ഒറ്റ വലിയൊരു നദി കൊണ്ട് സമ്പന്നമല്ല കേരളം. പക്ഷേ 40 ചെറിയ പുഴകളും 4 മീഡിയം പുഴകളുമാണ് കേരളത്തിനുള്ളത്. നിരവധി കായലുകളും ചിറകളും തണ്ണീര്‍ത്തടങ്ങളും കൊണ്ട് അനുഗ്രഹീതമായ സംസ്ഥാനമാണ് കേരളം. ഇത്രയും ജലസമ്പന്നമായ സംസ്ഥാനത്ത് മതിയായ ജലസംഭരണമില്ല. മഴയാണ് ജലസംഭരണത്തിന്റെ പ്രധാന സ്രോതസ്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി മഴയുടെ ലഭ്യത കുറഞ്ഞുവരികയാണ്. ഈ സാഹചര്യത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു.
ദേശീയ ശരാശരിയേക്കാള്‍ രണ്ട് മടങ്ങ് മഴയാണ് സംസ്ഥാനത്തിന് കിട്ടിയിരുന്നത്. 3055 മില്ലിമീറ്റര്‍ മഴ. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മഴക്കാലത്ത് 69 ശതമാനം മഴയും ഒക്ടോബര്‍ – ഡിസംബര്‍ വരെയുള്ള സമയത്ത് 16 ശതമാനവുമാണ് മഴ ലഭിച്ചിരുന്നത്. എന്നാല്‍ ഈ കണക്കുകള്‍ തെറ്റിയിരിക്കുകയാണ്. ഒരു ഭാഗത്ത് മഴ കുറയുമ്പോള്‍ കിട്ടുന്ന മഴ വെള്ളം സംഭരിക്കാന്‍ സംവിധാനങ്ങളില്ലാത്തത് വരള്‍ച്ചയുടെ പ്രധാന കാരണമാണ്. ഒപ്പം കായലുകളും തണ്ണീര്‍ത്തടങ്ങളും ചുരുങ്ങിച്ചുരുങ്ങി ഇല്ലാതാകുകയും ഭൂഗര്‍ഭജലത്തിന്റെ അളവ് കുറഞ്ഞുവരികയും ചെയ്യുന്നു.
കുടിവെള്ളം കിട്ടാക്കനിയാകുന്നതിന്റെ കാരണങ്ങള്‍ പലതാണ്. മതിയായ സംഭരണമില്ല. കിട്ടുന്ന വെള്ളം സൂക്ഷിക്കാനും ഫലപ്രദമായി ഉപയോഗിക്കാനും സംവിധാനങ്ങളില്ല. 2017ല്‍ ആകെ കിട്ടിയ മഴ 1855.9 മിമി ആണ്. 2039.6 മിമി മഴ കിട്ടേണ്ട സ്ഥാനത്താണിത്. 9 ശതമാനം മഴയുടെ കുറവ് കഴിഞ്ഞ വര്‍ഷം ഉണ്ടായി. ഈ വര്‍ഷവും മഴ കുറയാം എന്ന അനുമാനത്തിലാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം.
കഴിഞ്ഞ വര്‍ഷം ഏറ്റവും കുറവ് മഴ കിട്ടിയ ജില്ല വയനാടാണ്. 37 ശതമാനത്തിന്റെ കുറവുണ്ടായി. ഇത് വലിയൊരു മുന്നറിയിപ്പാണെന്നാണ് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ വിലയിരുത്തല്‍. ഈ സ്ഥിതി മറ്റ് ജില്ലകളെയും ബാധിക്കാം. അതുകൊണ്ട് വളരെ ഗൗരവത്തോടെ വിഷയത്തെ കാണണമെന്നും സര്‍ക്കാരിന് ആസൂത്രണബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇനി കിട്ടാവുന്ന കുടിവെള്ളം എത്രമാത്രം ശുദ്ധമാണെന്ന് നോക്കാം. കേരളം എല്ലാ നിലക്കും പുരോഗതിയിലേക്കും വികസനത്തിലേക്കും കുതിക്കുമ്പോള്‍ ശുദ്ധമായ കുടിവെള്ളം വിതരണത്തില്‍ വളരെ പിന്നിലാണ്. രാജ്യത്തെ ഗ്രാമീണ മേഖലയില്‍ 85.8 ശതമാനം കുടുംബങ്ങള്‍ കുടിവെള്ള ക്ഷാമത്തിന്റെ ഇരകളാണെന്ന് ദേശീയ സാമ്പിള്‍ സര്‍വേയുടെ പഠനത്തില്‍ പറയുന്നു.
