| Saturday, 13th July 2024, 3:19 pm

ഇസ്രഈലിലെ ഭൂരിഭാഗം ജനങ്ങളും നെതന്യാഹുവിന്റെ രാജി ആവശ്യപ്പെടുന്നവർ; കണക്ക് പുറത്ത് വിട്ട് ചാനൽ12

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് ഇസ്രഈലിലെ ഭൂരിഭാഗം ജനങ്ങൾ. ഏകദേശം 70 ശതമാനത്തോളം ജനങ്ങളാണ് നെതന്യാഹുവിന്റെ രാജി ആഗ്രഹിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇസ്രഈലിലെ ചാനൽ 12 എന്ന മീഡിയ പുറത്ത് വിട്ട കണക്കുകളാണ് ഇത്.

വെള്ളിയാഴ്ച ചാനൽ 12 പ്രസിദ്ധീകരിച്ച ഒരു വോട്ടെടുപ്പ് പ്രകാരം ഒക്ടോബർ ഏഴിന് ഹമാസ് ആക്രമണത്തെ തുടർന്നുള്ള സർക്കാരിൻ്റെ പരാജയങ്ങളുടെ പേരിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രാജിവയ്ക്കണമെന്ന് ഇസ്രഈലികളിൽ മുക്കാൽ ഭാഗവും ആഗ്രഹിക്കുന്നുവെന്നാണ് റിപ്പോർട്ട്.

പ്രധാനമന്ത്രി സ്ഥാനമൊഴിയണമെന്ന് അഭിപ്രായപ്പെട്ട 72% പേരിൽ 44% പേർ അദ്ദേഹം ഉടൻ സ്ഥാനമൊഴിയണമെന്ന് ആഗ്രഹിക്കുന്നവരാണ്.

28% പേർ, ഇസ്രഈൽ പ്രതിരോധ സേന (ഐ.ഡി.എഫ്) ഗസയിലെ സൈനിക നടപടി അവസാനിപ്പിച്ച ശേഷം അദ്ദേഹം രാജി വെക്കണമെന്ന് അഭിപ്രയപ്പെടുന്നവരാണ്.

ഗസയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇസ്രഈൽ ജനത നിരവധി പ്രതിഷേധ റാലികളാണ് ഇസ്രഈലിൽ നടത്തിയത്.

പലരും വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും ഹമാസിൻ്റെ കൈവശമുള്ള ബാക്കിയുള്ള ബന്ദികളെ തിരികെ കൊണ്ടുവരാൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

ഇസ്രഈലിന് നേരെയുണ്ടായ ഒക്ടോബർ ഏഴിലെ ഹമാസിന്റെ ആക്രമണത്തെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വൻ പരാജയം എന്ന നിലക്കാണ് ഇസ്രഈലി മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.

ഗസയുമായുള്ള അതിർത്തിയിൽ ഒരു സിഗ്നൽ സംവിധാനം ശരിയായി പരിപാലിക്കുന്നതിൽ സൈന്യം പരാജയപ്പെട്ടുവെന്ന് ചാനൽ 12 റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ യുദ്ധത്തിൽ നിന്നും പിന്മാറില്ലെന്നും. ഏകദേശം ഫലസ്തീനിലെ യുദ്ധം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നുവെന്നുമാണ് ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്. ഇസ്രഈലിന്റെ വംശഹത്യയിൽ ഇതുവരെ 38000 തിലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.

Content Highlight: Most Israelis want Netanyahu to resign- poll

We use cookies to give you the best possible experience. Learn more