അങ്ങനെ ചെയ്യുന്നപക്ഷം വിദേശയാത്രകള്‍ക്കിടെ സൈനികര്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം എന്ന ഭീതിയിലാണ് മൊസാദ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വെച്ചതെന്നാണ് പ്രസ് ടി.വി. റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ഇസ്രഈലി പ്രധാനമന്ത്രിക്കും മുന്‍ പ്രതിരോധ മന്ത്രിക്കും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഒരു മാസത്തിന് ശേഷമാണ് പുതിയ നിര്‍ദേശം വന്നിരിക്കുന്നത്.
‘ഗസയിലെ യുദ്ധക്കളങ്ങളത്തില്‍ നിന്നോ മറ്റെവിടെയെങ്കിലുമോ നില്‍ക്കുന്ന നിങ്ങളുടെ ചിത്രം പങ്കുവെക്കരുത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പോലും ചെയ്യരുത്. അങ്ങനെ ചെയ്താല്‍ സൈനികരുടെ വിവരങ്ങള്‍ അവര്‍ സന്ദര്‍ശിക്കുന്ന രാജ്യങ്ങളിലേക്ക് അയച്ചു നല്‍കപ്പെടും. നിങ്ങളെ അവര്‍ അറസ്റ്റ് ചെയ്‌തേക്കാം. അതോടെ നിങ്ങളുടെ വിദേശത്തെ അവധിക്കാലം ഒരു പേടിസ്വപ്നമായി മാറും,’മൊസാദുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ഒരു എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
അതേസമയം ഗസയിലെ ഇസ്രഈലി വംശഹത്യയ്ക്ക് ഇരയാകുന്ന ഫലസ്തീനികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഹിന്ദ് റജബ് ഫൗണ്ടേഷനും മൊസാദിന്റെ ഈ മുന്നിയിപ്പിനെക്കുറിച്ച് അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്.
മൊസാദിന്റെ ഉപദേശം വളരെ വൈകിപ്പോയെന്നും സൈനികരുടെ കുറ്റകൃത്യത്തെക്കുറിച്ചുള്ള തെളിവുകള്‍ എല്ലാം ഇതിനകം ലഭിച്ചിട്ടുണ്ടെന്നും യുദ്ധക്കുറ്റവാളികള്‍ നീതിയില്‍ നിന്ന് രക്ഷപ്പെടില്ലെന്നുമാണ് ഹിന്ദ് റജബ് ഫൗണ്ടേഷന്റെ പ്രതികരണം.
എന്നാല്‍ അവരുടെ അവധിക്കാലം നശിക്കുന്നതിനാണ് മുന്‍തൂക്കമെന്നും മറിച്ച് അവര്‍ നടത്തിയ വംശഹത്യയല്ല യഥാര്‍ത്ഥ പേടിസ്വപ്‌നം എന്നും സംഘടന പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
ഗസയിലെ വംശഹത്യയില്‍ പങ്കെടുത്ത ഇസ്രഈല്‍ സൈന്യത്തിനെതിരെ വിവിധ രാജ്യങ്ങളിലായി നിരവധി പരാതികള്‍ നിലവിലുണ്ട്. 1000 ഇസ്രഈലി സൈനികര്‍ക്കെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലും ഹിന്ദ് റജബ് ഫൗണ്ടേഷന്‍ പരാതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ മാസം, ഐ.സി.സിയുടെ പ്രീ-ട്രയല്‍ ചേംബര്‍ ഇസ്രഈലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റിനുമെതിരെ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ക്കും യുദ്ധക്കുറ്റങ്ങള്‍ക്കും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ഇവര്‍ ഐ.സി.സിയുടെ 124 അംഗരാജ്യങ്ങളില്‍ ഏതെങ്കിലും ഒന്നിലേക്ക് യാത്ര ചെയ്താല്‍ അറസ്റ്റ് ചെയ്യപ്പെടുമെന്നാണ് ഇതിനര്‍ത്ഥം.
ഗസയിലെ ആക്രമണത്തില്‍ പങ്കെടുത്ത 30 സൈനികര്‍ക്കും ഓഫീസര്‍മാര്‍ക്കുമെതിരെ ഫലസ്തീന്‍ അനുകൂല സംഘടനകള്‍ യുദ്ധക്കുറ്റങ്ങള്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് വിദേശയാത്ര ഒഴിവാക്കണമെന്ന് സൈന്യം ഈ മാസം ആദ്യം മുന്നറിയിപ്പ് നല്‍കിയതായി ഇസ്രഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Content Highlight: Mossad asks Israeli soldiers not to share their Gaza photos to avoid arrest in overseas