നഗരങ്ങളില്‍ 89.6 ശതമാനം പേരും മതിയായ കുടിവെള്ളം കിട്ടാതെ പാടുപെടുന്നു. കുടിവെള്ളത്തിന്റെ ഗുണമേന്മയാണ് കേരളം നേരിടുന്ന പ്രധാനവെല്ലുവിളി. ജലസ്രോതസ്സുകള്‍ വലിയതോതില്‍ മലിനമായി. അശാസ്ത്രീയമായ പൊതുശുചീകരണസംവിധാനവും (sanitation), അലംഭാവത്തോടെയുള്ള മാലിന്യ സംസ്‌കരണവുമെല്ലാം കാരണം കുടിവെള്ള സ്രോതസ്സുകള്‍ മലിനമായെന്നാണ് പഠനങ്ങള്‍.
കേരളത്തില്‍ 60 ശതമാനം കുടുംബങ്ങളും കിണര്‍ വെള്ളമാണ് ഉപയോഗിക്കുന്നത്. ജനസാന്ദ്രത കൂടുംതോറും കക്കൂസ് നിര്‍മാണവും കിണര്‍ നിര്‍മാണവും ഒട്ടും ശാസ്ത്രീയമല്ല. ഇതിന്റെ വലിയൊരു വിപത്താണ് ഇപ്പോള്‍ കേരളം നേരിടുന്നത്. കിണര്‍ വെള്ളത്തില്‍ കോളീഫാം അടക്കമുള്ള മാരക ബാക്ടീരിയകളുടെ തോത് കൂടിയതായി അടുത്തിടെ കണ്ടു.
കുടിവെള്ളം മലിനമായതോടെ ജലജന്യരോഗങ്ങളും വ്യാപകമായി. 2012 മുതലുള്ള ഡാറ്റകള്‍ പരിശോധിച്ചാല്‍ ജലജന്യരോഗങ്ങള്‍ കൂടിയതായി കാണാം. 2012 ല്‍ 366463 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2015 ല്‍ 470863 കേസുകള്‍. 2016 ല്‍ 497027 കേസുകളും 2017ല്‍ 97089 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ വയറിളക്കവുമായാണ് കൂടുതല്‍ പേരും ചികിത്സക്കെത്തിയത്.
മാരകമായ അതിസാരം കാരണം മരണം വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഴക്കാലമായാലും വേനല്‍ക്കാലമായാലും വയറിളക്ക രോഗികളുടെ എണ്ണം കൂടുന്നുവെന്നാണ് ആരോഗ്യവകുപ്പ് പുറത്തുവിടുന്ന കണക്കുകള്‍ പറയുന്നത്. ഈ വര്‍ഷം (രണ്ടുമാസത്തിനിടെ) 70039 പേരാണ് വയറിളക്കം പിടിപെട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയത്. ഒരു മരണവുമുണ്ടായി. നാല് കോളറ കേസുകളും. 26 ടൈഫോയിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം 8 പേര്‍ക്ക് കോളറ ബാധിച്ചു. ഒരാള്‍ മരിച്ചു.
കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത 970089 കേസുകളില്‍ 461427 കേസുകളും വയറിളക്ക രോഗമാണ്. അമ്പത് ശതമാനത്തിലധികം പേര്‍ക്ക് വയറിളക്കം പിടിപെട്ടു. ഇതില്‍ 5 പേര്‍ മരിച്ചു. ഈ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. ശുദ്ധമായ കുടിവെള്ളം അവകാശമാണ്.
കുടിവെള്ള പരിശോധന കാര്യക്ഷമായി നടത്തുക, ജലാശയങ്ങള്‍ മലിനമാകുന്നത് തടയുക തുടങ്ങിയ നിരവധി നിര്‍ദേശങ്ങളാണ് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡിവലപ്പ്‌മെന്റ് ആന്റ് മാനേജ്‌മെന്റ് മുന്നോട്ട് വെക്കുന്നത്. ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തുന്ന കാര്യം ഇതുവരെ സര്‍ക്കാര്‍ ഗൗരവത്തിലെടുത്തിട്ടില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. പൊതുജനപങ്കാളിത്വത്തോടെയുള്ള സംരക്ഷണത്തിലൂടെ ജലസോത്രസുകള്‍ ശുദ്ധീകരിക്കണമെന്നും അവര്‍ പറയുന്നു.