ബാലനീതി നിയമം; രാജ്യത്ത് രജിസ്‌ട്രേഷന്‍ ഇല്ലാത്ത 1422 ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ 1165 കേന്ദ്രങ്ങളും കേരളത്തില്‍ ;റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബാലാവകാശ കമ്മീഷന് നിര്‍ദേശം
Child Right
ബാലനീതി നിയമം; രാജ്യത്ത് രജിസ്‌ട്രേഷന്‍ ഇല്ലാത്ത 1422 ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ 1165 കേന്ദ്രങ്ങളും കേരളത്തില്‍ ;റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബാലാവകാശ കമ്മീഷന് നിര്‍ദേശം
അശ്വിന്‍ രാജ്
Tuesday, 17th July 2018, 5:52 pm

“കേരളത്തില്‍ എന്താണ് നടക്കുന്നത് എന്ന് രാജ്യത്തിന് അറിയണം” കേരളത്തില്‍ ബാലനീതി നിയമപ്രകാരം പ്രവര്‍ത്തിക്കാത്ത അനാഥാലയങ്ങള്‍ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട് സൂപ്രീംകോടതിയില്‍ നടക്കുന്ന വാദത്തിനിടെ കോടതിയുടെ ചോദ്യമായിരുന്നു ഇത്.

ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തുന്നതിന് കാരണങ്ങള്‍ നിരവധിയായിരുന്നു. കേരളത്തില്‍ അടച്ചുപൂട്ടിയ ബാലനീതി നിയമപ്രകാരം പ്രവര്‍ത്തിക്കാത്തതിനാല്‍ 400 സ്ഥാപനങ്ങള്‍ പൂട്ടിയെന്ന കേരള ചീഫ് സെക്രട്ടറിയുടെ സത്യവാങ്മുലത്തിന് വ്യക്തതയില്ലായിരുന്നു.


Also Read മഠങ്ങള്‍ അധോലോക കേന്ദ്രങ്ങള്‍; പൊതു സമൂഹത്തിലുള്ളതിനേക്കാള്‍ പത്തിരട്ടി പുരുഷാധിപത്യമുണ്ട് സഭയില്‍ – സിസ്റ്റര്‍ ജെസ്മി സംസാരിക്കുന്നു

കേരളത്തില്‍ 400 അനാഥാലയങ്ങള്‍ അടച്ചുപൂട്ടിയെന്ന് പറയുമ്പോഴും 49 കുട്ടികളെയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. അപ്പോള്‍ ഈ 400 സ്ഥാപനങ്ങിളില്‍ ഉണ്ടായിരുന്ന ആറായിരത്തോളം കുട്ടികള്‍ എവിടെ പോയി എന്ന സ്വാഭാവിക ചോദ്യമാണ് ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍ അധ്യക്ഷനായ ബഞ്ച് പറഞ്ഞത്.

അനാഥാലയങ്ങളുടെ സ്ഥിതി ഇങ്ങിനെയാണെങ്കില്‍ ഇതിലും രൂക്ഷമാണ് കേരളത്തിലെ ശിശുസംരക്ഷണ കേന്ദ്രങ്ങളുടെ അവസ്ഥ എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേന്ദ്ര ബാലാവകാശ സംരക്ഷണ കമ്മീഷന്റെ (എന്‍.സി.പി.സി.ആര്‍) കണക്കുകള്‍ പ്രകാരം രാജ്യത്ത് രജിസ്ട്രേഷന്‍ ഇല്ലാത്ത 1422ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ 1165 എണ്ണവും കേരളത്തിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 31വരെയായിരുന്നു രജിസ്ട്രേഷനുള്ള സമയപരിധി. രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടണമെന്ന് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ കേവലം 26 കേന്ദ്രങ്ങള്‍ക്ക് മാത്രമാണ് സംസ്ഥാനത്ത് രജിസ്ട്രേഷന്‍ ഉള്ളു എന്നതും ഈ കണക്കിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്. ബാലനീതി നിയമപ്രകാരം ആവശ്യപ്പെടുന്ന സൗകര്യങ്ങള്‍ ഒരുക്കാത്ത കേന്ദ്രങ്ങളാണ് ഇത്തരത്തില്‍ രജിസ്‌ട്രേഷന്‍ നല്‍കാത്തത്.


Also Read അഭിമന്യു വധക്കേസിലെ മുഖ്യപ്രതിയെ ‘സി.പി.ഐ.എം അനുകൂലിയാക്കി’ മനോരമ: വാര്‍ത്തയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

ഇത്തരം കേന്ദ്രങ്ങളില്‍ അനധികൃതമായി ഇതരസംസ്ഥാനത്തെ കുട്ടികളെ പാര്‍പ്പിക്കാറുണ്ട്. ബാലനീതി നിയമപ്രകാരം ഇത് അനുവദനീയമല്ല. ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആലുവ ജനസേവ ശിശുഭവന്‍ കഴിഞ്ഞമാസം സാമൂഹ്യനീതി വകുപ്പ് ഏറ്റെടുത്തത്.

