Advertisement
national news
മോദിയുടെ സന്ദര്‍ശനം; വാരണാസിയില്‍ പള്ളിക്ക് കാവി നിറമടിച്ച് യു.പി സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Dec 08, 02:53 am
Wednesday, 8th December 2021, 8:23 am

വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് യു.പിയില്‍ മുന്നോടിയായി മുസ്‌ലിം പള്ളിക്ക് അധികൃതര്‍ കാവി നിറം അടിച്ചതായി റിപ്പോര്‍ട്ട്.

കാശി വിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള റോഡിലുള്ള പള്ളിക്കാണ് കാവി നിറം പൂശിയതെന്ന് അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി പാനല്‍ അംഗം മുഹമ്മദ് ഇജാസ് ഇസ്‌ലാഹി പറഞ്ഞു.

പള്ളിക്ക് ആദ്യം വെള്ള നിറമായിരുന്നെന്നും അതില്‍ കാവി ചായം അടിച്ചത് മസ്ജിദ് കമ്മിറ്റിയുമായി കൂടിയാലോചിച്ചിട്ടില്ലെന്നും
ഗൂഢാലോചനയാണ് നടന്നതെന്നും ചൂണ്ടിക്കാട്ടി കാശി വിശ്വനാഥ ക്ഷേത്ര ഓഫീസില്‍ എതിര്‍പ്പ് സമര്‍പ്പിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.

ജില്ലാ മജിസ്ട്രേറ്റിന് മുമ്പാകെ എതിര്‍പ്പ് ഉന്നയിക്കാനും ശ്രമിച്ചെങ്കിലും അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞില്ലെന്ന് ഇസ്‌ലാഹി പറഞ്ഞു.

വിവാദത്തിന് പിന്നാലെ ബുലനാല പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പള്ളിക്ക് വീണ്ടും വെള്ള പെയിന്റ് അടിച്ചു. ഈ മാസം 13 നാണ് മോദി വാരണാസി സന്ദര്‍ശിക്കുന്നത്.

അതേസമയം, പള്ളിക്ക് കാവി നിറം അടിച്ചതിനെക്കുറിച്ച് പ്രതികരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. എന്നാല്‍ റോഡിലെ എല്ലാ കെട്ടിടങ്ങള്‍ക്കും ‘ഇളം പിങ്ക്’ നിറമുള്ള ഏകീകൃത നിറം നല്‍കുമെന്ന അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നു.

ശ്രീകോവിലിലേക്കുള്ള റോഡിലെ കെട്ടിടങ്ങള്‍ക്ക് ഏകീകൃത നിറം നല്‍കുമെന്ന് വാരണാസി ഡെവലപ്മെന്റ് അതോറിറ്റി (വി.ഡി.എ) സെക്രട്ടറിയും കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സുനില്‍ വര്‍മ പറഞ്ഞിരുന്നു.

‘ഇളം പിങ്ക്’ നിറമുള്ള മണല്‍ക്കല്ലിലാണ് ഈ പ്രദേശത്തെ മിക്ക ഘടനകളും നിര്‍മ്മിച്ചിരിക്കുന്നതെന്നും പ്രദേശത്തെ കെട്ടിടങ്ങള്‍ ഈ തീം ഉപയോഗിച്ചാണ് പെയിന്റ് ചെയ്യുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

 

Content Highlights: Mosque painted ‘saffron’ in Varanasi a week ahead of PM Modi’s visit