| Monday, 2nd January 2023, 11:23 pm

മിന്നല്‍ പ്രതാപന്‍ മുതല്‍ മാരാര്‍ വരെ, മലയാളത്തിലെ സൂപ്പര്‍ ഗസ്റ്റ് റോളുകള്‍ ഇതാണ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നരസിംഹത്തിലെ നന്ദഗോപാല്‍ മാരാരെയും മനു അങ്കിളിലെ മിന്നല്‍ പ്രതാപനെയുമൊക്കെ മളയാളിക്ക് മറക്കാന്‍ കഴിയുമോ. സിനിമയിറങ്ങി കാലങ്ങള്‍ക്കിപ്പുറവും ഇത്തരത്തില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്ന മലയാളത്തിലെ ഗസ്റ്റ് റോളുകളെ നമുക്കൊന്ന് തിരഞ്ഞ് നോക്കാം.നമ്മുടെ ബിഗ് എംസ് മുതല്‍ യുവതാരങ്ങള്‍ വരെ ഇതുപോലെ ഇടക്കൊന്ന് തല കാണിച്ച് വലിയ കയ്യടികള്‍ വാങ്ങി പോയിട്ടുണ്ട്.

മിന്നല്‍ പ്രതാപന്‍

മിനിറ്റുകള്‍ മാത്രം സ്‌ക്രീനില്‍ വന്നുപോയി, ചിരിപ്പിച്ച് ചിരിപ്പിച്ച് മലയാളിയെ ഒരു വഴിക്കാക്കിയ മിന്നല്‍ പ്രതാപനാണ് ആ കൂട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. മിന്നല്‍ പ്രതാപനായുള്ള സുരേഷ് ഗോപിയുടെ പകര്‍ന്നാട്ടം അസാധ്യമായിരുന്നു. ആ കാലം വരെ സീരിയസ് റോളുകള്‍ മാത്രം ചെയ്ത് ഗൗരവക്കാരനായി നടന്ന സുരേഷ് ഗോപിയുടെ ഏറ്റവും വ്യത്യസ്തമായ ഒരു കഥാപാത്രം കൂടിയായിരുന്നു അത്.

മമ്മൂട്ടി നായകനായ മനു അങ്കിള്‍ എന്ന സിനിമയിലാണ് മിന്നല്‍ പ്രതാപന്‍ മിന്നല്‍ വേഗത്തില്‍ കടന്ന് വന്ന് പ്രേക്ഷകനെ ചിരിപ്പിക്കുന്നത്. സുരേഷ് ഗോപിയെ കാണിക്കുന്ന ആ സെക്കന്റുമുതല്‍ ചിരിയുടെ പൂരമാണ് നടക്കുന്നത്. പലരുടെയും ഫേവറൈറ്റ് ലിസ്റ്റിലുള്ള ഒരു സുരേഷ് ഗോപി കഥാപാത്രമാണ് മിന്നല്‍ പ്രതാപന്‍. സുരേഷ് ഗോപിയുടെ എന്‍ട്രിക്ക്‌ തൊട്ട് മുമ്പ് വരെ സിനിമയെ മുമ്പോട്ട് കൊണ്ടുപോകുന്നത് സിനിമയിലെ ബാലതാരങ്ങളാണ്.

എന്നാല്‍ മിന്നല്‍ പ്രതാപന്റെ മാസ് എന്‍ട്രിയോടെ മനു അങ്കിള്‍ എന്ന സിനിമ മിന്നല്‍ പ്രതാപന്റേത് കൂടിയായി മാറും. ഇന്നും മലയാള പ്രേക്ഷകരുടെ മനസില്‍ ഗസ്റ്റ് റോളുകളില്‍ ഒന്നാമന്‍ മിന്നല്‍ പ്രതാപന്‍ തന്നെ.

നന്ദഗോപാല്‍ മാരാര്‍

മാസ് എന്ട്രി മാസ് എന്ട്രി എന്ന് കേട്ടിട്ടില്ലേ. അതായിരുന്നു നരസിംഹത്തിലെ നന്ദഗോപാല്‍ മാരാരുടേത്. തൂങ്ങിയാടുന്ന കട്ടിലില്‍ തലയുയര്‍ത്തിയിരുന്ന് തീപാറുന്ന ഡയലോഗ് പറയുന്ന മമ്മൂട്ടി കഥാപാത്രത്തെ ആരും തന്നെ മറക്കാനിടയില്ല. ഏതാണ്ട് ഇരുപത് മിനിട്ട് മാത്രമാണ് നന്ദഗോപാല്‍ മാരാര്‍ സിനിമയില്‍ വന്നുപോകുന്നത്.

