ന്യൂദല്‍ഹി: ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളില് ഭൂരിഭാഗവും ജനാധിപത്യത്തിനും മാനവികതയ്ക്കും അപമാനകരമാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാര്‍. 2024 ലെ പീബോഡി പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂണ്‍ 9 ന് ലോസ് ആഞ്ചല്‍സിലാണ് അവാര്‍ഡ് ദാന ചടങ്ങ് നടന്നത്. 2023 ല്‍ ബ്രോഡ്കാസ്റ്റിങ്, സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളില്‍ സംപ്രേക്ഷണം ചെയ്തവയില്‍ ഏറ്റവും ശക്തവും മികച്ചതുമായി റിപ്പോര്‍ട്ടുകള്‍ക്കാണ് പുരസ്‌കാരം.
‘സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിലൂടെയുള്ള ശക്തമായ പ്രതിരോധം’ എന്നാണ് രവീഷകുമാറിന് പുരസ്‌കാരം നല്‍കിക്കൊണ്ട് പീബോഡി വിശേഷിപ്പിച്ചത്. തീവ്രവത്കരിക്കപ്പെട്ട രാഷ്ട്രീയത്തോട് പോരാടിയും ജനങ്ങള്‍ക്ക് വേണ്ടി ശബ്ദിച്ചും ധൈര്യസമേതം മാധ്യമരംഗത്ത് തുടരുകയാണ് രവീഷ് കുമാറെന്നും പീബോഡി പറഞ്ഞു.
വ്യക്തിഗത ഭീഷണികളെ നേരിട്ടുകൊണ്ടുള്ള മാധ്യമപ്രവര്‍ത്തനം, എന്‍.ഡി.ടി.വിയിലെ നെറ്റ് വര്‍ക്ക് റേറ്റിംഗിലെ ഇടിവ്, സ്റ്റാഫുകളുടെ കൊഴിഞ്ഞ് പോക്ക്, ധാര്‍മിക മൂല്യങ്ങള്‍ മുറകെ പിടിച്ചുകൊണ്ടുള്ള മാധ്യമപ്രവര്‍ത്തനം എന്നിവയൊക്കെയാണ് രവീഷ് കുമാറിനെ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്യുമ്പോള്‍ പീബോഡി പരിഗണിച്ചത്.
‘ഞാന്‍ എന്റെ ഇംഗ്ലീഷ് പോക്കറ്റ് നിഘണ്ടു കാറില്‍ വെച്ചുമറന്നു. അതിനാല്‍ എനിക്ക് വളരെ കുറച്ച് വാക്കുകള്‍ മാത്രമേ പറയാനുള്ളൂ,’ എന്ന് പറഞ്ഞുകൊണ്ടാണ് രവീഷ് കുമാര്‍ സംസാരിച്ചുതുടങ്ങിയത്.
‘ഒരു പത്രപ്രവര്‍ത്തകന്‍ വിദ്വേഷവും നുണയും പ്രചരിപ്പിക്കുകയും ആള്‍ക്കൂട്ട കൊലപാതകത്തിന് പ്രേരിപ്പിക്കുകയും സര്‍ക്കാരിന്റെ എല്ലാ കൊള്ളരുതായ്മക്കും കൂട്ടുനില്‍ക്കുകയും ചെയ്യുമ്പോള്‍ അവര്‍ ജനാധിപത്യത്തെ കൊല്ലാനുള്ള ഒരു ഉപകരണമായി മാറുകയാണ്.
നൂറുകണക്കിന് വാര്‍ത്താ ചാനലുകള്‍ ഇത് ആവര്‍ത്തിക്കുമ്പോള്‍ അവ മനുഷ്യരാശിയെ തന്നെ ഇല്ലാതാക്കുന്ന ഒരു ആയുധമായി മാറുന്നു. അത്തരത്തില്‍ നോക്കുമ്പോള്‍ ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളില് ഭൂരിഭാഗവും ജനാധിപത്യത്തിനും മാനവികതയ്ക്കും അപമാനമാണ്.
ഈ നിമിഷത്തില്‍ ഞാന്‍ എന്റെ ഭാര്യയേയും ധീരരായ എന്റെ മക്കളേയും ഓര്‍ക്കുന്നു. ഒപ്പം ഈ ക്രിമിനല്‍ ഇന്ത്യന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ കാരണം നിരാശരും നിസ്സഹായരും രാഷ്ട്രരഹിതരുമായ എന്റെ ദശലക്ഷക്കണക്കിന് പ്രേക്ഷകരെയും ഞാന്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നു.
പ്രതീക്ഷ തേടിയാണ് അവര്‍ വന്നത്. അവരെന്നെ പിന്തുണച്ചു. പത്രപ്രവര്‍ത്തനം തുടരാന്‍ അവര്‍ എന്നെ പ്രേരിപ്പിച്ചു. അവര്‍ എനിക്ക് പ്രതീക്ഷ നല്‍കി. നിങ്ങള്‍ക്ക് അവസരം ലഭിക്കുമ്പോഴെല്ലാം, ദയവായി പത്രപ്രവര്‍ത്തനത്തെ പിന്തുണയ്ക്കുക. നിങ്ങള്‍ക്ക് ഒരു നല്ല ജനാധിപത്യം ലഭിക്കും.
പതപ്രവര്‍ത്തനം വര്‍ഗീയതയുടെ പതാക വാഹകരാകുമ്പോള്‍ അതിനെതിരായ രാഷ്ട്രീയം എന്നത് ചെറുത്തുനില്‍പ്പു തന്നെയാണ്. അല്ലാതെ മറ്റൊന്നുമല്ല,’ രവീഷ് കുമാര്‍ പറഞ്ഞു.
ഇന്ന് ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിലെ മുന്‍നിര സ്വതന്ത്ര ശബ്ദങ്ങളില്‍ ഒരാളാണ് രവീഷ് കുമാര്‍. 2022ല്‍, പതിറ്റാണ്ടുകളായി താന്‍ മുഖമായിരുന്ന എന്‍.ഡി.ടി.വി ചാനല്‍ ഗൗതം അദാനി ഏറ്റെടുത്തതിനുശേഷമാണ് രവീഷ് കുമാര്‍ ചാനലില്‍ നിന്ന് രാജിവെക്കുന്നതും സ്വന്തമായി യൂ ട്യൂബ് ചാനല്‍ ആരംഭിക്കുന്നതും. ഇന്ന് കോടിക്കണക്കിന് പ്രേക്ഷകരാണ് രവീഷ് കുമാറിന്റെ ചാനലിനുള്ളത്.
Content Highlight: Most of Mainstream Media a Disgrace to Democracy’: Ravish Kumar