ബൈഡനും ട്രംപിനും പ്രായാധിക്യം; ഇരുവരും യു.എസ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് വരുന്നതിൽ അമേരിക്കക്കാർക്ക് അതൃപ്തിയെന്ന് സർവേ
World News
ബൈഡനും ട്രംപിനും പ്രായാധിക്യം; ഇരുവരും യു.എസ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് വരുന്നതിൽ അമേരിക്കക്കാർക്ക് അതൃപ്തിയെന്ന് സർവേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th February 2024, 8:55 pm

ന്യൂയോർക്ക്: ബഹുഭൂരിപക്ഷം വരുന്ന അമേരിക്കക്കാരും 81 വയസുകാരനായ ജോ ബൈഡനും 77കാരനായ ഡൊണാൾഡ് ട്രംപും ഇനിയും അധികാരത്തിൽ തുടരാൻ കഴിയാത്തത്ര പ്രായമുള്ളവരാണെന്ന് വിശ്വസിക്കുന്നതായി സർവേ.

എ.ബി.സി ന്യൂസും വിപണി ഗവേഷണ കമ്പനിയായ ഇപ്സോസും നടത്തിയ സർവേയിലാണ് പ്രായാധിക്യമുള്ള ഇരുവരും ഇനി അധികാരത്തിൽ വരുന്നത് അമേരിക്കൻ ജനത ആഗ്രഹിക്കുന്നില്ലെന്ന് കണ്ടെത്തിയത്.

528 യു.എസ് വോട്ടർമാർക്കിടയിൽ നടത്തിയ അഭിപ്രായ സർവേ കഴിഞ്ഞ ആഴ്ചയാണ് പുറത്തുവന്നത്.

സർവേയിൽ പങ്കെടുത്ത 86 ശതമാനം ആളുകളും അദ്ദേഹത്തിന്റെ പ്രായം പരിഗണിച്ച് രണ്ടാം തവണയും അധികാരത്തിൽ വരുന്നതിനെ പിന്തുണക്കുന്നില്ല. ഇതിൽ തന്നെ 27 ശതമാനം ആളുകൾ, നിലവിൽ യു.എസ് ചരിത്രത്തിൽ ഏറ്റവും പ്രായമുള്ള പ്രസിഡന്റായ ബൈഡൻ ഇപ്പോൾ അധികാരത്തിലുള്ളതിൽ പോലും വിയോജിപ്പുള്ളവരാണ്.

സർവേയിൽ പങ്കെടുത്ത 59 ശതമാനം ആളുകളും ബൈഡനും അതുപോലെതന്നെ മുൻ പ്രസിഡന്റായിരുന്ന ട്രംപും വളരെയധികം പ്രായാധിക്യം ഉള്ളവരാണെന്ന അഭിപ്രായക്കാരാണ്.

അതേസമയം 74 ശതമാനം ഡെമോക്രാറ്റുകളും ബൈഡന് പ്രായക്കൂടുതൽ ഉണ്ടെന്ന് പറയുമ്പോൾ റിപ്പബ്ലിക്കന്മാരായ 35 ശതമാനം ആളുകൾക്ക് മാത്രമേ ട്രംപിന്റെ കാര്യത്തിൽ സന്ദേഹമുള്ളൂ.

അതേസമയം സ്വതന്ത്രരായ ആളുകളിൽ 91 ശതമാനം പേർ ബൈഡന് പ്രായാധിക്യമുണ്ടെന്ന് അഭിപ്രായപ്പെടുമ്പോൾ 71 ശതമാനം പേരും ട്രംപിനും പ്രായക്കൂടുതലുണ്ടെന്ന് കരുതുന്നു.

യു.എസിലെ പ്രത്യേക കൗൺസിലർ റോബർട്ട് ഹറിന്റെ റിപ്പോർട്ടിൽ മസ്തിഷ്‌ക ക്യാൻസർ ബാധിച്ച് ഏത് വർഷമാണ് തന്റെ മകൻ ബ്യൂ ബൈഡൻ മരിച്ചത് എന്ന് പ്രസിഡന്റിന് ഓർമയില്ലെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ റിപ്പോർട്ട് നിലവിൽ ബൈഡന് ഒരു രാഷ്ട്രീയ വെല്ലുവിളി സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

Content Highlight: Most Americans believe Biden and Trump too old to be president – survey