ലോകം മുഴുവന്‍ ആരാധകരുള്ള സ്പാനിഷ് വെബ് സീരീസാണ് മണി ഹീസ്റ്റ്. സീരിസിലെ ഓരോ പ്രധാന കഥാപാത്രങ്ങള്‍ക്കും പ്രത്യേകം ഫാന്‍സ് ഗ്രൂപ്പുകള്‍ തന്നെ പ്രേക്ഷകര്‍ക്കിടയിലുണ്ട്. അതുപോലെ തന്നെ പ്രേക്ഷകര്‍ വെറുക്കുന്ന ചില കഥാപാത്രങ്ങളും മണി ഹീസ്റ്റിലുണ്ട്.
ഇപ്പോള്‍ സീരിസിലെ ഏറ്റവും വൃത്തികെട്ട കഥാപാത്രം ആരെന്ന ചോദ്യത്തിന് മറുപടിയുമായെത്തിയിരിക്കുകയാണ് പ്രധാന കഥാപാത്രങ്ങളായ
പ്രൊഫസറും ബെര്‍ലിനും. എന്റികെ ആര്‍സെ അവതരിപ്പിച്ച അര്‍ട്ടൂറോയെയാണ് പ്രേക്ഷകര്‍ ഏറ്റവും അധികം വെറുക്കുന്നതെന്നാണ് ഇരുവരും ഒരേ സ്വരത്തില്‍ പറഞ്ഞത്.
പ്രൊഫസറായെത്തിയ അല്‍വാരൊ മോര്‍ട്ടെയും ബെര്‍ലിനെ അവതരിപ്പിച്ച പെഡ്രോ അലന്‍സൊയും ഒന്നിച്ചെത്തിയ അഭിമുഖത്തില്‍ വെച്ചായിരുന്നു അര്‍ട്ടൂരോ ഒരു വൃത്തികെട്ട കഥാപാത്രം തന്നെയാണെന്ന് ഇരുവരും സമ്മതിച്ചത്. മണി ഹീസ്റ്റ്് യൂട്യൂബ് ചാനലില്‍ നടന്ന പരിപാടിയില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുയായിരുന്നു ഇവര്‍.
അര്‍ട്ടൂറോയെ പോലുള്ള കഥാപാത്രങ്ങളെ കാണാന്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടമാണെന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് പെഡ്രോ പറഞ്ഞു. ഒരാള്‍ക്ക് എത്രമാത്രം തരംതാഴാനാകുമെന്നാണ് അത്തരം കഥാപാത്രങ്ങള്‍ കാണിച്ചുതരുന്നതെന്നും പെഡ്രോ പറഞ്ഞു.
കാണുന്നവര്‍ക്ക് അറപ്പുളവാക്കുന്ന കഥാപാത്രമാണ് അര്‍ട്ടൂരോയെന്നും തികച്ചും ഹീനമായ പ്രവര്‍ത്തികളാണ് അയാള്‍ ചെയ്യുന്നതെന്നുമാണ് അല്‍വാരോയുടെ വാക്കുകള്‍. എന്നാല്‍ ഇങ്ങനെയുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അത്ര എളുപ്പമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സീരിസിന്റെ ആദ്യ സീസണില്‍ പ്രൊഫസറും സംഘവും മോഷണം നടത്തുന്ന റോയല്‍ മിന്റിന്റെ മാനേജറാണ് അര്‍ട്ടൂറോ. പിന്നീടുള്ള സീസണുകളില്‍ ഇയാള്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഏതറ്റം വരെയും പോകുന്നത് കാണാമായിരുന്നു.
അതേസമയം മണി ഹീസ്റ്റിന്റെ അവസാന ഭാഗങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. രണ്ട് സീസണുകളായാണ് അവസാന ഭാഗം ഒരുങ്ങുന്നത്. ആഗസ്റ്റ് രണ്ടിനായിരുന്നു അഞ്ചാം സീസണിന്റെ ആദ്യ ഭാഗത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നത്. സെപ്റ്റംബര്‍ മൂന്നിന് സീസണ്‍ നെറ്റ്ഫ്‌ളിക്‌സിലെത്തും.
2017 മെയ് മാസത്തില്‍ സ്പാനിഷ് ടി.വി ചാനലായ ആന്റിന 3 എന്ന ചാനലിലാണ് ലാ കാസ ദെ പാപെല്‍ എന്ന മണിഹീസ്റ്റ് സംപ്രേഷണം ആരംഭിക്കുന്നത്. തുടക്കത്തില്‍ ടെലിവിഷനില്‍ സീരീസ് ജനശ്രദ്ധ നേടിയിരുന്നു.
എന്നാല്‍ ആദ്യ സീസണിനു ശേഷം സ്പെയിനില്‍ മണി ഹീസ്റ്റിന്റെ ജനപ്രീതി ഇടിഞ്ഞു. സീരീസ് ഒരു പരാജയമായി അണിയറ പ്രവര്‍ത്തകര്‍ കണക്കാക്കിയിരിക്കുകയായിരുന്നു. ഇതിനിടയിലാണ് നെറ്റ്ഫ്ളിക്സിന്റെ അപ്രതീക്ഷിത വരവ്. തുടര്‍ന്ന് സീരീസിനെ നെറ്റ്ഫ്ളിക്സ് ഏറ്റെടുത്തു.
രണ്ടു സീസണുകളിലായി 15 എപ്പിസോഡുകളാണ് സ്പെയിന്‍ ചാനലില്‍ സംപ്രേഷണം ചെയ്തിരുന്നത്. നെറ്റ്ഫ്ളിക്‌സ് ഇതേറ്റെടുത്തപ്പോള്‍ ഇത് 22 ചെറിയ എപ്പിസോഡുകളാക്കി ചുരുക്കിയാണ് സ്ട്രീം ചെയ്തത്. പിന്നാലെയാണ് മണി ഹീസ്റ്റ് ആഗോളതലത്തില്‍ ശ്രദ്ധ നേടുന്നത്. മൂന്നും നാലും സീസണ്‍ നെറ്റ്ഫ്‌ളിക്‌സ് ഒറിജിനലായാണ് ഇറങ്ങിയത്.