ലഖ്‌നൗ: സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കുന്നുണ്ടോ എന്നറിയാന്‍ ദളിതരുടെ വീട്ടില്‍ കൊതുക് കടി സഹിച്ചുകൊണ്ടാണ് പോകുന്നതെന്ന് ഉത്തര്‍പ്രദേശ് വിദ്യാഭ്യാസ മന്ത്രി അനുപ്മ ജൈസ്വാള്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ക്ഷേമപദ്ധതികള്‍ നടപ്പിലാക്കാന്‍ ഒരുപാട് ത്യാഗം സഹിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
” സര്‍ക്കാര്‍ സഹായം നല്‍കിയശേഷം മന്ത്രിമാര്‍ ഇവരുടെ (ദളിതരുടെ) വീട്ടിലേക്ക് പോകും. ആ രാത്രി മുഴുവന്‍ കൊതുക് കടി ഏല്‍ക്കേണ്ടി വരും. മന്ത്രിമാര്‍ക്ക് നേരത്തെ നിശ്ചയിച്ച എണ്ണം വീടുകളില്‍ സന്ദര്‍ശിക്കേണ്ടിവരും.”
അതേസമയം താന്‍ നിശ്ചയിച്ചതിലും കൂടുതല്‍ വീടുകളില്‍ സന്ദര്‍ശിക്കാറുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു.
Also Read: അലിഗഢ് സര്‍വകലാശാലയിലെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം; ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു
നേരത്തെ ബി.ജെ.പി ക്യാംപെയ്നിന്റെ ഭാഗമായി ദളിത് കുടുംബം സന്ദര്‍ശിച്ച് ഭക്ഷണം കഴിച്ച യു.പി മന്ത്രിയുടെ നടപടി വിവാദമായിരുന്നു. പുറത്തുനിന്നെത്തിച്ച ഭക്ഷണവും വെള്ളവും കഴിച്ച നടപടിയാണ് വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചത്.
യു.പി മന്ത്രി സുരേഷ് റാണയാണ് ദളിത് കുടുംബത്തില്‍ ഭക്ഷണം കഴിക്കാനെത്തിയത്. എന്നാല്‍ ഭക്ഷണവും മിനറല്‍ വാട്ടറും പാത്രങ്ങളും ഇവര്‍ കൊണ്ടുവന്നിരുന്നെന്നാണ് മന്ത്രി സന്ദര്‍ശിച്ച കുടുംബത്തിലുള്ളവര്‍ പറയുന്നത്.
“അവര്‍ അത്താഴം കഴിക്കാന്‍ വരികയാണെന്നു പോലും എനിക്ക് അറിയില്ലായിരുന്നു. പെട്ടെന്നാണ് അവര്‍ വന്നത്. ഭക്ഷണവും വെള്ളവും പാത്രങ്ങളുമെല്ലാം അവര്‍ പുറത്തുനിന്നും എത്തിച്ചിരുന്നു.” മന്ത്രി സന്ദര്‍ശിച്ച വീട്ടുടമസ്ഥനായ രജനീഷ് കുമാര്‍ പറഞ്ഞു.
രാത്രി പതിനൊന്നുമണിയോടെയാണ് മന്ത്രിയുടെ സഹായികളും വീട്ടിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ തന്റെ കൂടെ കൂറേയാളുകള്‍ ഉണ്ടായിരുന്നെന്നും അവര്‍ക്കു കഴിക്കാനായാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തതെന്നുമാണ് മന്ത്രിയുടെ ന്യായവാദം.
50%ത്തിലേറെ ദളിതരുള്ള ഗ്രാമങ്ങളില്‍ ഒരു ദിവസമെങ്കിലും ചിലവഴിക്കാന്‍ കഴിഞ്ഞദിവസം ബി.ജെ.പി ജനപ്രതിനിധികളോട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞവര്‍ഷം യു.പിയില്‍ ബി.ജെ.പി അധികാരത്തിലെത്തിയതിനു പിന്നാലെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദളിത് കുടുംബം സന്ദര്‍ശിച്ചത് വിവാദമായിരുന്നു. എ.സി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയശേഷമായിരുന്നു സന്ദര്‍ശനം.
WATCH THIS VIDEO: