ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ പലതും വ്യാജമെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി; പലതും കെട്ടിച്ചമച്ചതെന്നും വിമര്‍ശനം
India
ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ പലതും വ്യാജമെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി; പലതും കെട്ടിച്ചമച്ചതെന്നും വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st July 2019, 10:17 am

ന്യൂദല്‍ഹി: രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ പലതും കെട്ടിച്ചമച്ചതാണെന്ന വിവാദ പരാമര്‍ശവുമായി കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി.

രാജ്യത്ത് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു നഖ്‌വിയുടെ പ്രതികരണം. ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ പലതും വ്യാജമാണ്. നിരവധി സംഭവങ്ങള്‍ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു നഖ്‌വി പറഞ്ഞത്.

1947 ന് ശേഷവും ഇന്ത്യയില്‍ മുസ്‌ലീങ്ങള്‍ ശിക്ഷയനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നുള്ള സമാജ് വാദി പാര്‍ട്ടി എം.പി അസം ഖാന്റെ പ്രസ്താവനയെ കുറിച്ചുള്ള ചോദ്യത്തിന് മുസ്ലിംകള്‍ പാകിസ്ഥാനിലേക്ക് പോയാല്‍ അവര്‍ക്ക് ഈ ശിക്ഷ ലഭിക്കില്ല എന്നായിരുന്നു മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ മറുപടി.

‘എന്തുകൊണ്ടാണ് നമ്മുടെ പൂര്‍വ്വികര്‍ പാകിസ്ഥാനിലേക്ക് പോകാത്തത്? ഇന്ത്യയെ സ്വന്തം രാജ്യമായി അവര്‍ കണക്കാക്കി. അപ്പോള്‍ അവര്‍ ശിക്ഷിക്കപ്പെടും, അവര്‍ ഇതെല്ലാം സഹിക്കേണ്ടിവരും’- എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.

മുസ്‌ലീങ്ങള്‍ക്ക് രാജ്യത്ത് മാന്യമായ ജീവിതം നയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നായിരുന്നു ഉത്തര്‍പ്രദേശിലെ റാംപൂരില്‍ നിന്നുള്ള എം.പിയായ ഖാന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ‘1947 മുതല്‍ അപമാനിതരായാണ് ഇവിടെ ജീവിക്കുന്നതെന്നും അതില്‍ തങ്ങള്‍ വളരെ ലജ്ജിക്കുന്നുണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

എന്നാല്‍ നഖ്‌വിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല രംഗത്തെത്തി. ‘ നഖ്‌വിയെ ഞാന്‍ ബഹുമാനിക്കുന്നു. എന്നാല്‍ ഈ രാജ്യത്ത് ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹത്തിന് അറിയാമോ? ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ബി.ജെ.പി ഇക്കാലമത്രയും ഒന്നും ചെയ്തിട്ടില്ല. അതേസമയം കുറ്റക്കാരെ സംരക്ഷിക്കാന്‍ അവര്‍ ശ്രമിക്കുകയും ചെയ്യും- സുര്‍ജേവാല പറഞ്ഞു.

കഴിഞ്ഞ ദിവസം ബീഹാറിലെ സരണ്‍ ജില്ലയില്‍ പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് ദളിത് യുവാക്കളെയും ഒരു മുസ്‌ലീം യുവാവിനേയും ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊലപ്പെടുത്തിയിരുന്നു. എന്നാല്‍ അത് ആള്‍ക്കൂട്ട കൊലപാതകമല്ലെന്നായിരുന്നു ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രതികരണം. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് നഖ്‌വിയോട് ചോദ്യം ആരാഞ്ഞത്.

എന്‍.എച്ച്.ആര്‍.സിയുടെ കണക്കുപ്രകാരം രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കുമെതിരായ ആക്രമണങ്ങളില്‍ 43 ശതമാനവും നടന്ന് യു.പിയിലാണെന്ന് വ്യക്തമായിരുന്നു. 2016 നും 2019 നും ഇടയില്‍ 2,008 കേസുകളാണ് എന്‍.എച്ച്.ആര്‍.സി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 869 കേസുകളും യു.പിയിലാണ്.