2023ലെ വിക്കറ്റ് വേട്ടക്കാര്‍: ആദ്യ അഞ്ചില്‍ മൂന്നും ഇന്ത്യ, ഏഴാമത് ചാമ്പ്യന്‍മാരുടെ മടയിലെ സഞ്ജുവിന്റെ വജ്രായുധം
Sports News
2023ലെ വിക്കറ്റ് വേട്ടക്കാര്‍: ആദ്യ അഞ്ചില്‍ മൂന്നും ഇന്ത്യ, ഏഴാമത് ചാമ്പ്യന്‍മാരുടെ മടയിലെ സഞ്ജുവിന്റെ വജ്രായുധം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 1st January 2024, 6:53 pm

ക്രിക്കറ്റ് ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട വര്‍ഷങ്ങളിലൊന്നായി അടയാളപ്പെടുത്തിയ 2023 വിട പറഞ്ഞിരിക്കുകയാണ്. രണ്ട് ഐ.സി.സി ഇവന്റിന്റെ ഫൈനലുകള്‍ക്ക് സാക്ഷ്യം വഹിച്ച വര്‍ഷമായിരുന്നു 2023. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഐ.സി.സി വേള്‍ഡ് കപ്പിലും ഓസ്‌ട്രേലിയ കിരീടമുയര്‍ത്തിയപ്പോള്‍ രണ്ട് തവണയും ഫൈനലില്‍ കാലിടറിയത് ഇന്ത്യക്കായിരുന്നു.

ബൗളര്‍മാര്‍ നിറഞ്ഞാടിയ വര്‍ഷം കൂടിയായിരുന്നു 2023. പല സൂപ്പര്‍ താരങ്ങളുടെ തിരിച്ചുവരവിനും യുവതാരങ്ങളുടെ ഉദയത്തിനും 2023 സാക്ഷ്യം വഹിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയെടുക്കുമ്പോള്‍ ഇക്കാര്യം വ്യക്തവുമാണ്.

കഴിഞ്ഞ വര്‍ഷം ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയത് ഇന്ത്യയുടെ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ അപേക്ഷിച്ച് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തുന്നത് ഒരു സ്പിന്നറാണെന്ന പ്രത്യേകതയും 2023നുണ്ട്.

29 ഇന്നിങ്‌സില്‍ പന്തെറിഞ്ഞ കുല്‍ദീപ് 49 വിക്കറ്റാണ് എറിഞ്ഞുവീഴ്ത്തിയത്. ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ 25 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് 2023ലെ താരത്തിന്റെ മികച്ച പ്രകടനം. 20.48 എന്ന ശരാശരിയിലും 26.65 എന്ന എക്കോണമിയിലുമാണ് യാദവ് പന്തെറിയുന്നത്.

പട്ടികയിലെ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയുമാണ് ഇടം പിടിച്ചിരിക്കുന്നത്. 2023ല്‍ സിറാജ് 44 വിക്കറ്റ് പിഴുതെറിഞ്ഞപ്പോള്‍ 43 വിക്കറ്റാണ് ഷമി സ്വന്തമാക്കിയത്.

ഷമിക്കൊപ്പം നേപ്പാള്‍ താരം സന്ദീപ് ലാമിഷാന്‍ മൂന്നാം സ്ഥാനം പങ്കിടുകയാണ്. 21 ഇന്നിങ്‌സില്‍ നിന്നും 43 വിക്കറ്റാണ് ലാമിഷാന്‍ നേടിയത്.

 

അഞ്ചും ആറും സ്ഥാനങ്ങളില്‍ പാകിസ്ഥാന്റെ വജ്രായുധങ്ങളായ ഷഹീന്‍ ഷാ അഫ്രിദിയും ഹാരിസ് റൗഫുമാണ്. യഥാക്രമം 42ഉം 40ഉം വിക്കറ്റുകളാണ് പാക് സ്പീഡ്സ്റ്റര്‍മാര്‍ നേടിയത്.

ആദം സാംപയാണ് പട്ടികയിലെ ഏഴാമന്‍. 2023 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ സാംപ 2023ല്‍ 38 വിക്കറ്റാണ് നേടിയത്. എട്ട് റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് 2023ല്‍ രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ സ്പിന്നറുടെ മികച്ച പ്രകടനം.

മഹീഷ് തീക്ഷണ എട്ടാമനായപ്പോള്‍ ഒമ്പതാമനായി മാര്‍കോ യാന്‍സെനും പത്താമതായി ഷോരിഫുള്‍ ഇസ്‌ലാമും ഇടം നേടി.

2023ല്‍ ഏറ്റവുമധികം ഏകദിന വിക്കറ്റുകള്‍ വീഴ്ത്തിയ താരം

(റാങ്ക് – താരം – രാജ്യം – വിക്കറ്റ് എന്നീ ക്രമത്തില്‍)

1. കുല്‍ദീപ് യാദവ് – ഇന്ത്യ – 49

2. മുഹമ്മദ് സിറാജ് – ഇന്ത്യ – 44

3. മുഹമ്മദ് ഷമി – ഇന്ത്യ – 43

3. സന്ദീപ് ലാമിഷാന്‍ – നേപ്പാള്‍ – 43

5. ഷഹീന്‍ ഷാ അഫ്രിദി – പാകിസ്ഥാന്‍ – 42

6. ഹാരിസ് റൗഫ് – പാകിസ്ഥാന്‍ – 50

7. ആദം സാംപ – ഓസ്‌ട്രേലിയ – 38

8. മഹീഷ് തീക്ഷണ – ശ്രീലങ്ക – 37

9. മാര്‍കോ യാന്‍സെന്‍ – സൗത്ത് ആഫ്രിക്ക – 33

10. ഷോരിഫുള്‍ ഇസ്‌ലാം – ബംഗ്ലാദേശ് – 32

 

Content highlight: Most ODI wickets in 2023