ഐ.പി.എല്‍ 2024ന്റെ താരലേലത്തിന് മുന്നോടിയായി എല്ലാ ടീമുകളും തങ്ങള്‍ നിലനിര്‍ത്തിയ താരങ്ങളുടെയും റിലീസ് ചെയ്ത താരങ്ങളുടെയും പട്ടിക പുറത്തുവിട്ടിരുന്നു. റിലീസ് ചെയ്ത താരങ്ങളുടെ അന്തിമ പട്ടിക പുറത്തുവിടാനുള്ള അവസാന തീയതിയായ നവംബര്‍ 26ന് തന്നെയാണ് മിക്ക ടീമുകളും 2024 ഐ.പി.എല്ലിലെ തങ്ങളുടെ ടീമിനെ കുറിച്ചുള്ള ആദ്യ സൂചനകള്‍ നല്‍കിയത്.
ഇതിന് പുറമെ ട്രേഡിങ്ങിലൂടെ പല താരങ്ങളും പുതിയ തട്ടകം കണ്ടെത്തുകയും ചെയ്തിരുന്നു. ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യയുടെ ട്രേഡാണ് ഇതില്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയത്.
15 കോടി രൂപക്കാണ് മുംബൈ തങ്ങളുടെ മുന്‍ താരത്തെ വീണ്ടും വാംഖഡെയിലെത്തിച്ചത്. 17.5 കോടി രൂപക്ക് കാമറൂണ്‍ ഗ്രീനിനെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് നല്‍കിയാണ് മുംബൈ ഹര്‍ദിക്കിനെ ടീമിലെത്തിക്കാനുള്ള പണം കണ്ടെത്തിയത്.
പല ടീമുകളും കോടികള്‍ മുടക്കി ടീമിലെത്തിച്ച സൂപ്പര്‍ താരങ്ങളെ റിലീസ് ചെയ്തിരുന്നു. കഴിഞ്ഞ താര ലേലത്തിലെ മോസ്റ്റ് എക്‌സ്‌പെന്‍സീവ് പിക്കുകളിലൊന്നായ ബെന്‍ സ്റ്റോക്‌സിന്റെ റിലീസാണ് ഇതില്‍ എടുത്ത് പറയേണ്ടത്. 16.25 കോടി രൂപക്കാണ് സൂപ്പര്‍ കിങ്‌സ് സ്റ്റോക്‌സിനെ ടീമിലെത്തിച്ചത്.
സണ്‍റൈസേഴ്‌സ് ഹൈദരാാബാദിന്റെ ഹാരി ബ്രൂക്ക്, നൈറ്റ് റൈഡേഴ്‌സിന്റെ ഷര്‍ദുല്‍ താക്കൂര്‍, റോയല്‍ ചലഞ്ചേഴ്‌സിന്റെ വാനിന്ദു ഹസരംഗ എന്നിവരാണ് റീലീസ് ചെയ്യപ്പെട്ട മറ്റ് എക്‌സ്‌പെന്‍സീവ് താരങ്ങള്‍