ആ ചെറിയ സമയം സിനിമ കൊണ്ടുപോകുന്നത് മാരാര്‍ തന്നെയാണ്. മലയാള സിനിമയിലെ രാജകീയമായ ഗസ്റ്റ് റോള്‍ ഇതുതന്നെയാണെന്ന് പറയാം. അതുവരെ തലയുയര്‍ത്തി നിന്ന ഇന്ദുചൂടനെ വരെ സൈഡാക്കിയാണ് മാരാര്‍ കളം നിറഞ്ഞാടിയത്. മലയാള സിനിമാ പ്രേക്ഷകര്‍ക്കിടയിലും പ്രത്യേകിച്ച്  മമ്മൂട്ടി ആരാധകര്‍ക്കിടയിലും നന്ദഗോപാല്‍ മാരാര്‍ക്ക് ഒരു പ്രത്യേക ഫാന്‍ബേസ് തന്നെയുണ്ട്.

ഇന്നും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ മമ്മൂട്ടിയുടെ മാരാര്‍ തരംഗമായി വരാറുണ്ട്. ഇത്രയേറെ പ്രൗഡിയുള്ള മറ്റൊരു ഗസ്റ്റ് റോള്‍ മലയാളത്തില്‍ വേറെ കാണില്ലെന്നാണ് മമ്മൂട്ടി ആരാധകരുടെ പക്ഷം. എന്തായാലും ഇതിന് മുമ്പും പിമ്പും മമ്മൂട്ടി നിരവധി ഗസ്റ്റ് റോളുകളില്‍ വന്നിട്ടുണ്ടെങ്കിലും അവയുമായി കംപെയര്‍ ചെയ്യുമ്പോള്‍ മാരാരുടെ തട്ട് താണ് തന്നെയിരിക്കും.

നിരഞ്ജന്‍

ഒരു തുള്ളി കണ്ണീര്‍ വാര്‍ക്കാതെ, സിനിമ കാണുന്നവന്റെ കണ്ണ് നിറക്കാന്‍ പറ്റുമോ സക്കീര്‍ ഭായ്ക്ക്. സക്കീര്‍ ഭായ്ക്ക് പറ്റിയാലും ഇല്ലെങ്കിലും നിരഞ്ജന് കഴിയും. സമ്മര്‍ ഇന്‍ ബദ്‌ലഹേം എന്ന ചിരി ചിത്രത്തിന്റെ ഒടുവില്‍ വരുന്ന മോഹന്‍ലാലിന്റെ കഥാപാത്രത്തെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. ഏതാണ്ട് പതിനഞ്ച് മിനിട്ട് മാത്രമാണ് നിരഞ്ജന്‍ സ്‌ക്രീനില്‍ വരുന്നത്.

എന്നാല്‍ സിനിമ കാണുന്നവര്‍ക്ക് എന്നെന്നും ഓര്‍ത്തുവെക്കാന്‍ പാകത്തില്‍ ഒരുപാട് നല്ല നിമിഷങ്ങള്‍ സമ്മാനിച്ചാണ് അയാള്‍ ആ ജയിലിന്റെ ഇരുട്ടിലേക്ക് ടന്നുപോകുന്നത്. അതുവരെയും ചിരിയുടെ ട്രാക്കിലൂടെ സഞ്ചരിച്ച സിനിമ നിരഞ്ജന്റെ കടന്നുവരവോടെ പ്രണയത്തിലേക്കും പകയിലേക്കും വിപ്ലവത്തിലേക്കുമൊക്കെ പോകുന്നുണ്ട്.

ചടുലവും വികാരനിര്‍ഭരവുമായ ഡയലോഗുകള്‍ കൊണ്ടാണ് മോഹന്‍ലാലിന്റെ നിരഞ്ജന്‍ ജന ഹൃദയങ്ങളിലേക്ക് ചേക്കേറിയത്. മലയാളത്തിലെ ഒരു ക്ലാസ് ഗസ്റ്റ് റോളാണ് നിരഞ്ജനെന്ന് നിസംശയം പറയാം.

