| Sunday, 30th July 2023, 5:17 pm

മോസ്‌കോയിലെ ഡ്രോണ്‍ ആക്രമണം; വ്‌നുക്കോവോ വിമാനത്താവളം താല്‍ക്കാലികമായി അടച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: മോസ്‌കോയില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് വ്‌നുക്കോവോ വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. വ്‌നുകോവോ വിമാനത്താവളം താല്‍ക്കാലികമായി അടച്ചതായും വിമാനങ്ങളെ വഴിതിരിച്ചുവിടാന്‍ നിര്‍ദേശം നല്‍കിയതായും റഷ്യന്‍ അധികൃതര്‍ അറിയിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

ഞായറാഴ്ച പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ രണ്ട് കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഒഡിറ്റ്‌സോവോ ജില്ലക്ക് മുകളില്‍ വന്ന ഡ്രോണ്‍ വെടിവെച്ചിട്ടതായും രണ്ട് ഡ്രോണുകള്‍ നിര്‍വീര്യമാക്കിയതായും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഡ്രോണുകള്‍ വന്ന് പതിച്ച് കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സി ടാസ് റിപ്പോര്‍ട്ട് ചെയ്തു.

രണ്ട് ഓഫീസ് കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി സിറ്റി മേയര്‍ സെര്‍ജി സോബിയാനിന്‍ പറഞ്ഞു. കെട്ടിടത്തിന്റെ നിരവധി ജനവാതിലുകള്‍ തകര്‍ന്നതും അവശിഷ്ടങ്ങള്‍ നിലത്ത് കിടക്കുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിലുണ്ട്.

പെട്ടെന്ന് ഒരു സ്‌ഫോടന ശബ്ദമുണ്ടാകുകയായിരുന്നെന്നും പിന്നീട് പുക ഉയരുന്നത് മാത്രമേ കാണാന്‍ സാധിക്കുന്നുണ്ടായിരുന്നുള്ളൂവെന്നും ദൃക്‌സാക്ഷി പറഞ്ഞതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന് പിന്നില്‍ ഉക്രൈന്‍ ആണെന്നാണ് റഷ്യ ആരോപിക്കുന്നത്. എന്നാല്‍ ഉക്രൈന്‍ അധികൃതര്‍ ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയിട്ടില്ല.

അതേസമയം, രാജ്യത്തെ സുമി നഗരത്തില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേറ്റതായും ഉക്രൈന്‍ അധിതൃതര്‍ പറഞ്ഞു. ആക്രമണത്തില്‍ കെട്ടിടം തകരുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ സപോരിജിയയില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായും ഉക്രൈന്‍ അധികൃതര്‍ പറയുന്നു.

Content Highlight: Moscow drone attack; Vnukkovo airport briefly shut down

We use cookies to give you the best possible experience. Learn more