national news
ഇപ്പോൾ സൗത്തിലും കോൺഗ്രസ് ഭരിക്കുന്നിടത്തും; ഗണേശ ഘോഷയാത്രക്കായി പള്ളികള്‍ ഷീറ്റ് കൊണ്ട് മൂടണം: തെലങ്കാന
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Sep 14, 03:39 am
Saturday, 14th September 2024, 9:09 am

ഹൈദരാബാദ്: തെലങ്കാനയില്‍ വിനായക ചതുർത്ഥിയുമായി ബന്ധപ്പെട്ട ഘോഷയാത്രകള്‍ക്ക് മുന്നോടിയായി വെള്ള തുണികൊണ്ട് പള്ളികള്‍ മറച്ച് അധികൃതര്‍.

സംസ്ഥാനത്ത് സമാധാന അന്തരീക്ഷം നിലനിര്‍ത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി ഘോഷയാത്രകള്‍ കടന്നുപോകുന്ന വഴികളിലെ പള്ളികള്‍ ഉദ്യോഗസ്ഥര്‍ മറയ്ക്കുകയായിരുന്നു. നാമ്പള്ളിയിലെ ഏക് മിനാർ മസ്ജിദ്, മൊസാംജാഹി മാർക്കറ്റിലെ മസ്ജിദ് ഇ മെഹബൂബ് ഷാഹി, സിദ്ധിയംബർ ബസാറിലെ ജാമിയ മസ്ജിദ് എന്നിവ ഘോഷയാത്രകൾ കടന്നുപോകുന്ന പാതയിലെ പ്രധാന മസ്ജിദുകളാണ്.

സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ഘോഷയാത്രകള്‍ നിയന്ത്രിക്കാന്‍ തെലങ്കാനയിലെ മുഴുവന്‍ ഫോഴ്സുകള്‍ക്കും സര്‍ക്കാരില്‍ നിന്ന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

ഹൈവേകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി ട്രാഫിക് ഉദ്യോഗസ്ഥര്‍ക്കും ഘോഷയാത്രകള്‍ ഏകോപിപ്പിക്കുന്നതിന് സ്‌പെഷ്യല്‍ ബ്രാഞ്ചും ഘോഷയാത്രകളിലെ സാമുദായിക സൗഹാര്‍ദം നിലനിര്‍ത്താന്‍ ഹൈദരാബാദ് പൊലീസിനുമാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.

ഇതിനുപുറമെ സംസ്ഥാനത്തെ എല്ലാ ബാറുകളിലും ക്ലബുകളിലും മദ്യവില്‍പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 17 രാവിലെ ആറ് മുതല്‍ സെപ്റ്റംബര്‍ 18 വൈകുന്നേരം ആറ് മണി വരെയായിരിക്കും നിരോധനം. ഉത്തരവ് ലംഘിച്ചാല്‍ നിയമനടപടി ഉണ്ടാകുമെന്നും നിര്‍ദേശമുണ്ട്.

കൂടാതെ ഗണേശ വിഗ്രഹങ്ങള്‍ നിമഞ്ജനം ചെയ്യുന്നതിനായി തെലങ്കാന സര്‍ക്കാര്‍ 27 ബേബി കുളങ്ങള്‍, 24 പോര്‍ട്ടബിള്‍ കുളങ്ങള്‍, രണ്ട് മുതല്‍ അഞ്ച് അടി വരെ ഉയരമുള്ള വിഗ്രഹങ്ങള്‍ക്കായി 22 എസ്‌കലേറ്റര്‍ കുളങ്ങള്‍ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. പ്ലാസ്റ്റർ ഓർ പാരീസിൽ നിർമിച്ച ഗണപതി വിഗ്രഹങ്ങള്‍ നദികളില്‍ ഒഴുക്കുന്നത് തടയണമെന്ന് തെലങ്കാന ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജി.എച്ച്.എം.സിയുടെ നടപടി.

അതേസമയം തെലങ്കാനയില്‍ ഘോഷയാത്രകള്‍ കടന്നുപോകുന്നതിന് പള്ളികള്‍ തുണികള്‍ കൊണ്ട് മറയ്ക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രതികരിക്കുന്നു.

ഈ നീക്കം സമാധാനം ഉറപ്പാക്കുന്നതിന് വേണ്ടിയാണെന്ന് സര്‍ക്കാര്‍ ഉത്തരവുകളെ അനുകൂലിച്ച് ചിലര്‍ പ്രതികരിച്ചു. മറുവശത്ത് ഇത്തരത്തിലുള്ള നടപടികള്‍ സമൂഹത്തില്‍ വിഭജനത്തിനും അന്യവത്കരണത്തിനും കാരണമാകുമെന്നും പ്രതികരിക്കുകയുണ്ടായി.

ഇതിനുമുമ്പും സമാനമായ സംഭവങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനവും ബി.ജെ.പി ഭരണകക്ഷിയുമായ ഉത്തര്‍പ്രദേശില്‍ ഹോളി ആഘോഷങ്ങളുടെ ഭാഗമായി ഹൈന്ദവ ഘോഷയാത്രകള്‍ കടന്നുപോകുന്ന ഇടങ്ങളിലെ പള്ളികള്‍ ഷീറ്റ് കൊണ്ട് മൂടണമെന്ന് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരുന്നു.

ഉത്തര്‍പ്രദേശിലെ ബറേലിയിലും ഷാജഹാന്‍പൂരിലും ഹിന്ദുമത ഘോഷയാത്രകള്‍ നടക്കുന്ന വഴികളില്‍ സ്ഥിതി ചെയ്യുന്ന പള്ളികള്‍ ഷീറ്റ് കൊണ്ട് മൂടാനാണ് യു.പി സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരുന്നത്.

മതപരമായ ഘോഷയാത്രകളുമായി ബന്ധപ്പെട്ട സംസ്ഥാനത്ത് നടക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനാണ് പള്ളികള്‍ ഷീറ്റ് കൊണ്ട് മൂടാന്‍ ഉത്തരവിട്ടതെന്നായിരുന്നു യോഗി സര്‍ക്കാരിന്റെ വിശദീകരണം. ബി.ജെ.പി ഭരണകക്ഷിയായിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത് സാധാരണയായി നടക്കുന്ന ഒരു നടപടി മാത്രമായി മാറിയിരിക്കുകയാണ്. ഇതിനെതിരെ വ്യാപകമായി വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

എന്നാല്‍ തെലങ്കാനയിലും സമാനമായ ഉത്തരവുകളും നടപടികളും ഉണ്ടാകുന്നു എന്നത് ആശ്ചര്യകരമാണെന്നാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന വിമര്‍ശനം. തെലങ്കാനയില്‍ ഭരിക്കുന്നത് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങള്‍ ഏറെയും.

Content Highlight: Mosques in Hyderabad covered with white cloth ahead of Ganesh processions