| Sunday, 27th December 2020, 7:12 pm

2021ല്‍ ആരാധകര്‍ കാത്തിരിക്കുന്ന ആമസോണ്‍ പ്രൈമിലെ ഇന്ത്യന്‍ സീരിസുകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സീരിസുകള്‍ക്കും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കും ഏറ്റവും കൂടുതല്‍ കാഴ്ചക്കാരെ നേടിക്കൊടുത്ത വര്‍ഷമായിരുന്നു 2020. കൊവിഡും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും ആളുകളെ വീട്ടിനുള്ളില്‍ തന്നെ നിര്‍ത്തിയതായിരുന്നു സീരിസ് പ്രേക്ഷകരുടെ കാര്യത്തില്‍ വന്‍ വര്‍ധനവുണ്ടാകാന്‍ കാരണം. നിരവധി ഇന്ത്യന്‍ സീരിസുകളും ഈ വര്‍ഷം ഇറങ്ങിയിരുന്നു. പുതിയ വര്‍ഷത്തില്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ആമസോണ്‍ പ്രൈമിലെ ഇന്ത്യന്‍ സീരിസുകള്‍

താണ്ടവ്

ആമസോണ്‍ പ്രൈമില്‍ ജനുവരി 15നാണ് താണ്ടവ് എത്തുന്നത്. അവി അബാസ് സഫര്‍ സംവിധാനം ചെയ്യുന്ന സീരിസില്‍ സെയ്ഫ് അലി ഖാന്‍, ഡിംപിള് കപാഡിയ, തിഗ്മാനഷു ധുലിയ, കുമുദ് മിശ്ര എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തിലെത്തുന്ന താണ്ടവിന്റെ ട്രെയ്‌ലര്‍ ചര്‍ച്ചയായിരുന്നു.

ദ ഫാമിലി മാന്‍ 2

ആമസോണിന്റെ ഏറ്റവും വിജയിച്ച സീരിസുകളിലൊന്നായ ഫാമിലി മാന്റെ രണ്ടാം ഭാഗവും 2021ല്‍ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുകയാണ്. ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് ആദ്യ ഭാഗം അവസാനിച്ചിരിക്കുന്നത് എന്നതുകൊണ്ടു തന്നെ സീരിസ് കണ്ട എല്ലാവരും തന്നെ അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ്. മനോജ് ബാജ്‌പേയി, പ്രിയാമണി, ശരദ് കേല്‍ക്കര്‍, ഗുല്‍ പനംഗ്, ശ്രേയ ധന്വന്തരി എന്നിവരെ കൂടാതെ സാമന്തയും സീരിസിലുണ്ട്. നെഗറ്റീവ് റോളിലാണ് സാമന്തയെത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സീരിസിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.

മെയ്ഡ് ഇന്‍ ഹെവന്‍

2018ല്‍ ഇറങ്ങിയ സമയം മുതല്‍ ഏറെ ചര്‍ച്ചയായ സീരിസായിരുന്നു മെയ്ഡ് ഇന്‍ ഹെവന്‍. പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഒരുപോലെ നേടിയ സീരിസിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് അന്നുതന്നെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. നിത്യ മെഹ്‌റ, സോയ അക്തര്‍, പ്രശാന്ത് നായര്‍, അലംകൃത ശ്രീവാസ്തവ എന്നിവര്‍ സംവിധാനം ചെയ്ത മെയ്ഡ് ഇന്‍ ഹെവനില്‍ ശോഭിത ധുലിപാല, അര്‍ജുന്‍ മാഥുര്‍, ജിം സര്‍ഭ്, ശശാങ്ക് അറോറ, കല്‍കി കേക്ക്‌ല എന്നിവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്. പുതിയ സീസണിലും ഇവര്‍ തന്നെയായിരിക്കും പ്രധാന വേഷത്തിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.

മുംബൈ ഡയറീസ് 26/11

26/11 മുംബൈ ആക്രമണത്തെ ആസ്പദമാക്കിയൊരുക്കുന്ന സീരിസിന്റെ ഫസ്റ്റ് ലുക്ക് നവംബര്‍ 26ന് സംഭവത്തിന്റെ വാര്‍ഷികദിനത്തില്‍ പുറത്തുവിട്ടിരുന്നു. മോഹിത് റെയ്‌ന, കൊങ്കണ സെന്‍ ശര്‍മ, ടിന ദത്ത, ശ്രേയ ധന്വന്തരി എന്നിവരാണ് സീരിസില്‍ പ്രധാന വേഷത്തിലെത്തുന്നത്. മാര്‍ച്ചിലായിരിക്കും സീരിസ് പുറത്തിറങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Most awaited Indian series in Amazon Prime in 2021

We use cookies to give you the best possible experience. Learn more