ഐ.പി.എല്‍ 2024ന് മുന്നോടിയായുള്ള താരലേലം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. കോടികള്‍ ഒഴുകിയ താരലേലത്തില്‍ ടീമുകള്‍ തങ്ങളുടെ സ്‌ക്വാഡ് ഡെപ്ത് വര്‍ധിപ്പിക്കുകയും ടീമിനെ കൂടുതല്‍ സ്റ്റേബിളാക്കുകയും ചെയ്തിരുന്നു.
ഐ.പി.എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബിഡ്ഡിങ്ങുകളായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. താരലേലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയ്ക്കാണ് മിച്ചല്‍ സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. 24.75 കോടി രൂപക്കായിരുന്നു സ്റ്റാര്‍ക്കിനെ നൈറ്റ് റൈഡേഴ്‌സ് തങ്ങളുടെ തട്ടകത്തിലെത്തിച്ചത്.
ഐ.പി.എല്‍ ലേലത്തില്‍ ഏറ്റവുമധികം തുക സ്വന്തമാക്കിയ താരം എന്ന റെക്കോഡ് ഓസീസ് സൂപ്പര്‍ താരം പാറ്റ് കമ്മിന്‍സും അല്‍പനേരം സ്വന്തമാക്കിയിരുന്നു. 20.50 കോടി രൂപക്കായിരുന്നു താരത്തെ സണ്‍ റൈസേഴ്‌സ് സ്വന്തമാക്കിയത്.
2024 താരലേലത്തിലെയും ഐ.പി.എല്ലിന്റെ ചരിത്രത്തിലെയും ഏറ്റവും ഉയര്‍ന്ന ലേലത്തുകയായിരുന്നു ഇത്.
ദിവസങ്ങള്‍ക്ക് മുമ്പ് വുമണ്‍സ് പ്രീമിയര്‍ ലീഗിന്റെ 2024 എഡിഷനായുള്ള താര ലേലവും നടന്നിരുന്നു. പല ആഭ്യന്തര താരങ്ങള്‍ക്കും തങ്ങളുടെ കഴിവ് പ്രദര്‍ശിപ്പിക്കാനും ദേശിയ ടീമില്‍ ഇടം പിടിക്കാനുമുള്ള അവസരമായിരുന്നു താര ലേലത്തിലൂടെ നടന്നത്.
ലേലത്തില്‍ ഏറ്റവുമധികം സ്വന്തമാക്കിയത് കേശ്‌വീ ഗൗതമും അന്നബെല്‍ സതര്‍ലാന്‍ഡുമായിരുന്നു. രണ്ട് കോടി രൂപ വീതമാണ് ഇരുവര്‍ക്കും ലഭിച്ചത്.
ഗൗതമിനെ ഗുജറാത്ത് ജയന്റ്‌സ് ടീലെത്തിച്ചപ്പോള്‍ ദല്‍ഹി ക്യാപ്പിറ്റല്‍സാണ് സതര്‍ലാന്‍ഡിനെ സ്വന്തമാക്കിയത്. ഇതോടെ 2024 ഡബ്ല്യൂ.പി.എല്‍ താരലേലത്തില്‍ ഏറ്റവുമധികം തുക സ്വന്തമാക്കിയ താരങ്ങളായും ഇവര്‍ മാറി.
എന്നാല്‍ വുമണ്‍സ് പ്രീമിയര്‍ ലീഗിലെ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ലേലം കൊണ്ട താരങ്ങള്‍ ഇവരല്ല. സൂപ്പര്‍ താരം സ്മൃതി മന്ഥാനയാണ് ഡബ്ല്യൂ.പി.എല്‍ ലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുക സ്വന്തമാക്കിയത്.
വനിതാ പ്രീമിയര്‍ ലീഗിന്റെ ആദ്യ സീസണില്‍ 3.40 കോടി രൂപയാണ് സ്മൃതി മന്ഥാനയെ സ്വന്തമാക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ചെലവഴിച്ചത്. എന്നാല്‍ സീസണില്‍ തന്റെ പേരിനും പെരുമക്കും ഒത്ത പ്രകടനം നടത്താന്‍ താരത്തിന് സാധിച്ചിരുന്നില്ല.
ഗുജറാത്ത് ജയന്റ്‌സിന്റെ ആഷ്‌ലീഗ് ഗാര്‍ഡ്‌നര്‍ (3.2 കോടി), മുംബൈ ഇന്ത്യന്‍സിന്റെ നതാലി സ്‌കിവര്‍ ബ്രണ്ട് (3.2 കോടി), യു.പി വാറിയേഴ്‌സ് താരം ദീപ്തി ശര്‍മ (2.6 കോടി) ദല്‍ഹി ക്യാപ്പിറ്റല്‍സ് സൂപ്പര്‍ താരങ്ങളായ ജമീമ റോഡ്രിഗസ് (2.2 കോടി), ഷെഫാലി വര്‍മ (2 കോടി), ഗുജറാത്തിന്റെ ബെത് മൂണി (2 കോടി) എന്നിവരാണ് വുമണ്‍സ് പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവുമുയര്‍ന്ന തുകയ്ക്ക് ലേലം കൊണ്ടത്.
Content highlight: Most expansive buy of IPL and WPL player auction 2024