മൂന്ന് ടീമിന്റെ അന്തകനായ വാര്‍ണറും ഒരാളുടെ കാലനായ സഞ്ജുവും; ഐ.പി.എല്‍ പൊടിപൊടിക്കാന്‍ ഇവരെത്തുന്നു
IPL
മൂന്ന് ടീമിന്റെ അന്തകനായ വാര്‍ണറും ഒരാളുടെ കാലനായ സഞ്ജുവും; ഐ.പി.എല്‍ പൊടിപൊടിക്കാന്‍ ഇവരെത്തുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 19th March 2024, 9:45 am

ഐ.പി.എല്‍ 2024ന്റെ ആവേശം അണപൊട്ടിയൊഴുകാന്‍ ഇനി കേവലം മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പാണുള്ളത്. ഐ.സി.സിയുടെ ക്രിക്കറ്റ് കലണ്ടറിനെ പോലും സ്വാധീനിച്ച, ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗ് അതിന്റെ 17ാം എഡിഷനിലേക്കാണ് കാലെടുത്ത് വെക്കാന്‍ ഒരുങ്ങുന്നത്.

കിരീടം നിലനിര്‍ത്താനുറച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇറങ്ങുമ്പോള്‍ ഒരിക്കല്‍ നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാനാണ് രാജസ്ഥാന്‍ റോയല്‍സും മുംബൈ ഇന്ത്യന്‍സും സണ്‍ റൈസേഴ്‌സും അടക്കമുള്ള ടീമുകള്‍ ഒരുങ്ങുന്നത്.

ടൂര്‍ണമെന്റ് ആരംഭിച്ച 2008 മുതല്‍ ഐ.പി.എല്ലിന്റെ ഭാഗമായിട്ടും ഒരിക്കല്‍ പോലും കിരീടം നേടാന്‍ സാധിക്കാതെ പോയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ദല്‍ഹി ക്യാപ്പിറ്റല്‍സ്, പഞ്ചാബ് കിങ്‌സ് എന്നിവര്‍ തങ്ങളുടെ ആദ്യ കിരീടത്തിനാണ് കാത്തിരിക്കുന്നത്.

ഐ.പി.എല്‍ അടുത്തുകൊണ്ടിരിക്കുമ്പോള്‍ ടൂര്‍ണമെന്റില്‍ പിറവിയെടുത്ത പല റെക്കോഡുകളും ചര്‍ച്ചയാവുകയാണ്. അതിലൊന്നാണ് ഒരു ടീമിനോട് ഏറ്റവുമധികം റണ്‍സ് നേടിയ ബാറ്റര്‍ എന്ന റെക്കോഡ്.

ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറാണ്. പഞ്ചാബ് കിങ്‌സാണ് ഓസ്‌ട്രേലിയന്‍ കാളക്കൂറ്റന്റെ പഞ്ചിങ് ബാഗ്.

പഞ്ചാബിനെതിരെ ബാറ്റെടുത്തപ്പോഴെല്ലാം തന്റെ വിശ്വരൂപം പുറത്തെടുത്ത വാര്‍ണര്‍ 1,105 റണ്‍സാണ് പഞ്ചാബിനെതിരായ മത്സരത്തില്‍ മാത്രം അടിച്ചെടുത്തത്.

പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളതും വാര്‍ണര്‍ തന്നെ. എന്നാല്‍ ഇത്തവണ എതിരാളികള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ്. 1,075 റണ്‍സാണ് വാര്‍ണര്‍ പര്‍പ്പിള്‍ ആര്‍മിയെ തച്ചുനേടിയത്.

ആദ്യ എട്ട് സ്ഥാനങ്ങള്‍ പരിശോധിക്കുമ്പോള്‍ ആറാം സ്ഥാനവും വാര്‍ണറിന് തന്നെയാണ്. ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെതിരെ ഏറ്റവുമധികം റണ്‍സ് നേടിയ താരമായാണ് വാര്‍ണര്‍ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.

വാര്‍ണറിനെ പോലെ ആദ്യ എട്ട് സ്ഥാനങ്ങളില്‍ പഞ്ചാബ് നായകന്‍ ശിഖര്‍ ധവാനും മൂന്ന് തവണ ഇടം നേടിയിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സ്, ദല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവരാണ് ധവാന്റെ ബാറ്റിന്റെ കരുത്തറിഞ്ഞത്.

പട്ടികയില്‍ നാലാമന്‍ വിരാടും ഏഴാമന്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണുമാണ്. വിരാട് ദല്‍ഹിയെ പഞ്ഞിക്കിട്ടാണ് പട്ടികയുടെ ഭാഗമായതെങ്കില്‍ സണ്‍റൈസേഴ്‌സാണ് സഞ്ജുവിന്റെ ബാറ്റിന്റെ കരുത്തറിഞ്ഞത്.

 

ഐ.പി.എല്ലില്‍ ഒരു ടീമിനെതിരെ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍

(താരം – എതിരാളികള്‍ – റണ്‍സ് എന്നീ ക്രമത്തില്‍)

ഡേവിഡ് വാര്‍ണര്‍ – പഞ്ചാബ് കിങ്‌സ് – 1,105

ഡേവിഡ് വാര്‍ണര്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 1,075

ശിഖര്‍ ധവാന്‍ – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 1,057

വിരാട് കോഹ്‌ലി – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 1,030

ശിഖര്‍ ധവാന്‍ – മുംബൈ ഇന്ത്യന്‍സ് – 901

ഡേവിഡ് വാര്‍ണര്‍ – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 861

സഞ്ജു സാംസണ്‍ – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 791

ശിഖര്‍ ധവാന്‍ – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 662

 

Content highlight: Most runs in a single opponent in IPL, David Warner tops the list