന്യൂയോര്‍ക് – ഒരു കിരീടം

ദി ഹണ്‍ഡ്രഡ്* സതേണ്‍ ബ്രേവ്, ട്രെന്റ് റോക്കറ്റ്‌സ് & ഓവല്‍ ഇന്‍വിന്‍സിബിള്‍സ് – ഓരു കിരീടം വീതം

Content highlight: Most successful teams in men’s T20 cricket league

We use cookies to give you the best possible experience. Learn more