| Thursday, 23rd November 2023, 9:42 am

ആദ്യ ഘട്ടത്തില്‍ വിട്ടുനല്‍കുന്ന ഭൂരിഭാഗം ബന്ദികളും ഇസ്രഈലികളല്ല: ഹമാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം : ഇസ്രഈല്‍ ഭരണകൂടവുമായുള്ള ഉടമ്പടി പ്രകാരം  ആദ്യ ഘട്ടത്തില്‍ മോചിപ്പിക്കുന്ന 50 ബന്ദികളില്‍ ഭൂരിഭാഗവും മറ്റു രാജ്യങ്ങളിലെ പൗരന്മാരെന്ന് ഹമാസ് വക്താവ് മൗസ അബു മര്‍സൂക്ക്.

നവംബര്‍ 23 വ്യാഴാഴ്ച പ്രാദേശികസമയം രാവിലെ 10 മണി മുതല്‍ ഗസയില്‍ നാല് ദിവസത്തേക്ക് വെടി നിര്‍ത്തല്‍ നടപ്പാക്കുമെന്നും കൂടാതെ ഇസ്രഈലും ഫലസ്തീനും തടവുകാരെ കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.

ഗസയിലെ വെടി നിര്‍ത്തല്‍ ഉടമ്പടിയിലേക്ക് നയിച്ച ചര്‍ച്ചകളില്‍ ഇസ്രഈലിനുമേല്‍ നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കാന്‍ ഹമാസിന് കഴിഞ്ഞതായി ഫലസ്തീന്‍ ടുഡേ വാര്‍ത്താചാനലിനോട് അബു മര്‍സൂക്ക് പറഞ്ഞു.

വെടിനിര്‍ത്തല്‍ കാലത്ത് ഗസയുടെ എല്ലാ ഭാഗങ്ങളിലും മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നതിന് ഇസ്രഈല്‍ എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇസ്രഈലി അധിനിവേശം ഭരണകൂടത്തിന് മനുഷ്യത്വ ബോധം തീരെയില്ല. മുഴുവന്‍ ഗസ മുനമ്പിലും സഹായം എത്തിക്കുന്നത് അംഗീകരിക്കാന്‍ ഞങ്ങള്‍ അവരെ നിര്‍ബന്ധിതരാക്കി,’ അദ്ദേഹം പറഞ്ഞു. കൂടാതെ വെടിനിര്‍ത്തല്‍ കരാറില്‍ മധ്യസ്ഥ വഹിക്കുന്നതില്‍ ഖത്തറും ഈജിപ്തും വഹിച്ച പങ്കിന് മര്‍സൂക്ക് നന്ദി പറഞ്ഞു.

150 ഫലസ്തീന്‍ തടവുകാരുടെ സ്വാതന്ത്ര്യത്തിനു പകരമായി 50 ഇസ്രഈലി ബന്ദികളെ മോചിപ്പിക്കാനാണ് കരാര്‍. എല്ലാ തടവുകാരും സ്ത്രീകളും 19 വയസ്സിന് താഴെയുള്ള  കുട്ടികളുമായിരിക്കും. ഭാവിയില്‍ ഇസ്രഈലുമായുള്ള തടവുകാരുടെ കൈമാറ്റ കരാര്‍ പ്രകാരം ഇസ്രഈല്‍ ജയിലില്‍ ഉള്ള എല്ലാ ഫലസ്തീനികളെയും മോചിപ്പിക്കുമെന്ന് മര്‍സൂക്ക് അവര്‍ക്ക് ഉറപ്പ് നല്‍കി.

ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രഈല്‍ ഹമാസ് സംഘര്‍ഷത്തില്‍ 240ലധികം ഇസ്രഈലികളെ ഹമാസ് ബന്ദികളാക്കിയതായും 1400 പേരെ കൊലപ്പെടുത്തിയതായും ഇസ്രഈല്‍ ഭരണകൂടം പറഞ്ഞു. ഗസയിലെ ഇസ്രഈലിന്റെ ആക്രമണത്തില്‍ 14,000ലധികം ആളുകള്‍ കൊല്ലപ്പെട്ടതായി ആരോഗ്യം മന്ത്രാലയം വ്യക്തമാക്കി.

content highlight :  Most captives to be released by Hamas are non-Israelis: Hamas

We use cookies to give you the best possible experience. Learn more