ഇതര സംസ്ഥാനങ്ങളിലെ കുട്ടികളെ ജനസേവ ശിശുഭവന്റെ ചെലവില്‍ നാട്ടിലെത്തിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ അത് നടപ്പിലാക്കാത്തതിനെ തുടര്‍ന്ന് കോടതിയുടെ നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. ഈ സ്ഥാപനം കുട്ടികളുടെ സംരക്ഷണത്തില്‍ ഗുരുതരമായ നിയമ ലംഘനം നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഇത്തരം സ്ഥാപനങ്ങളുടെ കണക്കുകളും നിലവിലെ അവസ്ഥകളെയും കുറിച്ച് എത്രയും പെട്ടന്ന് റിപ്പോര്‍ട്ട് നല്‍കി നടപടിക്ക് ശുപാര്‍ശ ചെയ്യാന്‍ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സംസ്ഥാന ബാലാവകാശ കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട.

മുമ്പ് രജിസ്‌ട്രേഷന്‍ നടത്തുകയും ബാലവകാശ നിയമപ്രകാരം രജിസ്‌ട്രേഷന്‍ പുതുക്കാത്തതുമായ സ്ഥാപനങ്ങള്‍ ഉള്ളത് കൊണ്ടാണ് ഇത്രയും സ്ഥാപനങ്ങള്‍ കേരളത്തില്‍ ഉണ്ടായതെന്നാണ് സംസ്ഥാന ബാലവകാശ കമ്മീഷന്‍ ജീവനക്കാരനായ വേണുഗോപാല്‍ പറയുന്നത്.


Read It ”പഠിക്കുന്നതും പഠിപ്പിക്കുന്നതും മുഴുവന്‍ മാപ്ലാരാണ്; നമ്മടെ കൂട്ടത്തില്‍ ഒരെണ്ണം കൂട്ടാലോ എന്ന് കരുതിയാണ്’; പ്രിന്‍സിപ്പലിന്റെ ജാതീയത തുറന്ന് കാട്ടി ഉദ്യോഗാര്‍ത്ഥി

ഇതിന് പ്രധാനകാരണം ബാലനീതി നിയമപ്രകാരം നിര്‍ദ്ദേശിക്കുന്ന സൗകര്യങ്ങള്‍ ഇല്ലാത്ത സ്ഥാപനങ്ങളാണ് ഇങ്ങനെ അടച്ചുപൂട്ടുന്നത്. അതില്‍ 26 സ്ഥാപനങ്ങള്‍ മാത്രമാണ് ഇത്തരം സൗകര്യങ്ങള്‍ ഒരുക്കിയത്. ബാലവകാശ കമ്മീഷന്‍ ഇത്തരം സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുകയുമാണ് ചെയ്യുന്നത്. പിന്നെ പ്രത്യേകമായി പറയാന്‍ ഉള്ളത് ബാലനീതി നിയമം ഇന്‍സ്റ്റിറ്റിയുഷണല്‍ കെയറിന് അമിത പ്രധാന്യം നല്‍കുന്നില്ല പകരം കുട്ടികളെ പോസ്റ്റര്‍ കെയര്‍ എന്ന രീതിയില്‍ താല്‍ക്കാലികമായി കുഞ്ഞുങ്ങള്‍ ഇല്ലാത്തവര്‍ക്കോ അല്ലെങ്കില്‍ കുഞ്ഞുങ്ങള്‍ വലുതായി പോയവര്‍ക്കോ ഒക്കെ താല്‍ക്കാലികമായി സംരക്ഷിക്കാന്‍ നല്‍കാം എന്നതാണ്. വേണുഗോപാല്‍ പറയുന്നു.

എന്താണ് ബാലനീതി നിയമവും വ്യവസ്ഥകളും

താമസക്കാരായ കുട്ടികള്‍ക്ക് മെച്ചപ്പെട്ട ശ്രദ്ധയും പരിചരണവും നല്‍കുന്നെന്ന് ഉറപ്പാക്കാനാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ നടപ്പാക്കുന്നത്.50 കുട്ടികള്‍ക്ക് 8495 ചതുരശ്ര അടി എന്ന കണക്കില്‍ താമസസൗകര്യവും ഒരു ജീവനക്കാരനും വേണം.


Also Read പൊതുവിദ്യാലയങ്ങളിലെ പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്നത് ഗുണനിലവാരം കുറഞ്ഞരീതിയില്‍; സ്വകാര്യ ലോബിയെ സഹായിക്കാനെന്ന് ആരോപണം ശക്തം

കുട്ടികള്‍ക്ക് ആനുപാതികമായി നിശ്ചിത എണ്ണം ജോലിക്കാര്‍, അധ്യാപകര്‍, കെയര്‍ ടേക്കര്‍, ഡോക്ടര്‍, സൈക്കോളജിസ്റ്റ് തുടങ്ങിയവരുടെ സേവനം ഉറപ്പാക്കണമെന്നതടക്കമുള്ള വ്യവസ്ഥകളാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ടില്‍ പറഞ്ഞിരിക്കുന്നത്. എം.എസ്.ഡബ്ല്യു. യോഗ്യതയുള്ള സാമൂഹികപ്രവര്‍ത്തകര്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍, പരിശീലകന്‍ എന്നിങ്ങനെ 100 കുട്ടികളുള്ള ഒരു സ്ഥാപനത്തില്‍ ആകെ 25 ജീവനക്കാരെ നിയമിക്കണം.

സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ശമ്പളം നല്‍കണം. 19 പേര്‍ക്ക് അവിടെതന്നെ താമസസൗകര്യം ഒരുക്കണം.നിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങളുടെ നടത്തിപ്പുകാര്‍ക്ക് ഒരു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.