നമ്മുടെ സീനിയര്‍ താരങ്ങളെ കുറിച്ചും അവരുടെ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന ഗസ്റ്റ് റോളുകളെ കുറിച്ച് പറഞ്ഞു. ഇനി മലയാളത്തിലെ യുവ താരങ്ങളെ കുറിച്ച് നമുക്ക് പറയാം

ഇമ്രാന്‍

പറവ സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിച്ച ഇമ്രാന്‍ എന്ന കഥാപാത്രം ഇത്തരത്തില്‍ ഒര്‍ത്തുവെക്കപ്പെടുന്നതാണ്. സ്‌നേഹവും കരുതലുമൊക്കെ തുളുമ്പുന്ന ഇമ്രാന്‍ ദുല്‍ഖര്‍ ആരാധകരുടെ മാത്രമല്ല പലരുടെയും ഫേവറൈറ്റ് ലിസ്റ്റിലുള്ളതാണ്. ഇമ്രാന്‍ മരിക്കുമ്പോള്‍ കണ്ടിരിക്കുന്നവരുടെ കണ്ണൊന്ന് നിറയും. അത്രയേറെ പ്രേക്ഷകനുമായി അടുപ്പം സൃഷ്ടിക്കാന്‍ ആ കഥാപാത്രത്തിന് കഴിഞ്ഞിട്ടുണ്ട്.

നമ്മുടെ നാട്ടിലും വീട്ടിലുമൊക്കെ കാണുന്ന ഏതെങ്കിലുമൊക്കെ ഒരാളുമായി ഉറപ്പായും ആ കഥാപാത്രത്തിന് സാമ്യം തോന്നും. അതുകൊണ്ട് തന്നെയാണ് ആ കഥാപാത്രം വീണ്ടും ആഘോഷിക്കപ്പെടുന്നത്‌

ചാര്‍ളി

കുറഞ്ഞ സമയം വെറും കുറഞ്ഞ സമയം മാത്രം തിയേറ്ററില്‍ വന്ന് പോയ ടോവിനോ കഥാപാത്രമാണ് ചാര്‍ളി. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് സിനിമയിലെ ടൊവിനോ കഥാപാത്രത്തെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. കുറച്ച് സമയം മാത്രമാണ് സിനിമയില്‍ വന്ന് പോകുന്നതെങ്കിലും, സിനിമയില്‍ വളരെ സുപ്രധാനമായ ഒരു കഥാപാത്രമാണത്.

ഇമോഷണലി പ്രേക്ഷകനുമായി വളരെ വേഗം കണ്ക്ട് ചെയ്യുന്ന ഒരു കഥാപാത്രം കൂടിയാണത്. യഥാര്‍ത്ഥ ജീവിതത്തില്‍ നടന്ന കഥകൂടിയാകുമ്പോള്‍ അതിന്റെ ആക്കം കൂടുകയും ചെയ്യും. ടോവിനോയുടെ പ്രകടനവും ഇത്രയും ചെറിയ വേഷത്തിലേക്ക് വരാന്‍ കാണിച്ച മനസും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരുന്നു.

ദിലീപ്

2022ല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ട അല്ലെങ്കില്‍ ആഘോഷിക്കപ്പെട്ട ഗസ്റ്റ് റോളാണ് റോഷാക്കിലെ ആസിഫ് അലിയുടേത്. ദിലീപ് എന്ന കഥാപാത്രമായിട്ടാണ് ആസിഫ് റോഷാക്കില്‍ എത്തിയത്.  സിനിമയിലുടനീളം ഫേസ് മാസ്‌ക് വെച്ചായിരുന്നു താരം അഭിനയിച്ചത്. എന്നാല്‍ സിനിമയോടൊപ്പം തന്നെ ആസിഫിന്റെ ദിലീപും ആഘോഷിക്കപ്പെട്ടു.

ഇത്തരത്തില്‍ ഒരു കഥാപാത്രം ചെയ്യാന്‍ ഒരു മടിയും കാണിക്കാതിരുന്ന ആസിഫ് എന്ന നടനെയാണ് എല്ലാവരും അഭിനന്ദിച്ചത്. എന്തായാലും മുഖമൂടിക്കുള്ളിലെ ദിലീപിനെ സിനിമാ പ്രേക്ഷകര്‍ ഒരിക്കലും മറക്കാന്‍ വഴിയില്ല.

content highlighta: most popular guest rolls in malayalam cinema

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്